കോടതി മാറ്റം: നടിയുടെ ഹരജി പരിഗണിക്കുന്നതിൽനിന്ന്​ ജസ്റ്റിസ്​ കൗസർ എടപ്പഗത്ത്​ പിന്മാറി

കൊച്ചി: ആക്രമണ കേസിലെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെ ഇരയായ നടി നൽകിയ ഹരജി പരിഗണിക്കുന്നതിൽനിന്ന്​ നിലവിലെ ബെഞ്ച്​ പിന്മാറി. വെള്ളിയാഴ്ച രാവിലെ കേസ് പരിഗണനക്കായി പരാമർശിച്ചപ്പോൾ പിൻവാങ്ങുന്നതായി ജസ്റ്റിസ്​ ഡോ. കൗസർ എടപ്പഗത്ത്​ അറിയിക്കുകയായിരുന്നു. നേരത്തേ ഹരജി പരിഗണിച്ച കോടതി, നടൻ ദിലീപടക്കം പ്രതികൾക്കും സർക്കാറിനും നോട്ടീസ്​ അയക്കാൻ ഉത്തരവായിരുന്നു. തുടരന്വേഷണം അട്ടിമറിക്കുന്നുവെന്നാ​രോപിച്ച്​ നടി നൽകിയ കേസ് പരിഗണിക്കുന്നതിൽനിന്നും ഇതേ ബെഞ്ച്​ മുമ്പ്​ പിന്മാറിയിരുന്നു. വിചാരണ കോടതി ജഡ്​ജിയായിരി​ക്കെ നടിയുടെ കേസ്​ പരിഗണിച്ചിരുന്നുവെന്ന്​ ചൂണ്ടിക്കാട്ടി അഭിഭാഷക ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ പിന്മാറ്റമെങ്കിലും ഇത്തവണ ഇത്തരമൊരു ആവശ്യം നടി ഉന്നയിച്ചിരുന്നില്ല. എറണാകുളം സ്പെഷൽ അഡീ. സെഷൻസ് കോടതിയിൽ നടന്നുവന്ന വിചാരണ ഹൈകോടതിയുടെ ഉത്തരവില്ലാതെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് നിയമവിരുദ്ധമാണെന്നാണ്​ നടിയുടെ ഹരജി​. അതേസമയം, തുടരന്വേഷണം സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നതിനാൽ അന്വേഷണം ഹൈകോടതി മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെടുന്ന നടിയുടെ മറ്റൊരു ഹരജി ഓണാവധിക്ക്​ ശേഷം പരിഗണിക്കാൻ ജസ്റ്റിസ്​ എ.എ. സിയാദ്​ റഹ്മാൻ മാറ്റി. തുടരന്വേഷണവുമായി ബന്ധപ്പെട്ട കുറ്റപത്രം പ്രോസിക്യൂഷൻ ഇതുവരെ സമർപ്പിച്ചില്ലെന്നും കോടതി മാറ്റവുമായി ബന്ധപ്പെട്ട കേസുള്ളതിനാലാണ്​ നൽകാതിരുന്നാണ്​ അറിയുന്നതെന്നും നടിയുടെ അഭിഭാഷക അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.