പിറവം ബി.പി.സി.കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ: 14 പേർ ആശുപത്രിയിൽ

പിറവം: ബി.പി.സി കോളജ് ഹോസ്റ്റൽ കാന്‍റീനിൽ ഭക്ഷ്യവിഷബാധയേറ്റ് 14 വിദ്യാർഥിനികൾ ആശുപത്രിയിൽ. ഒൻപതു പേരെ പിറവം താലൂക്ക്​ ആശുപത്രിയിലും അഞ്ചു പേരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. നിർത്താതെയുള്ള ഛർദിയെ തുടർന്ന് അവശതയിലായ അഞ്ചു പേരെയാണ്​ കോലഞ്ചേരിയിലേക്ക്​ മാറ്റിയത്​. ഞായറാഴ്ച രാവിലെ കാന്‍റീനിൽ നിന്നും ഉപ്പുമാവ്​ കഴിച്ച മുഴുവൻ കുട്ടികൾക്കും വിഷബാധയേറ്റതിനെ തുടർന്ന്​ ഛർദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. വിവരം പുറത്തറിഞ്ഞതോടെ കുട്ടികളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഞായറാഴ്ചയായിരുന്നതിനാൽ താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത്​ അടിയന്തര ചികിത്സ നൽകുന്നതിനെ പ്രതികൂലമായി ബാധിച്ചു. മോശമായ ഭക്ഷണമാണ് വിഷബാധക്ക്​ കാരണമെന്നും മുമ്പും ഇവിടെ ഭക്ഷണത്തിൽ വിഷബാധ ഉണ്ടായിട്ടുള്ളതാണെന്നും​ വിദ്യാർഥിനികൾ പറഞ്ഞു​. നഗരസഭ അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എത്തും മുമ്പ്​ തന്നെ ഭക്ഷണ അവശിഷ്ടങ്ങൾ മാറ്റിയതായി കൗൺസിലർ അഡ്വ: വിമൽ ചന്ദ്രൻ പറഞ്ഞു. വിദഗ്ധ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.