ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നോക്കുകുത്തി പറവൂർ: നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുമ്പോഴും ഭരണാധികാരികൾ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതായി ആക്ഷേപം. ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ട ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം വിളിച്ചിട്ട് മാസങ്ങളായി. പൊലീസ്, മോട്ടോർ വാഹന വകുപ്പ്, നഗരസഭ ഉദ്യോഗസ്ഥരും മോട്ടോർ തൊഴിലാളി യൂനിയനുകളുടെ പ്രതിനിധികളും ജനപ്രതിനിധികളുമാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിലുള്ളത്. നഗരസഭ അധ്യക്ഷ വി.എ. പ്രഭാവതിയാണ് കമ്മിറ്റി അധ്യക്ഷ. ട്രാഫിക് സ്റ്റേഷനിൽ എസ്.ഐ ഉൾപ്പെടെയുള്ളവരുടെ ഒഴിവുകൾ നികത്താത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അനധികൃത വാഹന പാർക്കിങ്ങും തെരുവുകച്ചവടക്കാർ നടപ്പാത കൈയടക്കിയതും ദുരിതമിരട്ടിയാക്കുന്നു. ഓണക്കാലമായാൽ തിരക്ക് ഇരട്ടിയാകാൻ സാധ്യതയേറെയാണ്. നിയമ ലംഘനങ്ങൾക്ക് നടപടി സ്വീകരിക്കേണ്ടവർ വേണ്ടത്ര ജാഗ്രത കാട്ടുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. തിരക്കേറിയ സമയങ്ങളിൽ കണ്ടെയ്നർ ലോറിയടക്കമുള്ള ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യവും നടപ്പായിട്ടില്ല. ദീർഘദൂര സ്വകാര്യ ബസുകളുടെ അമിതവേഗം മൂലം അപകടങ്ങളും പതിവാണ്. നഗരത്തിലെത്തുന്ന ബസുകൾക്ക് വൺവേ സമ്പ്രദായം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫലപ്രദമായി നടപ്പാക്കാൻ സാധിക്കുന്നില്ല. പ്രധാന കവലകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പലയിടത്തും ട്രാഫിക് സിഗ്നലുകൾ തകരാറിലാണ്. നിരീക്ഷണ കാമറകൾ പ്രവർത്തനരഹിതമായിട്ട് ഒരുവർഷത്തിലേറെയായി. കവലകളുടെ വികസനം സംബന്ധിച്ച് ജി.സി.ഡി.എ പ്രാഥമിക പഠനം നടത്തിയിരുന്നു. പ്രാഥമിക റിപ്പോർട്ട് തയാറാക്കുന്നതിന് നഗരസഭയുടെ സഹായം ആവശ്യപ്പെട്ടെങ്കിലും സഹകരിച്ചില്ലെന്നാണ് വിവരം. നഗരത്തിലെത്തുന്നവരുടെ യാത്രദുരിതത്തിന് പരിഹാരം കാണണമെന്നും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വിളിച്ചുചേർക്കാൻ നഗരസഭ അധ്യക്ഷ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.