കൊച്ചി: 300 കോടിയിൽ യാഥാർഥ്യമാകുന്ന കൊച്ചി തുറമുഖ ട്രസ്റ്റിന്‍റെ രണ്ട് വൻ പദ്ധതി അവസാനഘട്ടത്തിൽ. പി.എം ഗതിശക്തി മൾട്ടി മോഡൽ കണക്ടിവിറ്റി മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായ മൾട്ടി യൂസർ ലിക്വിഡ് ടെർമിനൽ നിർമാണം, സൗത്ത് കോൾ ബെർത്തിന്‍റെ (എസ്.സി.ബി) പുനർനിർമാണം എന്നിവയാണ് പൂർത്തീകരണ ഘട്ടത്തിലുള്ളത്. പാചക വാതക മേഖലയിൽ നിർണായകമായേക്കാവുന്ന മൾട്ടി യൂസർ ലിക്വിഡ് ടെർമിനൽ ഈ വർഷം സെപ്റ്റംബറിൽ പൂർത്തിയാകുമെന്ന് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്‌സൻ ഡോ. എം. ബീന വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിലൂടെ എൽ.പി.ജി രംഗത്ത് കേരളം സ്വയംപര്യാപ്തത കൈവരിക്കും. 180 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ടെർമിനലിന്‍റെ നിർമാണം പൂർത്തിയായി. ജെട്ടിയുടെ ക്യാപിറ്റൽ ഡ്രഡ്‌ജിങ് മാത്രമാണ് ശേഷിക്കുന്നത്. 72.68 കോടിയാണ് ക്യാപിറ്റൽ ഡ്രഡ്ജിങ്ങിന്റെ ചെലവ്. നിലവിൽ കേരളത്തിന് ആവശ്യമുള്ള എൽ.പി.ജിയുടെ 90 ശതമാനവും മംഗളൂരുവിൽ നിന്നാണ് എത്തിക്കുന്നത്. പുതുവൈപ്പിലെ എൽ.പി.ജി ഇംപോർട്ട് പ്ലാന്‍റിന് ഏറ്റവും അനിവാര്യമായ പദ്ധതിയാണ് കൊച്ചി തുറമുഖ ട്രസ്റ്റ് യാഥാർഥ്യമാക്കുന്നത്. തുറമുഖ ട്രസ്റ്റിന്‍റെ രണ്ടാമത് പദ്ധതിയായ സൗത്ത് കോൾ ബെർത്തിന്‍റെ (എസ്.സി.ബി) പുനർനിർമാണം അടുത്തവർഷം ഏപ്രിലിൽ പൂർത്തിയാകും. ഫാക്ടിന് ആവശ്യമായ അമോണിയ കൈകാര്യം ചെയ്യുന്നതിനുള്ള സൗത്ത് കോൾ ബെർത്ത് 19.19 കോടി രൂപ ചെലവഴിച്ചാണ് പുനർനിർമിക്കുന്നത്. പ്രധാനമായും ഫാക്ടിനുവേണ്ടിയാണ് നിർമിക്കുന്നതെങ്കിലും മറ്റ് കെമിക്കൽ, ലിക്വിഡ് കാർഗോ നീക്കങ്ങളും ആവശ്യമെങ്കിൽ അനുവദിക്കും. സൗത്ത് കോൾ ബെർത്തിന്‍റെ പുനർനിർമാണം പൂർത്തിയാകുന്നതോടെ ഫാക്ടിന് ആവശ്യമായ അമോണിയ പൂർണതോതിൽ ലഭ്യമാക്കാൻ കഴിയും. ചരക്ക് നീക്കം സുഗമമാവുകയും ചരക്കുകൂലിയും സമയനഷ്ടവും കുറക്കാമെന്നതുമാണ് പദ്ധതികളുടെ പ്രധാന നേട്ടം. ഗുജറാത്ത് ആസ്ഥാനമായ ബിസാഗ് ആണ് ആവശ്യമായ ഡിജിറ്റൽ വിദ്യകൾ നൽകുന്നത്. ഭാസ്കരാചാര്യ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്‌പേസ് ആപ്ലിക്കേഷൻസ് ആൻഡ് ജിയോ ഇൻഫോമാറ്റിക്സ് അഡീഷനൽ ഡയറക്ടർ ജനറൽ വിനയ് താക്കൂർ, കൊച്ചിൻ പോർട്ട് ട്രാഫിക് മാനേജർ വിപിൻ ആർ. മേനോത്ത്, ഫാക്‌ട് എക്സിക്യൂട്ടിവ് ഡയറക്ടർ ടി.പി. അജിത്‌കുമാർ, ഐ.ഒ.സി ചീഫ് ജനറൽ മാനേജർ ആർ. രാജേന്ദ്രൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.