തിരുവാണിയൂരിൽ അഞ്ച് സ്ഥാപനങ്ങൾക്കെതിരെ നടപടി

കോലഞ്ചേരി: തിരുവാണിയൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ വീഴ്ചകൾ കണ്ടെത്തിയ അഞ്ച് സ്ഥാപനങ്ങൾക്കെതിരെ നടപടി. തിരുവാണിയൂർ ടൗൺ, വണ്ടിപ്പേട്ട, മാമല, മറ്റക്കുഴി, പുത്തൻകുരിശ് എന്നിവിടങ്ങളിലായി 32 സ്ഥാപനങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. കാലഹരണപ്പെട്ട ലൈസൻസുമായി പ്രവർത്തിക്കുക, അടുക്കളയിൽനിന്ന്​ ആഴ്ചകളായി മാലിന്യങ്ങൾ നീക്കം ചെയ്യാതിരിക്കുക, രോഗപ്പകർച്ചക്കിടയാക്കുന്ന തരത്തിൽ ഭക്ഷണം കൈകാര്യം ചെയ്യുക എന്നീ കുറ്റങ്ങൾക്ക് അഡോറ ഹോട്ടൽ കൊച്ചങ്ങാടി, കറിച്ചട്ടി ഹോട്ടൽ വണ്ടിപ്പേട്ട, അലീന ഹോട്ടൽ പണിക്കരുപടി, സൂര്യ ടീഷോപ്പ് മാമല എന്നിവക്ക് നോട്ടീസ് നൽകി. സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ പാചകം നടത്തിവന്ന തിരുവാണിയൂരിലെ ഹൗസ് ഓഫ് ഗ്രിൽസ് എന്ന സ്ഥാപനത്തിൽ ഷവർമ പാചകം വിലക്കി. ഇവിടെനിന്ന്​ തുറസ്സായി സൂക്ഷിച്ചിരുന്ന എട്ട് കിലോ ഷവർമ, പുത്തൻകുരിശിലെ ബേക്കറിയിൽനിന്ന്​ മാംസം വറുക്കാൻ സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റർ കരിഞ്ഞ എണ്ണ എന്നിവ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ. സജിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ടി.എസ്. അജനിഷ്, പബ്ലിക് ഹെൽത്ത് നഴ്‌സ് വി.കെ. സൂസി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. നിരുത്തരവാദപരമായി പ്രവർത്തിക്കുന്ന ഭക്ഷണശാലകൾക്കെതിരെ ഇനി കർശനനടപടിയുണ്ടാകുമെന്ന് മെഡിക്കൽ ഓഫിസർ ഡോ. എം. രാജലക്ഷ്മി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.