കൂടുതൽ ചാർജ് ഈടാക്കിയ ബസുകൾക്കെതിരെ നടപടി

കാക്കനാട്: ബസ് ചാർജിനെ സംബന്ധിച്ച തർക്കത്തിൽ നിരവധി ബസുകൾക്കെതിരെ നടപടിക്കൊടുങ്ങി മോട്ടോർ വാഹന വകുപ്പ്. കൂടുതൽ തുക ഈടാക്കിയതിനാണ് ബസുകൾക്കെതിരെ നടപടി സ്വീകരിക്കുക. പെർമിറ്റ് ലംഘനം നടത്തി എന്ന കണ്ടെത്തലിനെ തുടർന്നാണ് തീരുമാനം. ഇടപ്പള്ളി ഹൈസ്കൂൾ ബസ് സ്റ്റോപ്പിൽനിന്ന് എറണാകുളം ജെട്ടി ഭാഗത്തേക്ക് പോകുന്ന യാത്രക്കാരും ബസ് തൊഴിലാളികളും തമ്മിൽ ബസ്ചാർജിനെ ചൊല്ലി തർക്കമുണ്ടാകുന്നത് പതിവാണ്​. പുതിയ നിരക്ക് പ്രകാരം മേനക ബസ് സ്റ്റോപ് വരെ 13 രൂപയാണ് ഈടാക്കുന്നത്. അടുത്ത ഫെയർ സ്റ്റേജായ എറണാകുളം സൗത്തിലേക്ക് 15 രൂപയാണ് നിരക്ക്. എന്നാൽ, മേനകയിൽനിന്ന് അര കിലോമീറ്ററിൽ താഴെ മാത്രം ദൂരമുള്ള ജെട്ടിയിലേക്കും ചിലബസുകൾ 15 രൂപ തന്നെ ഈടാക്കുന്നുണ്ടായിരുന്നു. പണ്ടു മുതൽ ഇതു സംബന്ധിച്ച് പരാതികൾ ഉണ്ടായിരുന്നതിനാൽ മോട്ടോർ വാഹന വകുപ്പ് യോഗം ചേർന്ന് രണ്ട് സ്റ്റോപ്പുകളെയും ഒന്നായി കാണാനും ഒരേ നിരക്ക് ഈടാക്കാനും നിർദേശം നൽകിയിരുന്നു. എന്നാൽ, ബസ് ചാർജ് നിരക്ക് വർധനക്ക് ശേഷം ചില ബസുകൾ സൗത്ത് വരെയുള്ള തുക വാങ്ങുന്ന സാഹചര്യമായിരുന്നു. ഇതിനു പിന്നാലെ മോട്ടോർ വാഹന വകുപ്പിനും പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിൽ നിരവധി ബസുകൾ കൂടുതൽ തുക ഈടാക്കുന്നതായി കണ്ടെത്തിയതോടെയാണ് നടപടിക്കൊരുങ്ങുന്നത്. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിച്ചാൽ ശക്തമായ നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.