പിഴ ഈടാക്കിയ പാറമടയില്‍ അനധികൃത ഖനനം തുടരുന്നതിനെതിരെ നടപടി വേണം

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ പെരുമാനിയില്‍ നെടുമ്പിള്ളില്‍ ഗ്രാനൈറ്റ്‌സ് എന്ന പാറമടയിലെ അനധികൃത പാറ ഖനനത്തിനെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍. 1523 മെട്രിക് ടണ്‍ അധികമായി ഖനനം ചെയ്തതിനാല്‍ പിഴ ഈടാക്കിയ ഇവിടെ വീണ്ടും അനധികൃത പാറഖനനം നടത്തുന്നതിനെതിരെ പരിസരവാസികള്‍ ജില്ല ജിയോളജിസ്റ്റിന് പരാതി നല്‍കി. ജനവാസ മേഖലയില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ഖനനം ചെയ്യുന്നതുമൂലം പാറക്കഷണങ്ങള്‍ സമീപ പുരയിടങ്ങളിലേക്ക് തെറിച്ചുവീഴുന്നത് നിത്യസംഭവമാണ്. ഉഗ്രശേഷിയുള്ള പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് പാറ പൊട്ടിക്കുമ്പോള്‍ വീടുകള്‍ക്ക് ഇളക്കംതട്ടുകയും ഭിത്തികള്‍ക്ക് വിള്ളല്‍ വീഴുകയും ചെയ്യുകയാണ്​. നിയമം ലംഘിച്ച് ആഴത്തില്‍ പൊട്ടിക്കുന്നതിനാല്‍ സമീപ കിണറുകളില്‍ വെള്ളം വറ്റുകയാണ്​. പെരുമാനി പെരിയാര്‍വാലി ഹൈലെവല്‍ കനാലിന് സമീപത്തുള്ള പാറമടയില്‍ പാറ പൊട്ടിക്കുന്നത് കനാല്‍ ബലക്ഷയത്തിനും കാരണമായിട്ടുണ്ട്​. സമീപവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ല മൈനിങ് ആൻഡ്​ ജിയോളജി വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ അനധികൃത ഖനനം കണ്ടെത്തിയതിനെത്തുടർന്ന്​ 1.34 ലക്ഷം രൂപ പിഴ അടക്കാന്‍ നിർദേശിച്ചിരുന്നു. 2021 ഫെബ്രുവരി മൂന്നിന് ഉടമ പിഴ അടക്കുകയും ചെയ്തു. പാറമടയുടെ ലൈസന്‍സ് 2020ല്‍ അവസാനിച്ചതാണെങ്കിലും ഖനനം ഇപ്പോഴും തുടരുകയാണ്. ഇതിനെതിരെ നാട്ടുകാര്‍ വെങ്ങോല പഞ്ചായത്തില്‍ പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാല്‍ കുന്നത്തുനാട് താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റിക്ക് പരാതി നൽകി. പാറമടയുടെ പ്രര്‍ത്തനം എത്രയുംവേഗം നിർത്തിവെപ്പിക്കണമെന്ന്​ സമീപവാസികള്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.