മൂന്നുവയസ്സുകാരിക്ക് പരിക്ക്​: ഫോറൻസിക് ഡോക്ടർമാർ മുറിവുകൾ പരിശോധിക്കും

കാക്കനാട്: മൂന്നുവയസ്സുകാരിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കോലഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടും വ്യക്തത വരാതെ പൊലീസ്. കുട്ടിയുടെ മാതൃസഹോദരിയുടെ 10 വയസ്സുകാരനായ മകന്‍റെ മൊഴിയാണ്​ ഒടുവിൽ എടുത്തത്. ഇതിലും സംശയിക്കത്തക്ക വിവരങ്ങൾ ഇല്ലെന്നാണ് സൂചന. അതേസമയം, കുട്ടിയുടെ ശരീരത്തിലെ മുറിവുകളെക്കുറിച്ച് പഠിക്കാൻ ഫോറൻസിക് ഡോക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹൈപർ ആക്ടിവ് ആയ കുട്ടി സ്വയം എടുത്തുചാടിയപ്പോൾ ഉണ്ടായ മുറിവുകളാണ് എന്നായിരുന്നു മാതാവും മുത്തശ്ശിയും ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നത്. കുട്ടിയുടെ ശരീരത്തിലെ മുറിവുകളെപ്പറ്റി പഠിച്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ഫോറൻസിക് ഡോക്ടർമാരുടെ സഹായം തേടിയത്. അതേസമയം, കുട്ടിയുടെ മാതൃസഹോദരിയുടെ മകന്‍റെ സംരക്ഷണച്ചുമതല നിലവിൽ ശിശു സംരക്ഷണ സമിതി പ്രവർത്തകർക്കാണ്. ഇവരുടെ സഹായത്തോടെയായിരുന്നു മൊഴിയെടുത്തതും. ഇതുവരെയുള്ള അന്വേഷണത്തിൽ സംഭവവുമായി ബന്ധപ്പെട്ട് നേരത്തേമുതൽ ആരോപണ നിഴലിലായിരുന്ന മാതൃസഹോദരിയുടെ പങ്കാളിക്കെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ, ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് നിർദേശം അവഗണിക്കുകയും സംസ്ഥാനം വിടുകയും ചെയ്ത സംഭവത്തിൽ ഇനിയും വ്യക്തത ലഭിക്കാത്തതിനാൽ കേസ് ആകെ കുഴഞ്ഞുമറിഞ്ഞ സ്ഥിതിയിലാണ്. ഗുരുതരാവസ്ഥ തരണം ചെയ്ത കുട്ടി ഇപ്പോഴും ചികിത്സയിലാണ്. ആവശ്യമായ സംരക്ഷണം നൽകാത്തതിന് ബാലാവകാശ നിയമപ്രകാരം കുട്ടിയുടെ അമ്മയുടെ പേരിൽ മാത്രമാണ് നിലവിൽ കേസുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.