ആനച്ചാലിൽ തണ്ണീർത്തടവും കണ്ടാൽക്കാടുകളും നികത്താൻ ശ്രമം; പ്രതിഷേധം ശക്തം

കരുമാല്ലൂർ: ആനച്ചാൽ പുഴയോട് ചേർന്നുള്ള ഏക്കറുകണക്കിന് തണ്ണീർത്തടം നികത്താൻ ശ്രമം നടക്കുന്നതായി പരാതി. ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. ആനച്ചാൽ- വഴിക്കുളങ്ങര ബൈപാസ് റോഡിൽ പുഴയോട് ചേർന്ന കണ്ടൽക്കാടും തണ്ണീർത്തടവും അടങ്ങുന്ന 16 ഏക്കറോളം വരുന്ന പാടശേഖരത്തിന്റെ ഒരുഭാഗമാണ് കഴിഞ്ഞ ദിവസങ്ങളിൽ മണ്ണടിച്ചു നികത്താൻ ശ്രമം നടന്നത്. മുമ്പ്​ ഒരുതവണ നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞതാണ്. അതേ സ്ഥലത്തുതന്നെയാണ് കഴിഞ്ഞ മൂന്ന് ദിവസമായി വൻതോതിൽ മണ്ണടിക്കുന്നത്. സംഭവം ശ്രദ്ധയിൽപെട്ടതോടെ പലരും പ്രതിഷേധവുമായി രംഗത്തുവന്നു. 40 ലോഡ് മണ്ണ് ഇതിനോടകം പാടശേഖരത്തിൽ അടിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിന്റെ മറവിൽ ഭൂമാഫിയ വൻതോതിൽ കോട്ടുവള്ളി പഞ്ചായത്തിലെ പാടശേഖരങ്ങൾ നികത്താൻ ശ്രമിക്കുന്നുണ്ടെന്ന ആക്ഷേപം നിലനിൽക്കെയാണ് സംഭവം നടന്നത്. ഇതിന് സമീപം ഒട്ടേറെ ചെമ്മീൻ കെട്ടുകളും കൃഷിവിജ്ഞാൻ കേന്ദ്രയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന മത്സ്യ വിത്തുൽപാദന കേന്ദ്രവും സ്ഥിതിചെയ്യുന്നുണ്ട്. പ്രധാന പാതയോട് ചേർന്നുള്ള ഇത്തരം കൈയേറ്റങ്ങൾ ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപമുണ്ട്. കണ്ടൽക്കാടുകളുടെ ആവാസകേന്ദ്രം കൂടിയാണിവിടം. അതിനാൽ പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധവും ശക്തമാണ്. സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി, കലക്ടർ, വനംവകുപ്പ്, തഹസിൽദാർ എന്നിവർക്ക് പരാതി നൽകി. പടം EA PVR anachalil 2 ആനച്ചാലിൽ തണ്ണീർത്തടം മണ്ണിട്ട് നികത്തിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.