സാന്‍റോ ഗോപാലൻ റോഡിന്‍റെ ശോച്യാവസ്ഥ: അധികൃതർ കണ്ണുതുറക്കാൻ മെഴുകുതിരി തെളിച്ച് നാട്ടുകാർ

മട്ടാഞ്ചേരി: മൂന്ന് വർഷമായി തകർന്നുകിടക്കുന്ന കൂവപ്പാടം സാന്റോ ഗോപാലൻ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിൽ അധികൃതർ പുലർത്തുന്ന അനാസ്ഥയിൽ പ്രതിഷേധം ശക്തമാകുന്നു. വിവിധ റെസിഡന്‍റ്​സ്​ അസോസിയേഷനുകളുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ കെ.ജെ. മാക്സി എം.എൽ.എയുടെ ഓഫിസിലേക്ക് മെഴുകുതിരി തെളിച്ച് മാർച്ച് നടത്തി. ഈ റോഡിലൂടെയുള്ള യാത്ര ദുഷ്കരമാകുകയും അപകടങ്ങൾ പതിവാകുകയും ചെയ്തതോടെ നിരവധി ജനകീയ സമരങ്ങൾ നടന്നെങ്കിലും അധികാരികൾ കണ്ണ് തുറക്കുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് മെഴുകുതിരി തെളിച്ച് സമരം നടത്തിയത്. സാന്തോം റെസിഡന്‍റ്​സ്​ അസോസിയേഷൻ പ്രസിഡന്റ് ജോസ് പൊന്നൻ സമരം ഉദ്ഘാടനം ചെയ്തു. ചെമ്മീൻസ് ജങ്ഷൻ മുതൽ പരിപ്പ് ജങ്ഷൻ വരെയുള്ള റോഡ് ഇപ്പോൾ അറ്റകുറ്റപ്പണി നടത്താമെന്നും ആറ് മാസത്തിനകം ടാറിങ് ചെയ്യാമെന്നും എം.എൽ.എ ഉറപ്പുനൽകിയതായി സമര സമിതി ഭാരവാഹികൾ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് പൊതുപ്രവർത്തകരായ ഷക്കീർ അലി, എ. ജലാൽ എന്നിവർ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി. ചിത്രം: സാന്റോ ഗോപാലൻ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ ഓഫിസിന് മുന്നിൽ നടന്ന മെഴുകുതിരി സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.