പോത്താനിക്കാട് കഴിഞ്ഞദിവസം ശക്തമായ കാറ്റിലും മഴയിലും നശിച്ച വാഴത്തോട്ടം

വേനലും മഴയും; ജില്ലയിൽ ഈ വർഷം 43.38 കോടിയുടെ കൃഷിനാശം

കൊച്ചി: കടുത്ത വരൾച്ചയും പിന്നാലെ എത്തിയ വേനൽ മഴയും ഈ വർഷം ജില്ലയിൽ വിതച്ചത് കോടികളുടെ കൃഷിനാശം. ജനുവരി ഒന്ന് മുതൽ ഏപ്രിൽ 30 വരെയുള്ള കൃഷിവകുപ്പിന്‍റെ കണക്ക് പ്രകാരം ജില്ലയിൽ 43.38 കോടിയുടെ കൃഷിനാശമാണ് ഉണ്ടായത്. വിളവെടുക്കാൻ പാകമായ പച്ചക്കറിയും പഴവർഗങ്ങളും നാണ്യവിളകളും വൻ തോതിൽ നശിച്ചതായാണ് കണക്ക്. ജില്ലയുടെ കിഴക്കൻ മേഖലയിലെ കർഷകർ വന്യമൃഗശല്യത്തിൽ പൊറുതിമുട്ടിയിരിക്കുമ്പോഴാണ് പ്രതികൂല കാലാവസ്ഥ ആയിരക്കണക്കിന് കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായത്. കൃഷിവകുപ്പിന്‍റെ പ്രാഥമിക കണക്ക് മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. കർഷകർ നഷ്ടപരിഹാര അപേക്ഷകൾ സമർപ്പിക്കുമ്പോൾ മാത്രമേ യഥാർത്ഥ നഷ്ടക്കണക്ക് അറിയാനാകൂ.

ബാധിച്ചത് 4,297 ഹെക്ടറിൽ

ഈ വർഷം കടുത്ത ചൂടും വേനൽ മഴയും കാര്യമായി ബാധിച്ചത് ജില്ലയിലെ 4297.08 ഹെക്ടർ പ്രദേശത്തെ കൃഷിയെയാണ്. ഇത്രയും സ്ഥലത്തായി 11,385 കർഷകർ നടത്തിയിരുന്ന കൃഷി വരൾച്ചയും മഴയും കാറ്റും മൂലം നശിച്ചു. ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്തും ഭൂമി പാട്ടത്തിനെടുത്തും കൃഷി ചെയ്തവരാണ് നല്ലൊരു ശതമാനവും. വിഷു, ഓണം വിപണികൾ ലക്ഷ്യമിട്ട് നടത്തിയിരുന്ന കൃഷികളാണ് ഉണങ്ങിയും കാറ്റടിച്ചും നശിച്ചത്. സമീപകാലത്ത് നട്ടതും വിളവെടുപ്പിന് പാകമായതും ഏതാനും നാളുകൾകൂടി കഴിഞ്ഞാൽ വിളവെടുക്കാവുന്നതുമായ കൃഷികൾ ഇതിൽ ഉൾപ്പെടുന്നു. മുടക്ക് മുതലിനായി വായ്പയിലൂടെ സ്വരുക്കൂട്ടിയ തുക കൃഷിയിൽ നിന്നുള്ള ആദായത്തിലൂടെ കണ്ടെത്തി കടം വീട്ടാമെന്ന് കരുതിയ കർഷകരാണ് കൂടുതൽ ദുരിതത്തിലായത്. ഏറെ പ്രതീക്ഷിച്ച് ചെയ്ത കൃഷി നശിച്ചതോടെ പല കർഷകരും ബാങ്കുകളുടെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെയും ജപ്തി ഭീഷണിയിലാണ്. നഷ്ടം നികത്താൻ സർക്കാരിന്‍റെ സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

നശിച്ചതേറെയും വാഴ

ജില്ലയുടെ കിഴക്കൻ മേഖലയിലടക്കം വാഴയാണ് മുഖ്യ കൃഷി. കുലച്ചതും കുലക്കാറായതുമായ ആയിരക്കണക്കിന് വാഴകൾ വേനലിൽ ഉണങ്ങിയും കാറ്റിൽ ഒടിഞ്ഞും നശിച്ചു. കഴിഞ്ഞയാഴ്ച ആലുവ, അങ്കമാലി, പറവൂർ, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, പിറവം മേഖലകളിലുണ്ടായ കാറ്റിലും മഴയിലും ഹെക്ടർ കണക്കിന് പ്രദേശത്ത് വൻ തോതിൽ കൃഷിനാശം ഉണ്ടായതായാണ് കണക്ക്.

കഴിഞ്ഞ ജനുവരി ഒന്നിന് ശേഷം ഇതുവരെ ജില്ലയിൽ 3966.02 ഹെക്ടറിലെ 6381 കർഷകരുടെ വാഴ കൃഷി നശിച്ചു. 35.37 കോടിയുടെ നഷ്ടമാണ് ഇതിലൂടെ പ്രാഥമികമായി കണക്കാക്കുന്നത്. കോതമംഗലം ബ്ലോക്കിലാണ് വാഴ കൃഷി കൂടുതൽ നശിച്ചത്. ഇവിടെ 2620.90 ഹെക്ടറിലെ 831 കർഷകരുടെ വാഴ നശിച്ചിട്ടുണ്ട്. 3.20 കോടിയുടെ നഷ്ടമാണ് ഉണ്ടായത്.

പ്രതീക്ഷ സർക്കാർ സഹായത്തിൽ

അധ്വാനമെല്ലാം പ്രതികൂല കാലാവസ്ഥയിൽ നശിച്ച കർഷകർക്ക് ഇനി പ്രതീക്ഷ സർക്കാർ സഹായത്തിലാണ്. എന്നാൽ, നാമമാത്ര സഹായത്തിന് പോലും അപേക്ഷ നൽകി ഏറെ നാൾ കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് കർഷകർ പറയുന്നു. കൃഷി വകുപ്പിന്‍റെ പരിശോധന പൂർത്തിയായി ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിച്ചാലും നടപടിക്രമങ്ങൾ പിന്നെയും നീണ്ടുപോകുന്നത് കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. നിലവിൽ വായ്പയെടുത്ത് കടക്കെണിയിലായവർക്ക് കൃഷി തുടരണമെങ്കിൽ സർക്കാരിന്‍റെ സഹായം കൂടിയേ തീരു. കഴിഞ്ഞ മാസങ്ങളിൽ ജില്ലയുടെ കിഴക്കൻ മേഖലകളിൽ വന്യജീവി ശല്യം മൂലം ഒട്ടേറെ കർഷകർക്ക് കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ഇതിന്‍റെ നഷ്ടപരിഹാരം പോലും അർഹരായ എല്ലാ കർഷകർക്കും ഇനിയും കിട്ടിയിട്ടില്ലെന്ന് പരാതിയുണ്ട്.

Tags:    
News Summary - Summer and rain; Crop losses worth Rs 43.38 crore in the district this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.