പത്രോസ് മാർ ഒസ്​താത്തിയോസ് മെത്രാപ്പോലീത്തക്ക് അന്ത്യാഞ്ജലി

കോലഞ്ചേരി: യാക്കോബായ സുറിയാനി സഭയുടെ മുൻ ഡൽഹി, ബാംഗ്ലൂർ ഭദ്രാസനാധിപൻ പത്രോസ് മാർ ഒസ്​താത്തിയോസ് മെത്രാപ്പോലീത്തക്ക്​ വിശ്വാസസമൂഹം കണ്ണീരോടെ വിടയേകി. താൻ ശുശ്രൂഷിച്ച ദൈവാലയത്തോടും മദ്ബഹയോടും യാത്ര ചോദിക്കുന്ന ഹൃദയഭേദകമായ പ്രാർഥനകളോടെ വെട്ടിക്കൽ ഉദയഗിരി എം.എസ്.ഒ.ടി സെമിനാരിയിലെ സെന്‍റ്​ അഫ്രേം ചാപ്പലിൽ ഗുരുവും ആത്മീയ പിതാവുമായ പുണ്യശ്ലോകനായ തോമസ് മാർ തേയോഫിലോസ് മെത്രാപ്പോലീത്തയുടെ കബറിടത്തോട് ചേർന്ന് പ്രത്യേകം തയാറാക്കിയ കബറിൽ അദ്ദേഹത്തിന്‍റെ ഭൗതികശരീരം കബറടക്കി. കാതോലിക്ക മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ ശുശ്രൂഷകൾക്ക് പ്രധാന കാർമികത്വം വഹിച്ചു. രാവിലെ 10ന്​ ആരംഭിച്ച കബറടക്ക ശുശ്രൂഷകൾക്ക് മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കാതോലിക്കേറ്റ് അസിസ്റ്റന്‍റുമായ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, സഭയിലെ മെത്രാപ്പോലീത്തമാരായ ഡോ. മാർ സേവേറിയോസ് എബ്രഹാം, ഡോ. മാർ ഇവാനിയോസ് മാത്യൂസ്, മാർ മിലിത്തിയോസ് യൂഹാനോൻ, മാർ ദിയസ്​കോറോസ് കുര്യാക്കോസ്, മാർ തേവോദോസിയോസ് മാത്യൂസ്, മാർ അപ്രേം മാത്യൂസ്, മാർ യൗസേബിയോസ് കുര്യാക്കോസ്, ഡോ. മാർ കൂറിലോസ് ഗീവർഗീസ്, മാർ ക്രിസോസ്റ്റമോസ് മർക്കോസ്, മാർ അത്തനാസിയോസ് ഏലിയാസ്, മാർ ഐറേനിയോസ് പൗലോസ്, മാർ ക്ലീമിസ് കുര്യാക്കോസ്, മാർ പീലക്‌സിനോസ് സക്കറിയാസ്, മാർ യൂലിയോസ് ഏലിയാസ്, മാർ അലക്സന്ത്രയോസ് തോമസ്, മാർ തിമോത്തിയോസ് മാത്യൂസ് എന്നിവർ സഹകാർമികത്വം വഹിച്ചു. കബറടക്ക ശുശ്രൂഷകൾക്കും ക്രമീകരണങ്ങൾക്കും മാർ ഒസ്​താത്തിയോസ് ഐസക് മെത്രാപ്പോലീത്ത നേതൃത്വം നൽകി. സഭ മേലധ്യക്ഷനായ മാർ ഇഗ്​നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയുടെ അനുശോചന കൽപന മാർ തിമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്ത വായിച്ചു. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത തൈലം ഒഴിക്കുകയും മാർ തേവോദോസിയോസ് മാത്യൂസ്, മാർ അപ്രേം മാത്യൂസ്, മാർ യൗസേബിയോസ് കുര്യാക്കോസ്, ഡോ. മാർ കൂറിലോസ് ഗീവർഗീസ് എന്നീ മെത്രാപ്പോലീത്തമാർ ചേർന്ന് മുഖം മൂടുകയും ചെയ്തു. കബറിടത്തിങ്കലേക്കു താഴ്ത്തിയതിനുശേഷം മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളും കുന്തിരിക്കം കബറിടത്തിൽ നിക്ഷേപിച്ചു. ഞായറാഴ്​ച രാവിലെ പള്ളിയിൽ പൊതുദർശനത്തിനുവെച്ച ഭൗതികശരീരത്തിൽ നാടിന്‍റെ നാനാതുറകളിലുള്ളവർ അന്ത്യോപചാരം അർപ്പിച്ചു. ബെന്നി ബഹനാൻ എം.പി, അനൂപ് ജേക്കബ് എം.എൽ.എ, മുൻ മന്ത്രി പി.സി. തോമസ്, സഭ ട്രസ്റ്റി ഷാജി ചുണ്ടയിൽ, വൈദിക ട്രസ്റ്റി സ്ലീബ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ, സെക്രട്ടറി പീറ്റർ കെ. ഏലിയാസ് തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. ശനിയാഴ്ച കോയമ്പത്തൂർ സെന്‍റ്​ മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ആദ്യഘട്ട ശുശ്രൂഷകൾക്കുശേഷം പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് ആൻഡ്​ സെന്റ് പോൾസ് യാക്കോബായ സുറിയാനി പഴയ പള്ളിയിൽ പൊതുദർശനത്തിനുവെക്കുകയും ചുവന്ന മണ്ണ്‌, ചാലിശ്ശേരി, നെടുമ്പാശ്ശേരി എന്നീ പള്ളികളിൽ നഗരികാണിക്കൽ ചടങ്ങോടെ ഭൗതികദേഹം ഞായറാഴ്ച പുലർച്ച മൂന്നിന്​ വെട്ടിക്കൽ സെമിനാരി സെന്‍റ്​ അഫ്രേം ചാപ്പലിൽ എത്തിച്ചു. ഫോട്ടോ അടിക്കുറിപ്പ്: പത്രോസ് മാർ ഒസ്​താത്തിയോസ് മെത്രാപ്പോലീത്തയുടെ സംസ്കാര ശുശ്രൂഷകൾക്ക് കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ നേതൃത്വം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.