കീഴ്മാട്: പഞ്ചായത്തിൽ കെ-റെയിൽ സർവേ കല്ലിടൽ നാട്ടുകാർ തടഞ്ഞു. ചൊവ്വര ഫെറിയിൽ വ്യാഴാഴ്ച ഉച്ചക്കുശേഷം വൻ പൊലീസ് സന്നാഹവുമായി കല്ലിടാൻ എത്തിയ സംഘത്തെയാണ് തടഞ്ഞത്. സ്വകാര്യ പറമ്പുകളിൽ കല്ലിടാനുള്ള ശ്രമമാണ് എതിർത്തത്. ഫെറിയിലെ സർക്കാർ ആയുർവേദ ആശുപത്രി വളപ്പിന്‍റെ മതിലുചാടി കല്ലിടാനുള്ള ശ്രമവും അനുവദിച്ചില്ല. പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ അനുരഞ്ജന ശ്രമത്തിനും നാട്ടുകാർ വഴങ്ങിയില്ല. പൊതുസ്ഥലത്ത് വേണമെങ്കിൽ കല്ല് സ്ഥാപിക്കാമെന്നും സ്വകാര്യ ഭൂമികളിൽ അനുവദിക്കില്ലെന്നുമുള്ള തീരുമാനത്തിൽ സമരക്കാർ ഉറച്ചുനിന്നു. ഇതേതുടർന്ന് പൊതുസ്ഥലത്ത് മാത്രം രണ്ട് കല്ല് സ്ഥാപിച്ചു. പുഴയോരത്തും അംഗൻവാടിക്ക് മുന്നിലുമാണ് കല്ലുകൾ സ്ഥാപിച്ചത്. സർവേ സംഘം എത്തിയപ്പോഴേക്കും ആയുർവേദ ആശുപത്രി അടച്ച് ജീവനക്കാർ പോയിരുന്നു. ഗേറ്റ് പൂട്ടിയിരുന്നതിനാലാണ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ചത്. എന്നാൽ, ഇതിനെ നാട്ടുകാർ എതിർക്കുകയായിരുന്നു. 2018 ലെ പ്രളയദുരന്തം ഏറ്റവും ബാധിച്ച ആലുവ മേഖലയിൽ ഇത്തരമൊരു പദ്ധതിയുമായി വരാൻ ജനദ്രോഹ ഭരണാധികാരികൾക്കേ കഴിയൂവെന്ന് തടയലിന് നേതൃത്വം നൽകിയ ഐക്യദാർഢ്യ സമിതി നേതാക്കൾ ചൂണ്ടിക്കാട്ടി. ജില്ല പഞ്ചായത്ത് അംഗം സനിത റഹീം, പഞ്ചായത്ത് അംഗങ്ങളായ റസീല ഷിഹാബ്, സതീശൻ കുഴിക്കാട്ടുമാലിൽ, ആബിദ അബ്ദുൽ ഖാദർ, പഞ്ചായത്ത് മുൻ അംഗം പി.എ. മുജീബ്, സമരസമിതി ഭാരവാഹികളായ അബൂബക്കർ ചെന്താര, എ.എം. ഇസ്മായിൽ, ഫാത്തിമ അബ്ബാസ്, കെ.കെ. ശോഭ, ടി.എസ്. ഷറഫുദ്ദീൻ, കരീം കല്ലുങ്കൽ, ഷമീർ കല്ലുങ്കൽ, മാരിയ അബു, വി.എ. മുസ്തഫ, റഷീദ് എടയപ്പുറം, പി.പി. മുഹമ്മദ്, എ.ജി. അജയൻ, കെ.പി. സാൽവിൻ, അക്സർ അമ്പലപ്പറമ്പ് എന്നിവർ നേതൃത്വം നൽകി. ക്യാപ്‌ഷൻ ea yas9 k rail കീഴ്മാട് പഞ്ചായത്തിലെ ചൊവ്വര ഫെറിയിൽ കെ-റെയിലിന് സർവേ കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാർ തടയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.