യു.ഡി.എഫ് സ്ഥാനാർഥി അൻവർ സാദത്ത് ചാണ്ടി ഉമ്മൻ എം.എൽ.എയോടൊപ്പം ചെങ്ങമനാട് പഞ്ചായത്തിൽ പര്യടനം നടത്തുന്നു, എൽ.ഡി.എഫ് ആലുവ മണ്ഡലം സ്ഥാനാർഥി അഡ്വ. എ.എം. ആരിഫിന്റെ റോഡ് ഷോ സി.പി.എം ജില്ല സെക്രട്ടറി എസ്. സതീഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

ആലുവയിൽ ആവേശത്തിരയിളക്കം തീർത്ത് പര്യടന സമാപനം

ആലുവ: നിയോജക മണ്ഡലത്തിൽ ആവേശത്തിരയിളക്കം തീർത്ത് സ്ഥാനാർഥികളുടെ പര്യടന സമാപനം. ദിവസങ്ങളായി തുടരുന്ന വാഹന പര്യടനത്തിന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഗംഭീര സമാപനമാണ് ഇടത് വലത് മുന്നണികൾ നടത്തിയത്.

നൂറു കണക്കിന് ബൈക്കുകളും മറ്റു വാഹനങ്ങളും പര്യടനത്തിന് അകമ്പടിയേകി. എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. എ.എം. ആരിഫിന്റെ പര്യടന സമാപനം ആലുവ നഗരത്തിൽ നടത്തിയപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി അൻവർ സാദത്ത് സ്വന്തം തട്ടകമായ ചെങ്ങമനാട് പഞ്ചായത്തിലാണ് പര്യടന സമാപനം നടത്തിയത്.

എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. എ.എം. ആരിഫിന്റെ റോഡ് ഷോ ആലുവയെ ചെമ്പട്ട് പുതപ്പിച്ചു. ആരിഫിന് വോട്ടഭ്യർത്ഥിച്ചുള്ള ടീഷർട്ട് അണിഞ്ഞ് നൂറുകണക്കിന് പ്രവർത്തകർ ഇരു ചക്രവാഹനങ്ങളിൽ അണിനിരന്നു. വാദ്യമേളങ്ങളുടെയും ഡി.ജെ വാഹനത്തിന്റെയും അകമ്പടിയോടെ നടന്ന റോഡ് ഷോ ആലുവ നഗരത്തെയും സമീപ പഞ്ചായത്തുകളെയും ഇളക്കിമറിച്ചു. തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് ആലുവ മുനിസിപ്പൽ മാഹാത്മാഗാന്ധി ടൗൺഹാളിന് മുന്നിൽ നിന്ന് ആരംഭിച്ച റോഡ് ഷോ സി.പി.എം ജില്ല സെക്രട്ടറി എസ്. സതീഷ് ഫ്ലാഗ് ഓഫ് ചെയ്തു.

കാരോത്തുകുഴി, മുട്ടം യാർഡ്, കുന്നത്തേരി, നൊച്ചിമ കോമ്പാറ, എടത്തല മലയപ്പള്ളി, ചൂണ്ടി, ജി.ടി.എൻ ജങ്ഷൻ, കീഴ്മാട് കുന്നുംപുറം, മഹിളാലയം, ചൊവ്വര, ശ്രീമൂലനഗരം തെക്കേ അങ്ങാടി, കാഞ്ഞൂർ, തുറവങ്കര, എയർപോർട്ട്, കരിയാട്, അത്താണി, ദേശം കവല, കുന്നുംപുറം, പറവൂർ കവല എന്നിവിടങ്ങളിൽ അഭിവാദ്യം ഏറ്റുവാങ്ങി ആലുവ ബാങ്ക് കവലയിൽ എത്തിയശേഷം പ്രകടനത്തോടെ മുനിസിപ്പൽ ടൗൺ ഹാളിന് മുന്നിൽ സമാപിച്ചു. എൽ.ഡി.എഫ് കൺവീനർ എം.എ. അബ്ദുൽ ഖാദർ, സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. വി. സലിം, ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.എം. സഹീർ എന്നിവർ നേതൃത്വം നൽകി.

തിങ്കളാഴ്ച രാവിലെ സ്ഥാനാർഥി എ.എം. ആരിഫ് കാഞ്ഞൂരിൽ ആരാധനാലയങ്ങളും സ്ഥാപനങ്ങളും സന്ദർശിച്ചു. വെള്ളാരപ്പിള്ളിയിൽ കടകളും കമ്പനികളും സന്ദർശിച്ചു. എടത്തല കുർളാട് കടകളും സ്ഥാപനങ്ങളും വ്യക്തികളെയും സന്ദശിച്ചു. ചുണങ്ങംവേലി പള്ളി ഹാളിൽ നടന്ന കുടുംബ ആഘോഷ ചടങ്ങുകളിലും പങ്കെടുത്തു. ആലുവയിലും ചുണങ്ങംവേലിയിലും മരണ വീട്ടിൽ ആശ്വാസവുമായെത്തി. പരസ്യപ്രചരണത്തിന്റെ സമാപന ദിവസമായ ചൊവ്വാഴ്ച രാവിലെ മുതൽ ആലുവയിലും മണ്ഡലത്തിലെ പഞ്ചായത്തുകളിലും വോട്ട് അഭ്യർഥിക്കും. തുടർന്ന് കലാശക്കൊട്ടിൽ പങ്കെടുക്കും.

