മൂക്കുത്തി സമരത്തിൻെറ ഓർമ പുതുക്കി 'മൂക്കുത്തിപ്പാട്ട്' ആലപ്പുഴ: കേരള നവോത്ഥാന ചരിത്രത്തിൽ വിപ്ലവം രചിച്ച മൂക്കുത്തി സമരത്തെ അധികരിച്ച് മൂക്കുത്തിപ്പാട്ട് തയാറായി. ജാതിമേധാവിത്വത്തിനെതിരെ പൊരുതിയ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ നേതൃത്വത്തിൽ 1860ൽ നടന്ന കോളിളക്കം സൃഷ്ടിച്ച മൂക്കുത്തി സമരത്തിൻെറ ഓർമകൾ പുതുക്കുന്ന 'മൂക്കുത്തി' ലിറിക് വിഡിയോ വേലായുധപ്പണിക്കർക്കുള്ള ആദരംകൂടിയാണെന്ന് രചന നിർവഹിച്ച കഥാകൃത്തും കവിയുമായ സി.പി. ബൈജു 'മാധ്യമ'ത്തോട് പറഞ്ഞു. കാലഘട്ടത്തിൻെറ ആവശ്യകതയായ സ്ത്രീമുന്നേറ്റത്തിന് കരുത്തുപകരുന്ന ഗാനം ആലപിക്കാനായതിൽ സന്തോഷമുണ്ടെന്ന് പിന്നണി ഗായിക പുഷ്വതിയും കൂട്ടിച്ചേർത്തു. ജാതിയിൽ ഉയർന്നവർക്ക് മാത്രമേ മൂക്കുത്തി ധരിക്കാവൂവെന്ന തീട്ടൂരത്തിന് വിരുദ്ധമായി പന്തളത്ത് മൂക്കുത്തി ധരിച്ച് പണിക്കെത്തിയ തൊഴിലാളിസ്ത്രീയെ പരസ്യമായി അപമാനിച്ച മേലാളന്മാർ അവരുടെ മൂക്കുത്തി ബലമായി പറിച്ചെടുത്തു. മുറിഞ്ഞ മൂക്കുമായി അവരും മറ്റ് സ്ത്രീകളും ഓടിരക്ഷപ്പെടേണ്ടിവന്ന സംഭവം അറിഞ്ഞ് കുതിച്ചെത്തിയ ആറാട്ടുപുഴ വേലായുധപ്പണിക്കർ പിറ്റേന്ന് പൊതുവീഥിയിലൂടെ നിരവധി സ്ത്രീകൾക്കുവേണ്ടി മൂക്കുത്തി പണിത്, അവ അണിഞ്ഞ് പ്രകടനം നടത്തിച്ചു. അവർക്ക് സംരക്ഷണമൊരുക്കി കുതിരപ്പുറത്ത് േവലായുധപ്പണിക്കരുമുണ്ടായിരുന്നു. പ്രതിഷേധാഗ്നി ജ്വലിച്ചുനിന്ന ജാഥക്കുനേരെ ചെറുവിരലനക്കാൻപോലും ആർക്കും ധൈര്യമുണ്ടായിരുന്നില്ല. പണിക്കർക്കും സ്ത്രീകളുടെ പോരാട്ടവീറിനും മുന്നിൽ മേലാളവർഗം പത്തിമടക്കിയെന്നാണ് ചരിത്രം. പിന്നീടൊരിക്കലും മൂക്കുത്തി ഇടാൻ ഒരു കേരളീയവനിതക്കും വിലക്കുണ്ടായില്ലെന്നത് ആ സമരത്തെ നവോത്ഥാന ചരിത്രത്തിലെ തിളങ്ങുന്ന ഒരധ്യായമാക്കി. കേരള നവോത്ഥാന സമരത്തിൻെറ ആദ്യ രക്തസാക്ഷികൂടിയായാണ് ചരിത്രം വേലായുധപ്പണിക്കരെ അടയാളപ്പെടുത്തുന്നത്. 1825 ജനുവരി ഏഴിന് ജനിച്ച പണിക്കരെ 1874 ജനുവരി മൂന്നിന് കായംകുളം കായലിലൂടെ ബോട്ടിൽ കൊല്ലത്തേക്ക് പോകുമ്പോൾ ശത്രുക്കൾ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിൻെറ ജനനവും മരണവും സംഭവിച്ച ജനുവരിയിൽതന്നെയാണ് ആൽബം പ്രകാശിതമാകുന്നത്. അന്ധകാരത്തിൻെറ ലോകത്തുനിന്ന് നവോത്ഥാനത്തിൻെറ വെളിച്ചത്തിലേക്ക് നയിച്ച മൂക്കുത്തി സമരത്തിൻെറ ഓർമകളാണ് പാട്ടിലൂടെ ഇതൾ വിടർത്തുന്നത്. മൂക്കുത്തി പറിച്ചെറിയപ്പെട്ട് മൂക്ക് മുറിഞ്ഞ് കരഞ്ഞുകൊണ്ട് ഓടിപ്പോയ അന്നത്തെ ആ സ്ത്രീയുടെ ഇന്നത്തെ തലമുറയിലെ പെൺകുട്ടിയുടെ ചിന്തകളിലൂടെയാണ് 'മൂക്കുത്തിപ്പാട്ട്' മുന്നേറുന്നത്. എല്ലാവർക്കും മൂളി നടക്കാനും ഹൃദയത്തിൽ സൂക്ഷിക്കാനുമുള്ള ഒന്നായിരിക്കും 'മൂക്കുത്തിപ്പാട്ട്' എന്ന് ആൽബത്തിൻെറ നിർമാതാക്കളായ ഷിബിൽ ഷാ പെരിന്തൽമണ്ണ, ജിഷ്ണു പി.കെ കരിക്കാട് എന്നിവർ പറഞ്ഞു. 11ന് കവി ആലങ്കോട് ലീലാകൃഷ്ണൻ ആൽബം യൂട്യൂബിൽ റിലീസ് ചെയ്യും. പാട്ടിൻെറ ലോഞ്ചിങ് പോസ്റ്റർ നടി നിലമ്പൂർ ആയിഷ ഒക്ടോബർ 18ന് ഓൺലൈനിൽ നിർവഹിച്ചിരുന്നു. നാരായണഗുരു 1888ൽ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തുന്നതിന് 36 വർഷം മുമ്പ് 1852ൽ അവർണർക്കായി ക്ഷേത്രം പണിത് ശിവനെ പ്രതിഷ്ഠിച്ച് മറ്റൊരു വിപ്ലവവും രചിച്ചിട്ടുള്ളയാളാണ് വേലായുധപ്പണിക്കർ. -വി.ആർ. രാജമോഹൻ പടംAPG 50 ആറാട്ടുപുഴ വേലായുധപ്പണിക്കർ APG51 ഗായിക പുഷ്പവതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.