ദേശീയപാത നെടുമ്പാശ്ശേരി അത്താണി എം.എ.എച്ച്.എസ് സ്കൂളിന് സമീപം കെ.എസ്.ആർ.ടി.സി ബസ്

നിയന്ത്രണം വിട്ടുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ

ഡ്രൈവർക്ക് നെഞ്ചുവേദന; ബസ് അപകടത്തിൽപെട്ടു

അങ്കമാലി: ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് ദേശീയപാതയോരത്തെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഇടിച്ചുകയറി. ഡ്രൈവർ ആലപ്പുഴ സ്വദേശി കെ.എൻ. ജോഷിമോന് പരിക്കേറ്റു. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്.

തിങ്കളാഴ്ച രാവിലെ 7.10ന് നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്കൂളിന് സമീപമാണ് സംഭവം. ആലപ്പുഴ ഡിപ്പോയിൽനിന്ന് ശിവരാത്രി സ്പെഷൽ ഡ്യൂട്ടിക്കെത്തിയ ബസ് നിറയെ യാത്രക്കാരുമായി അങ്കമാലിയിൽനിന്ന് ആലുവയിലേക്ക് വരികയായിരുന്നു. കരിയാട് സ്റ്റോപ്പിൽനിന്ന് യാത്രക്കാരെ കയറ്റിയ ശേഷം പുറപ്പെട്ട ബസ് അത്താണിയിലെത്തുന്നതിന് മുമ്പ് തുരുത്തിശ്ശേരി സ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ടു. ആടിയുലഞ്ഞ് വലത്തോട്ട് നീങ്ങിയ ബസ് ദേശീയപാതയുടെ മധ്യഭാഗത്തെ മീഡിയനിൽ ഇടിച്ചുകയറിയ ശേഷം ഇടത്തോട്ട് തിരിഞ്ഞ് റോഡിന് കുറുകെ ഓടി വഴിയോരത്തെ ‘കേരള കിസാൻ കേന്ദ്ര’ എന്ന സ്ഥാപനത്തിൽ ഇടിച്ചാണ് നിന്നത്. ബസിലുണ്ടായിരുന്ന സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ വാവിട്ട് കരയുകയായിരുന്നു.

തുരുത്തിശ്ശേരി സ്റ്റോപ്പിൽ വിദ്യാർഥികളടക്കം നിരവധി പേരുണ്ടായിരുന്നുവെങ്കിലും അപകടത്തിന് തൊട്ടുമുമ്പ് മറ്റൊരു ബസിൽ കയറിപ്പോയതിനാലും റോഡിൽ വാഹനങ്ങൾ കുറവായതിനാലുമാണ് വൻ ദുരന്തം ഒഴിവായത്. ബസിന് തൊട്ട് പിറകിലുണ്ടായിരുന്ന ഓട്ടോ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ബസിനകത്തെ കമ്പിയിലും സീറ്റിലും തലയിടിച്ചും വീണും ഏതാനും യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവർ ജോഷിമോനെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബന്ധുക്കളെത്തി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ജോഷിമോൻ പതിവായി രക്തസമ്മർദത്തിന് മരുന്ന് കഴിക്കാറുണ്ടെന്ന് പറയുന്നു. അതേസമയം, ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. അപകടത്തിൽ സ്ഥാപനത്തിന്‍റെ മതിലും കാർഷിക ഉൽപന്നങ്ങളും മറ്റും തകർന്നു. 1.25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.

Tags:    
News Summary - Driver suffers chest pain; bus involved in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.