നയതന്ത്ര സ്വർണക്കടത്ത്​: അന്വേഷണ ചുമതലയുള്ള ഇ.ഡി ഉദ്യോഗസ്ഥന്​ ചെന്നൈയിലേക്ക്​ സ്ഥലംമാറ്റം

കൊച്ചി: നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ പി. രാധാകൃഷ്ണന്​ സ്ഥലംമാറ്റം. പകരം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താതെയാണ്​ ​ജോയന്റ് ഡയറക്ടർ റാങ്കിലുള്ള രാധാകൃഷ്ണനെ എൻഫോഴ്​സ്​മെന്‍റ് ഡയറക്ടറേറ്റ്​ (ഇ.ഡി) ചെന്നൈയിലേക്ക്​ സ്ഥലംമാറ്റിയത്​. ഒരുവർഷം മുമ്പ്​ രാധാകൃഷ്ണനെ മാറ്റി ഉത്തരവിറങ്ങിയിരുന്നെങ്കിലും തുടക്കം മുതൽ സ്വർണക്കടത്ത് കേസ് അന്വേഷണത്തിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥനെന്ന നിലയിൽ സ്ഥലംമാറ്റം മരവിപ്പിച്ചിരുന്നു. എന്നാല്‍, കേസില്‍ കുറ്റപത്രം സമർപ്പണമടക്കം നടപടികൾ പൂർത്തിയായിട്ടുണ്ട്​. ​സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയെ തുടർന്നുള്ള അന്വേഷണത്തിന്‍റെ ചുമതലയും രാധാകൃഷ്ണനാണ്​. ഈ അ​ന്വേഷണം നടക്കുന്നതിനിടെയാണ്​ സ്ഥലംമാറ്റം. 10 ദിവസത്തിനകം ചെന്നൈ സോണൽ ഓഫിസിൽ ചുമതലയേൽക്കാൻ നിർദേശിച്ചാണ്​ ഇ.ഡിയുടെ ഉത്തരവ്​. ഇതേ തുടർന്ന്​ കൊച്ചി ഓഫിസിലെ ചുമതല അദ്ദേഹം ഒഴിഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട്​ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കും മുന്‍ മന്ത്രിമാരുമടക്കമുള്ളവർക്കെതിരെ സ്വപ്​ന കോടതിയിൽ നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ ഇ.ഡി അന്വേഷണം പുരോഗമിക്കുകയാണ്​. മൊഴിപ്പകർപ്പ്​ കോടതി മുഖേന വാങ്ങിയ ശേഷം പലതവണ ​സ്വപ്നയെ ഇ.ഡി ഓഫിസിൽ വിളിച്ചുവരുത്തി രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. സ്വപ്നയുടെ മൊഴി പ്രകാരം കൂടുതൽ ഉന്നതരെ ചോദ്യം ചെയ്യുമെന്ന സൂചനകൾ നിലനിൽ​ക്കെയാണ്​ സ്ഥലംമാറ്റം​. ഒരുവർഷം മുമ്പ്​ മരവിപ്പിച്ച സ്ഥലംമാറ്റം അന്വേഷണത്തിന്‍റെ ഒരുഘട്ടം പൂർത്തിയായ സാഹചര്യത്തിൽ നടപ്പാക്കുന്നുവെന്ന വിശദീകരണമാണ്​ ഇ.ഡി നൽകുന്നത്​. എന്നാൽ, സ്വപ്നയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നതടക്കം രാധാകൃഷ്ണനെതിരെ ലഭിച്ച ചില പരാതികളാണ്​ അടിയന്തരമായി സ്ഥലം മാറ്റുന്നതി​ന്​ പിന്നിലെന്നാണ്​ സൂചനകൾ. സ്വപ്ന നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളിലേക്ക്​ ഉദ്യോഗസ്ഥൻ ഇതുവരെ കടന്നിട്ടില്ലെന്ന ആരോപണം സ്വപ്നയുടെ സംഘ്​പരിവാർ ബന്ധമുള്ള അഭിഭാഷകനടക്കമുള്ളവർക്കുണ്ട്​. കേരളത്തിൽനിന്ന് കേസ് ബംഗളൂരുവിലേക്ക് മാറ്റാൻ രാധാകൃഷ്ണൻ ഏകപക്ഷീയമായി നീക്കം നടത്തിയെന്ന ആരോപണം നേരത്തേത​ന്നെയുണ്ട്​. രാധാകൃണന്‍റെ ഒഴിവിൽ ഉടൻ പുതിയ ഉദ്യോഗസ്ഥ​നെ നിയമിക്കുമെന്നാണ്​​ ഇ.ഡി അധികൃതർ പറയുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.