യു.ഡി.എഫ് സ്ഥാനാർഥി അൻവർ സാദത്തിന്റെ വാഹന പര്യടനത്തിന്റെ കലാശനാളിൽ കൊട്ടും പാട്ടുമായി വോട്ടുജാഥ പ്രചാരണത്തിന്റെ പടയോട്ടമായി. കാതടപ്പിക്കുന്ന പടഹധ്വനിയും വാദ്യഘോഷവും കുറിക്കു കൊള്ളുന്ന പാരഡികളുമായി ഓരോ സ്വീകരണ കേന്ദ്രത്തിലുമെത്തിയ പര്യടനം നാടിന് പൂര പ്രതീതിയായി. തിങ്കളാഴ്ച രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്

പര്യടനം ഉദ്ഘാടനം ചെയ്തത്. പ്രതിപക്ഷ നേതാവിനൊപ്പം റോഡ് ഷോയായാണ് പര്യടനം ആരംഭിച്ചത്. പ്രതിപക്ഷ നേതാവിനെ യാത്രയാക്കിയ ശേഷം കുന്നുംപുറം, അമ്പാട്ടുപള്ളം തലക്കൊള്ളി, ചുങ്കം കവല വഴി പാല പ്രശേരിക്കാണ് യാത്ര ചെയ്തത്. ഹാരാർപ്പണം നീളുന്നതനുസരിച്ച് പര്യടനം ഓരോ കേന്ദ്രത്തിലും നിശ്ചയിച്ചുറപ്പിച്ചതിനേക്കാൾ സമയമെടുത്തു.

തേറാട്ടിക്കുന്ന്, കുളവൻകുന്ന്, ആശുപത്രിപ്പടി വഴി പറമ്പയത്തെത്തിയപ്പോൾ ഉച്ച ഭക്ഷണത്തിന് നേരമായി. വിശ്രമത്തിനുശേഷം കപ്രശ്ശേരി ഓട്ടോസ്റ്റാൻഡ്, മഠത്തി മൂല, തെക്കുമുറി വഴി ഇട റോഡുകളും ചെറു പാതകളും ചുറ്റിയുളള പര്യടനം ഏവരെയും ചേർത്തുപിടിക്കും വിധമായിരുന്നു.

എസ്.എൻ.ഡി.പി, പള്ളിപ്പടി, വെണ്ണിപ്പറമ്പ് വഴി യാത്ര ചെയ്യുന്നതിനിടെ പലരും ആശ്ലേഷവുമായെത്തി. പുറയാർ മേൽപാലത്തിനായി തുക അനുവദിച്ചതടക്കം മണ്ഡലത്തിൽ നടപ്പാക്കിയ 1991 കോടി രൂപയുടെ വികസനം എം.എൽ.എ അക്കമിട്ട് നിരത്തി. പത്തു വർഷമായി പ്രതിപക്ഷത്തുള്ള തനിക്ക് ഇത്രയും തുക മണ്ഡലത്തിനായി നേടിയെടുക്കാനായത് ജനങ്ങളുടെ സഹകരണം കൊണ്ടു കൂടിയാണെന്നും സ്ഥാനാർഥി വ്യക്തമാക്കി.

ഇതിനിടയിൽ ഏറെ നേരം ചാണ്ടി ഉമ്മൻ എം.എൽ.എയും പര്യടനത്തിൽ പങ്കെടുത്തു. കടന്നോത്ത്, തുരുത്ത് വടക്ക് മുക്ക് വഴി പാണ്ടിപ്പുഴയിൽ വാദ്യഘോഷങ്ങളുടെയും ഡി.ജെ ഫ്ലോട്ട് പാർട്ടിയുടെ അകമ്പടിയോടെയായിരുന്നു വാഹന പര്യടനത്തിന്റെ വർണാഭ സമാപനം.

യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, കൺവീനർ എം.കെ.എ. ലത്തീഫ്, മുൻ എം.എൽ.എ പി.ജെ. ജോയി, എം.ഒ. ജോൺ, വി.പി. ജോർജ്, തോപ്പിൽ അബു, ബാബു പുത്തനങ്ങാടി, പി.എൻ. ഉണ്ണികൃഷ്ണൻ, എ.സി. ശിവൻ, കൃഷ്ണകുമാർ, കെ.എം. അബ്ദുൽ ഖാദർ, ജെർളി കപ്രശ്ശേരി, ഡോമിനിക് കാവുങ്കൽ, ശ്രീദേവി മധു, സെബ മുഹമ്മദാലി, ഹനീഫ ഞറളങ്ങാടൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പര്യടനത്തെ അനുഗമിച്ചു.

Tags:    
News Summary - Campaign concludes in Aluva amidst a wave of excitement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.