കൊച്ചി: നോര്‍വേക്കുവേണ്ടി ലോകത്തെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും സ്വയം നിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ നിർമിച്ച് കൈമാറി രാജ്യത്തിന് അഭിമാനമായി കൊച്ചി കപ്പൽശാല. നോർവേയിലെ ആസ്കോം മാരിടൈം എന്ന സപ്ലൈ ചെയിന്‍ കമ്പനിക്കുവേണ്ടി കാർബൺ പുറന്തള്ളൽ ഇല്ലാത്ത ബാറ്ററിയിൽ പ്രവർത്തിക്കുന്ന രണ്ട് വെസലുകൾ നിർമിച്ചാണ് കപ്പൽശാല ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. നോർവേയിലെ പ്രശസ്തരായ രണ്ട് ഒളിമ്പിക് താരങ്ങളായ മാരിസ് തെരേസ എന്നീ പേരുകളാണ് ആസ്കോം മാരിടൈം വെസലുകൾക്ക് നൽകിയിരിക്കുന്നത്. ഇവരുടെ സ്പോൺസർഷിപ് ഏറ്റെടുത്തതും ഈ കമ്പനിതന്നെയാണ്. നോർവേയിൽ നടക്കുന്ന ചടങ്ങിൽ ഇരുവരും പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു. യാട്ട് സെര്‍വന്റ് എന്ന 210 മീറ്റർ നീളമുള്ള കൂറ്റന്‍ മദര്‍ഷിപ്പ് 8.9 മീറ്റര്‍ കായലിലേക്ക് താഴ്ത്തി വെള്ളം നിറച്ചശേഷം ടഗ് ഉപയോഗിച്ച് രണ്ട് ഇലക്ട്രിക് വെസലുകളും കപ്പലിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു കപ്പല്‍ശാലയില്‍ നിര്‍മിച്ച വെസലുകള്‍ മറ്റൊരു കപ്പലില്‍കയറ്റി കൊണ്ടുപോകുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. വെള്ളം കയറിനിൽക്കുന്ന മദർഷിപ്പിലേക്ക് വെസലുകൾ കയറ്റുന്ന കാഴ്ച ഏവർക്കും പുതിയ അനുഭവമായി. കപ്പല്‍ ഉയര്‍ത്തി വെസലുകള്‍ കയറ്റിയ ഭാഗത്തെ വെള്ളം ഒഴുക്കിക്കളഞ്ഞ് പൂര്‍വസ്ഥിതിയിലാക്കിയശേഷമാണ് ഷിപ്പ് യാത്ര ആരംഭിക്കുക. ഡച്ച് കമ്പനിയുടേതാണ് ഈ മദർഷിപ്പ്. കപ്പൽശാലയിലെ ജീവനക്കാരും മദർഷിപ്പിലെ ജീവനക്കാരും ചേർന്ന് എട്ട് മണിക്കൂർ നീണ്ട ശ്രമത്തിലൂടെയാണ് 67 മീറ്റര്‍ നീളവും 600 ടണ്‍ ഭാരവുമുള്ള ഇലക്ട്രിക് വെസലുകള്‍ മദർഷിപ്പിലേക്ക് കയറ്റിയത്. നേരിട്ടുവരാതെ ഓൺലൈൻ വഴിയാണ് കരാർ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടന്നതെന്ന് കപ്പൽശാല അധികൃതർ പറഞ്ഞു. നോർവീജിയൻ സർക്കാറിന്‍റെ സഹായവും ഈ പദ്ധതിക്കുണ്ട്. ഒരു വെസലിന് 65കോടിയാണ് വേണ്ടിവന്നത്. ആസ്കോം മാരിടൈമും നോർവീജിയൻ സർക്കാറും തങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് കപ്പൽശാല അധികൃതർ നന്ദിപറഞ്ഞു. മറ്റ് നടപടി പൂർത്തിയാക്കിയശേഷം തിങ്കളാഴ്ച വൈകീട്ട് മാരിസും തെരേസയും നോർവേയിലേക്ക് യാത്രതിരിക്കും. ഒരുമാസം കടലിലൂടെ സഞ്ചരിച്ച് കപ്പല്‍ നോര്‍വേയിലെത്തിച്ചേരും. ആ രാജ്യത്തെ മലയിടുക്കുകളിലേക്ക് കയറിക്കിടക്കുന്ന ലോകപ്രശസ്തമായ അഴിമുഖപ്പാതയായ ഫ്യോര്‍ദിലായിരിക്കും കൊച്ചി കപ്പല്‍ശാലയുടെ സൃഷ്ടിയായ മാരിസും തെരേസയും സര്‍വിസ് നടത്തുക. സെൻട്രൽ കൺട്രോൾ റൂമിലിരുന്നാവും അധികൃതർ ഈ വെസലുകളെ നിയന്ത്രിക്കുക. EKGBK -1,2 കൊച്ചി കപ്പൽശാലയിൽ നിർമിച്ച മാരിസ്, തെരേസ എന്നീ ലോകത്തെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകൾ നോർവേയിലേക്ക് കൊണ്ടുപോകാൻ മദര്‍ഷിപ്പായ യാട്ട് സെര്‍വന്റിൽ കയറ്റുന്നു ചിത്രം: ബൈജു കൊടുവള്ളി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.