കരുമാല്ലൂർ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർക്കുനേരെ കൈയേറ്റ ശ്രമം

കരുമാല്ലൂർ: കുടുംബാരോഗ്യ കേന്ദ്രത്തിലെ വനിതാ ജീവനക്കാരെയും രോഗികളെയും മുൾമുനയിൽ നിർത്തി മധ്യവയസ്​കന്‍റെ പരാക്രമം. മരുന്ന് വാങ്ങാൻ എത്തിയ ആളാണ്​ ആശുപത്രി ജീവനക്കാരെ അസഭ്യം പറഞ്ഞ് കൈയേറ്റത്തിന് ശ്രമിക്കുകയും കസേരകൾ തല്ലിത്തകർക്കുകയും ചെയ്തത്. ആലങ്ങാട് സ്വദേശിയായ 52കാരനായ ജോൺസൺ എന്നയാളാണ് ആശുപത്രിയിൽ പരാക്രമം കാട്ടിയത്. ബുധനാഴ്ച രാവിലെ 10ന് മരുന്ന് വാങ്ങാൻ എത്തിയ ഇയാൾ ഡോക്ടർമാരോടും മറ്റ് ജീവനക്കാരോടും മോശമായി സംസാരിച്ചു. എന്നാൽ, ഇയാൾക്ക് മരുന്ന് നൽകി പറഞ്ഞയച്ചു. പിന്നീട് 11.30ഓടെ വീണ്ടും ഇരുചക്രവാഹനത്തിൽ വന്ന് ബൈക്ക് ആശുപത്രിയുടെ മുന്നിൽ അമിതവേഗത്തിൽ ഓടിച്ച് ഭീതി പരത്തി. ഇത് ചോദ്യം ചെയ്ത ജീവനക്കാരെ അസഭ്യം പറഞ്ഞു. തിരിച്ചുപോയ ഇയാൾ ഉച്ചക്ക് ഒന്നരയോടെ തിരികെവന്ന് വനിതാ ജീവനക്കാരെ അസഭ്യം പറയുകയും ഇത് ചോദ്യം ചെയ്തപ്പോൾ കസേരകൾ തല്ലിത്തകർക്കുകയും ചെയ്തു. നാല് കസേരയാണ് തകർത്തത്. ഇതിനെതിരെ മെഡിക്കൽ ഓഫിസർ ഡോ. ബിബിത വിശ്വം ആലങ്ങാട് പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമത്തിൽ ജീവനക്കാർ യോഗം ചേർന്ന് പ്രതിഷേധിച്ചു. അക്രമിയെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. കെ.ജി.എം.ഒ.എ ജില്ല പ്രസിഡന്‍റ്​ എ.ബി. വിൻസെന്‍റ്​ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ബിബിത വിശ്വം, ഡോ. ഹരി ഗോവിന്ദ്, ഡോ. സിന മേരി, ഡോ. ജീന, എൻ.ജി.ഒ യൂനിയൻ നേതാക്കളായ അശോകൻ, രാജേഷ് പി. ഉത്തമൻ, ബീനാ ജോസ്, പി.എ. രാജി, സ്റ്റാഫ് സെക്രട്ടറി കെ.വി. ഷിബു എന്നിവർ സംസാരിച്ചു. കർശന നടപടി സ്വീകരിക്കണമെന്ന് സ്റ്റാഫ് കൗൺസിലും ആവശ്യപ്പെട്ടു. പടം EA PVR karumalloor 4 കരുമാല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്കുനേരെ നടന്ന കൈയേറ്റത്തിൽ പ്രതിഷേധിച്ച് നടത്തിയ യോഗം കെ.ജി.എം.ഒ.എ ജില്ല പ്രസിഡന്‍റ് എ.ബി. വിൻസെന്‍റ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.