കൊച്ചി: കാത്തിരിപ്പ് വിഫലമാക്കി കുടുംബത്തെ ദുഃഖത്തിലാഴ്ത്തി കരസേനയിൽ ക്യാപ്റ്റനായ കൊച്ചി മാമംഗലം സ്വദേശി നിർമൽ ശിവരാജന്‍റെ മരണ വാർത്ത. ആഗസ്റ്റ് 15ന് ഭാര്യയെ കണ്ട് ജബൽപൂരിൽനിന്ന് ജോലി സ്ഥലമായ പച്ച്മടിയിലേക്ക് യാത്രചെയ്യുമ്പോഴാണ് നിർമലിനെ കാണാതാവുന്നത്. മകൻ മടങ്ങിയെത്തുമെന്ന് കരുതി കാത്തിരുന്ന മാതാപിതാക്കളുടെയും ഭർത്താവിന് ഒന്നും സംഭവിച്ചിട്ടുണ്ടാവില്ലെന്ന് വിശ്വസിച്ച ഭാര്യയുടെയും പ്രതീക്ഷകൾ അവസാനിപ്പിച്ച് ഉച്ചയോടെയാണ് നിർമലിന്‍റെ മൃതദേഹം കണ്ടെത്തിയെന്ന വാർത്തയെത്തിയത്. സംഭവം അറിഞ്ഞതോടെ എറണാകുളം മാമംഗലത്തെ വീട്ടിൽ മാതാപിതാക്കളായ പി.കെ. ശിവരാജന്‍റെയും സുബൈദയുടെയും സങ്കടം കണ്ണീരായി മാറി. ദേശസ്നേഹിയായ മകൻ സ്വന്തം ഇഷ്ടപ്രകാരം സേനയിൽ ചേരാൻ തീരുമാനമെടുത്തത് മുതലുള്ള കാര്യങ്ങൾ പറഞ്ഞാണ് ഇരുവരും വിങ്ങിപ്പൊട്ടിയത്. മകനെ കാണാനില്ലെന്ന വിവരം അറിഞ്ഞത് മുതൽ ഇവർ ആശങ്കയിലായിരുന്നു. മകന്‍റെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായിരുന്ന പിതാവ് പി.കെ. ശിവരാജൻ അധികൃതരെ ബന്ധപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച ഉച്ചയോടെ നിർമലിന്‍റെ മൃതശരീരം കണ്ടെത്തുന്നത്. ലഭിച്ചത് നിർമലിന്‍റെ ശരീരം തന്നെയാണെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ബന്ധുക്കളെ സൈന്യം മരണ വാർത്ത അറിയിക്കുന്നത്. കാർഗിൽ യുദ്ധവേളയിലാണ് സൈന്യത്തിൽ ചേരണമെന്ന ആഗ്രഹം നിർമലിന് ഉണ്ടാകുന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു. അന്ന് ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്ന നിർമൽ പിന്നീടങ്ങോട്ട് സൈന്യത്തിലെത്താൻ പരിശ്രമിച്ചതിനെ കുറിച്ചും മറ്റ് ജോലികൾ ലഭിച്ചപ്പോൾ അതുവേണ്ടെന്ന് വെച്ച് വീട്ടുകാരുടെ ഏതിർപ്പ് പോലും മറികടന്ന് കരസേനയിൽ ചേർന്നതുമെല്ലാം അവർ മാമംഗലത്തെ വീട്ടിലിരുന്ന് വിതുമ്പലോടെ മാധ്യമങ്ങളോട് പറഞ്ഞു. തൃക്കാക്കര എം.എൽ.എ. ഉമാതോമസ്, ഡിവിഷൻ കൗൺസിലർ ദീപ്തി മേരി വർഗീസ് തുടങ്ങി നിരവധി പൊതുപ്രവർത്തകരും നാട്ടുകാരും വീട്ടിലെത്തി. 2014ലാണ് നിർമൽ കരസേനയിൽ ചേരുന്നത്. സൈന്യത്തിന്റെ മധ്യപ്രദേശിലെ പച്മടി ചൈനീസ് കോഴ്സ് എ.ഇ.സി.ട്രെയിനിങ് കോളജ് ആൻഡ് സെന്ററിലാണ് നിർമൽ ജോലി ചെയ്തിരുന്നത്. ആറുമാസം മുമ്പാണ് വിവാഹിതനായത് ആർമിയിൽ ലെഫ്റ്റനന്റായ തിരുവനന്തപുരം സ്വദേശിനി ഗോപി ചന്ദ്രയാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.