മട്ടാഞ്ചേരി: 92ാം വയസ്സിലും പാഴ്വസ്തുക്കൾക്ക് പുതുരൂപം നൽകുകയാണ് എം.പി. ശിവാനന്ദ്. ഫോർട്ട്കൊച്ചി അമരാവതി ഗോപാലകൃഷ്ണൻ ടെമ്പിൾ റോഡിലെ പത്മവീട്ടിൽ ഒറ്റക്ക് കഴിയുന്ന ശിവാനന്ദ് സമയം ചെലവിടുന്നത് കടലാസുകൊണ്ട് സംഗീതോപകരണങ്ങൾ നിർമിച്ചാണ്. പ്രായത്തിൻെറ അവശതകളൊന്നും കരകൗശല നിർമാണത്തെ ബാധിച്ചിട്ടില്ല. ഗിറ്റാർ, വയലിൽ, ചെണ്ട, വീണ, തബല തുടങ്ങിയവകൊണ്ട് വീടിൻെറ മുറികൾ നിറഞ്ഞിരിക്കയാണ്. നിർമിതികളാകട്ടെ ഒറിജിനലിനെ വെല്ലുന്നവയും. വെള്ളക്കടലാസിൽ തീർത്ത താജ് മഹൽ, എക്സ് റേ ഫിലിമിൽ നിർമിച്ച ഹൗസ്ബോട്ട്, കെട്ടുവള്ളം, കോട്ടൺ തുണികൊണ്ട് നിർമിച്ച പ്രകൃതി ദൃശ്യം തുടങ്ങി ആ കരവിരുതിൽ വിരിഞ്ഞിരിക്കുന്നത് ആയിരക്കണക്കിന് കലാരൂപങ്ങളാണ്. കൊച്ചിയിൽ അക്കൗണ്ടന്‍റായിരുന്ന ശിവാനന്ദ് 1975ലാണ് മസ്കത്തിൽ ജോലിക്കായി പോയത്. ഒമ്പതു വർഷം മസ്കത്തിലുണ്ടായിരുന്നു. ഇവിടെ വിശ്രമവേളയിൽ തുടങ്ങിയതാണ് കലാരൂപ നിർമാണം. ഇതിനിടെയാണ് കേരളത്തിൽനിന്നുള്ള ഒരു നാടകസംഘം മസ്കത്തിൽ എത്തിയത്. ഇവർക്ക് നാടകരംഗത്തിനായി ചില വസ്തുക്കൾ നിർമിക്കാൻ ശിവാനന്ദിനെ സമീപിച്ചു. ഇതോടെ മസ്കത്തിലെ മലയാളികളുടെ നാടകങ്ങളിലും മറ്റും ശിവാനന്ദ് സ്ഥിരം സാന്നിധ്യമായി. പിന്നീട് കൊച്ചിയിൽ തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചപ്പോൾ അൽപം പിൻമാറിയെങ്കിലും ശാസ്ത്രവിഷയങ്ങൾക്ക് വസ്തുക്കൾ ഉണ്ടാക്കുന്നതിന് വിദ്യാർഥികൾ സഹായം തേടി വരുമ്പോൾ ആരെയും നിരാശപ്പെടുത്തിയിരുന്നില്ല. 2021 ജനുവരി 30ന് ഭാര്യ നീലംബാൾ എന്ന ശാന്ത മരിച്ചതോടെ വീട്ടിൽ ഏകനായ ശിവാനന്ദ് വീണ്ടും കലാരൂപങ്ങളുടെ നിർമാണം തുടങ്ങുകയായിരുന്നു. ചിത്രം : ശിവാനന്ദ് കടലാസും ഹാർഡ്ബോർഡും കൊണ്ട് സംഗീതോപകരണങ്ങൾ നിർമിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.