റോഡിലെ കുഴിയിൽ വീണ്​ സ്ത്രീയുടെ കാലൊടിഞ്ഞ സംഭവം കുഴിയിൽ പഴിചാരി തടിയൂരാൻ അധികൃതർ​

കൊച്ചി: നഗരത്തിൽ റോഡിലെ കുഴിയിൽ വീണ വീട്ടമ്മയുടെ കാലൊടിഞ്ഞു. എബ്രഹാം മാടമാക്കൽ റോഡിൽ ഓടയിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച കുഴിയിൽ വീണ്​ പൊന്നാരിമംഗലം മുളവുകാട് കുയിലത്തു പ്രകാശ‍ൻെറ ഭാര്യ പ്രമീളയു​ടെ (56) ഇരുകാലും ഒടിയുകയായിരുന്നു. എന്നാൽ, റോഡ്​ നന്നാക്കാനുള്ള ബാധ്യത തങ്ങൾക്കല്ലെന്ന്​ വ്യക്തമാക്കി കോർപറേഷൻ രംഗത്തെത്തി. സംഭവത്തിൽ ദുരൂഹതയുള്ളതായി കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡും (സി.എസ്.എം.എൽ) പറഞ്ഞു.​ സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. നഗരസഭ സെക്രട്ടറിയും ജില്ല പൊലീസ് മേധാവിയും അന്വേഷണം നടത്തി മേയ് 23നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ആവശ്യപ്പെട്ടു. ഈ മാസം ഏഴിന്​ ഉച്ചക്ക്​ 12ഓടെയാണ്​ പഴയ ഹൈകോടതി കെട്ടിടത്തിന് സമീപത്തെ നേവി ക്വാർട്ടേഴ്സിന് മുന്നിലെ കുഴിയിൽ ​പ്രമീള വീണത്​. നടപ്പാതയിലെ പെട്ടിക്കടയിൽനിന്ന് സർബത്ത് കുടിച്ചശേഷം കാൽ വെച്ചത് കുഴിയിലേക്കാണ്​. വഴിയാത്രക്കാർ കുഴിയിൽനിന്ന് കയറ്റിയെങ്കിലും രണ്ടു കാലിലും നീരുവന്നതോടെ മുളവുകാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. കാലിൽ ഒടിവു കണ്ടെത്തിയതിനെത്തുടർന്ന്​ സ്വകാര്യ ആശുപത്രിയിലെത്തി പ്ലാസ്റ്ററിട്ടു. കിടക്കയിൽനിന്ന്​ അനങ്ങാത്ത വിധം വിശ്രമം വേണമെന്നാണ്​ ഡോക്ടർ നിർദേശിച്ചിരിക്കുന്നത്​. തയ്യൽ ജോലിക്കാരിയായിരുന്ന ഇവർക്ക്​ തൊഴിൽ നഷ്ടമായെന്ന്​ മാത്രമല്ല, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കണമെങ്കിൽപോലും മറ്റൊരാളുടെ സഹായം വേണ്ടതിനാൽ ഭർത്താവിനും​ ജോലിക്ക്​ പോകാനാവാത്ത അവസ്ഥയിലാണ്​. മൂന്നുദിവസം മുമ്പ് കോർപറേഷൻ സെക്രട്ടറിക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന്​ പ്രമീള പറഞ്ഞു. റോഡ്​ പൊതുമരാമത്ത് വകുപ്പി‍ൻെറ കീഴിലുള്ളതാണെന്നാണ്​ കോർപറേഷൻ മേയർ പറയുന്നത്​. എബ്രഹാം മാടമാക്കൽ റോഡി‍ൻെറ നവീകരണം ഏറ്റെടുത്തിരിക്കുന്നത് സി.എസ്.എം.എൽ ആണ്. അപകടത്തി‍ൻെറ ഉത്തരവാദിത്തം കോർപറേഷ‍ൻെറ തലയിൽ ചുമത്താൻ ബോധപൂർവം ശ്രമം നടത്തുകയാണെന്നും മേയർ പറയുന്നു. എന്നാൽ, ഏഴിന്​ നടന്ന സംഭവത്തിൽ ഇപ്പോൾ പരാതി നൽകിയതിൽ ദുരൂഹതയുണ്ടെന്ന്​ സി.എസ്​.എം.എൽ ആരോപിക്കുന്നു. ഡ്രെയിനേജിനോട് ചേർന്ന്​ സ്ഥാപിച്ച ചെറിയ സുഷിരത്തിൽ വീണ്​ ഇത്രയും ഗുരുതര പരിക്കേ​റ്റെന്ന വാദം വിശ്വസിക്കാനാവില്ല. അപകടം മറ്റേതെങ്കിലും രൂപത്തിൽ സംഭവിച്ചതാകാമെന്നും സി.എസ്​.എം.എൽ പറയുന്നു. ഫുട്​പാത്തിനു താഴെ ഓടയിലേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള കുഴികൾ ഇപ്പോഴും തുറന്നു കിടക്കുകയാണെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമീഷ‍‍ൻെറ ഉത്തരവ്​. സ്മാർട്ട് റോഡിലെ കുഴിയിൽ വീണ് വഴിയാത്രക്കാരിയുടെ കാലൊടിഞ്ഞ സംഭവം നഗരത്തിന്​ നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് ആന്‍റണി കുരീത്തറ ആരോപിച്ചു. കോർപറേഷൻ ഓഫിസിന് മുന്നിൽ നടന്ന യു.ഡി.എഫ് പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഴക്കാലത്തിനുമുമ്പ്​ കുഴി അടക്കൽ ജോലികളും കാന ശുചീകരണം, മരച്ചില്ല വെട്ടൽ ജോലികളും ​പൂർത്തിയാക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.