കെ.ബി.പി.എസ് അംഗത്തിനെതിരെ ഗുരുതര ആരോപണവുമായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ

കാക്കനാട്: കെ.ബി.പി.എസ് മാനേജിങ് ഡയറക്ടർ സൂര്യ തങ്കപ്പനെതിരെ ഗുരുതര ആരോപണവുമായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യമന്ത്രിക്ക് പരാതി നൽകി. സ്ഥാപനത്തിൽ ജീവനക്കാരിയോട് മോശമായി പെരുമാറിയ ഇടതു യൂനിയൻ നേതാവിനെതിരെ നടപടി സ്വീകരിക്കുന്നില്ല എന്നാരോപിച്ചാണ് എൽദോസ് കുന്നപ്പള്ളി മുഖ്യമന്ത്രിയെ സമീപിച്ചത്. ധിക്കാരപരമായ രീതിയിലാണ് ഡയറക്ടർ ജീവനക്കാരോട് പെരുമാറുന്നതെന്നും പരാതിയിലുണ്ട്. ജൂൺ മൂന്നിനായിരുന്നു കെ.ബി.പി.എസിലെ മെഷീൻ ഓപറേറ്റർ കൂടിയായ ഇടതു യൂനിയൻ നേതാവിനെതിരെ സി.എം.ഡിക്ക് യുവതി പരാതി നൽകിയത്. അച്ചടി വിഭാഗത്തിൽ കരാർ ജീവനക്കാരിയായ യുവതിയോട് സൂപ്പർവൈസർ ക്യാബിന് സമീപത്തു​വെച്ച് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. ഭാവിയിൽ ഒരു സ്ത്രീ ജോലി ചെയ്യുന്ന സ്ഥലത്ത് ഇത്തരം അതിക്രമങ്ങൾ ഉണ്ടാകരുതെന്നും മാതൃകാപരമായ ശിക്ഷ നൽകണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. ഇതുസംബന്ധിച്ച് സി.എം.ഡിയെ നേരിൽക്കണ്ട് യുവതി പരാതി നൽകി. എന്നാൽ പ്രതിയായ ജീവനക്കാരുടെ യൂനിയനിലുള്ള അംഗം ഉൾപ്പെടുന്ന എൻക്വയറി കമ്മിറ്റി കേസ് ഒതുക്കിത്തീർക്കാനാണ് ശ്രമിച്ചതെന്ന് എം.എൽ.എ ആരോപിച്ചു. സൂര്യ തങ്കപ്പൻ സി.എം.ഡിയുടെ ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്യുകയാണെന്നും മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമത്തിനെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും എൽദോസ് കുന്നപ്പിള്ളിയുടെ പരാതിയിലുണ്ട്. ജീവനക്കാരിയുടെ പരാതിയിൽ ഇന്‍റേണൽ എൻക്വയറി കമ്മിറ്റി അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് സൂര്യ തങ്കപ്പൻ വ്യക്തമാക്കി. ഇതിനോടകം രണ്ട് സിറ്റിങ് കഴിഞ്ഞിട്ടുണ്ടെന്നും ഇരുവിഭാഗത്തിന്‍റെയും വാദങ്ങൾ കേട്ടുകഴിഞ്ഞെന്നും അന്വേഷണം പൂർത്തിയാക്കി 90 ദിവസത്തിനകം റിപ്പോർട്ട് നൽകിയാൽ മതി എന്നാണ് ചട്ടമെന്നും കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.