ആലങ്ങാട്: ലഹരിമരുന്ന് മാഫിയ സംഘത്തിന്‍റെ ആക്രമണത്തിനിടയിൽ നീറിക്കോട് ആറയിൽ റോഡിൽ കൊല്ലംപറമ്പിൽ വിമൽ (54) കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാനായില്ല. സംഭവശേഷം ഒളിവിൽപോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികളെന്ന് സംശയിക്കുന്നവരിൽ ഒരാൾ ഒന്നരവർഷം മുമ്പ് കൊടുവഴങ്ങ കൊട്ടപ്പിള്ളിക്കുന്നിൽ പട്ടികജാതിക്കാരന്‍റെ വീട് ലഹരി മാഫിയ സംഘവുമായി ചേർന്ന് ആക്രമിച്ച കേസിലെ പ്രതിയാണെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച രാത്രി എട്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം. വീടിന് മുന്നിൽ നിൽക്കുകയായിരുന്ന വിമലിന്‍റെ മകൻ രോഹിത്തിനെയും സുഹൃത്ത് അശ്വിനെയും ബൈക്കിലെത്തിയ രണ്ടുപേർ മർദിച്ചു. ഇതു തടയാൻ ശ്രമിക്കുന്നതിനിടെ വിമലിന് മർദനമേറ്റെന്നും തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്നും വീട്ടുകാർ പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച വൈകീട്ട് മൃതദേഹം സംസ്കരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. രണ്ടുമാസം മുമ്പും ലഹരിമരുന്ന് സംഘം കരിങ്ങാംതുരുത്ത് മേഖലയിൽ യുവാവിന്റെ തല അടിച്ചുപൊട്ടിച്ചിരുന്നു. വീണ്ടും ലഹരിമരുന്ന് സംഘം പിടിമുറുക്കിയതോടെ ആലങ്ങാട് മേഖലയിലെ ജനങ്ങൾ ഭീതിയിലാണ്. ഗുണ്ട ആക്രമണം, ബോംബേറ്, ആലങ്ങാട് സ്റ്റേഷനിലെ വനിത ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ സംഭവം, മോഷണങ്ങൾ എന്നിവ മാസങ്ങളായി ഇവിടെ അരങ്ങേറുകയാണ്. ലഹരിമരുന്ന് സംഘങ്ങളാണ് ഭൂരിഭാഗം ആക്രമണങ്ങൾക്കും മോഷണങ്ങൾക്കും പിന്നിലെന്ന് പരാതിയുണ്ട്. കോട്ടപ്പുറം മാമ്പ്രയിലെ ഫ്ലാറ്റ് സമുച്ചയം കേന്ദ്രീകരിച്ച് ലഹരിമരുന്ന് സംഘവും ചൂതാട്ട സംഘങ്ങളും വിലസുന്നതായും പരാതിയുണ്ട്. പണംവെച്ചും ആഡംബര കാറുകൾ പണയപ്പെടുത്തിയും ചൂതാട്ടത്തിനെത്തുന്നവർ ഇക്കൂട്ടത്തിലുണ്ട്. ഇതിന്റെ മറവിലാണ് ലഹരിമരുന്ന് കച്ചവടം നടക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. സംഘത്തിൽ കൂടുതലും യുവാക്കളാണെന്ന് നാട്ടുകാർ പറയുന്നു. ഒരാഴ്ച മുമ്പ് പുറപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ദീപസ്തംഭവും മാസങ്ങൾക്കു മുമ്പ് തട്ടാംപടിയിൽ വീട് കുത്തിത്തുറന്ന് 10 പവനും ഒരുലക്ഷം രൂപയും കവർന്ന സംഭവവും ഉണ്ടായി. കോട്ടപ്പുറം, മാഞ്ഞാലി ഭാഗത്ത് പെട്രോൾ പമ്പുകൾ കുത്തിത്തുറന്ന സംഭവത്തിൽ പ്രതികൾ പിടിയിലായിരുന്നു. ജനങ്ങളുടെ സ്വൈരജീവിതത്തിന് തടസ്സമാകുന്ന ക്രിമിനൽ, ലഹരിമാഫിയ സംഘങ്ങളെ അമർച്ചചെയ്യുന്ന കാര്യത്തിൽ പൊലീസ് നിസ്സംഗത കാട്ടുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.