കൊച്ചി: കോതമംഗലം മാർത്തോമ ചെറിയ പള്ളി ഈ മാസം എട്ടിനകം ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയില്ലെങ്കിൽ കേന്ദ്ര സേന ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കുന്നത് ഹൈകോടതി ഡിവിഷൻ ബെഞ്ച് 15 വരെ നീട്ടി. സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് ടി.ആർ. രവി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻെറ ഉത്തരവ്. വിഷയം സംസ്ഥാന പരിധിയിലുള്ളതായതിനാൽ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പുനഃപരിശോധന ഹരജി നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിക്കുകയും ചെയ്തു. ഓർത്തഡോക്സ് വിഭാഗം വികാരി തോമസ് പോൾ റമ്പാൻ നൽകിയ കോടതിയലക്ഷ്യഹരജിയിലായിരുന്നു സിംഗിൾ ബെഞ്ചിൻെറ ഉത്തരവ്. സിംഗിൾ ബെഞ്ച് ഉത്തരവ് നടപടിക്രമം പാലിക്കാതെയാണെന്ന സർക്കാർ വാദവും കേന്ദ്രസേനയെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കണമെന്ന കോടതി നിർദേശവും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇതിന് ഹരജി ഈ മാസം 15ലേക്ക് മാറ്റി. സഭയിലെ ഇരുവിഭാഗം തമ്മിലെ തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇടപെട്ട് ചർച്ച നടത്തുന്നില്ലേയെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. എന്നാൽ, ഈ ചർച്ച ഒരുവിഭാഗം മാത്രം മുൻകൈയെടുത്ത് നടത്തുന്നതാണെന്ന് ഓർത്തഡോക്സ് വിഭാഗം അഭിഭാഷകൻ അറിയിച്ചു. ഓർത്തഡോക്സ് വിഭാഗം ഇതിൽ പങ്കെടുക്കുന്നില്ലെന്നും വിശദീകരിച്ചു. ഒരുസംവിധാനത്തിൽ വിശ്വാസം വേണമെന്നും വലിയ സംവിധാനത്തിലെ ഘടകങ്ങൾ മാത്രമാണ് നമ്മളെന്നും ഓർമിപ്പിച്ച കോടതി, പ്രശ്നം ആരുടെയും വിജയത്തിൻെറയും പരാജയത്തിൻെറയും വിഷയമല്ലെന്നും വ്യക്തമാക്കി. പള്ളിയെന്നാൽ ക്രിസ്തുശരീരമാണെന്ന ബൈബിൾ വചനം ഉദ്ധരിച്ച കോടതി, വിധി ബോധപൂർവം നടപ്പാക്കാതിരിക്കുന്നുണ്ടോയെന്നും ആരാഞ്ഞു. വിഷയം പരിഹരിക്കാൻ മുഖ്യമന്ത്രി മൂന്നുതവണ ചർച്ച നടത്തിയതായി സ്റ്റേറ്റ് അറ്റോണി അറിയിച്ചു. അതിനാലാണ് പ്രശ്നപരിഹാരത്തിന് മൂന്നുമാസത്തെ സമയം തേടുന്നത്. സംസ്ഥാനം ആവശ്യപ്പെട്ടാൽ മാത്രമേ കേന്ദ്രത്തിന് സഹായിക്കാനാകൂവെന്ന നിലപാടാണ് കേന്ദ്രസർക്കാർ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.