ആലപ്പുഴ: കായലിലെ ഹൗസ് ബോട്ടുകളിൽ നിന്നുള്ള മാലിന്യം സംസ്കരിക്കാൻ പ്ലാന്റ് നിർമിക്കുന്നു. കൈനകരി പഞ്ചായത്തും കേരള ഹൗസ് ബോട്ട് ഓണേഴ്സ് ഫെഡറേഷനും സംയുക്തമായി ഒന്നാംവാർഡിൽ സി ബ്ലോക്ക് പാടശേഖരത്തിന്റെ വടക്കേചിറയിലാണ് മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കുന്നത്.
ഇതിന്റെ നിർമാണത്തിന് തുടക്കമായി. എം.ബി.ബി.ആർ (മൂവിങ് ബെഡ് ബയോഫിലിം റിയാക്ടർ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എഫ്.എസ്.ടി പ്ലാന്റ് (ഫീക്കൽ സലഡ്ജ് ട്രീറ്റ്മെന്റ് പലാന്റ്) നിർമിക്കുന്നത്. ജില്ലയിൽ രണ്ടാമത്തെ സംസ്കരണ പ്ലാന്റാണിത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കും പ്രവർത്തനം. വേമ്പനാട് കായലിന്റെയും പരിസരനദികളുടെയും മാലിന്യതോത് ഗണ്യമായി കുറക്കുകയാണ് ലക്ഷ്യം. ഒരുകോടി രൂപ അടങ്കൽ വരുന്ന പദ്ധതിയാണിത്.
900ലധികം ഹൗസ് ബോട്ടുകൾ പ്രവർത്തിക്കുന്ന ആലപ്പുഴയിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഇല്ല. മാലിന്യം നീക്കുന്നത് ഉടമകൾ നിർമിച്ച ബാർജിലാണ്.ശേഖരിക്കുന്ന മാലിന്യം ലോറികളിൽ എറണാകുളത്ത് എത്തിച്ച് സംസ്കരിക്കുകയാണ്. ഇത് ഏറെ ശ്രമകരമാണ്. പ്ലാന്റ് നിർമാണം തോമസ് കെ. തോമസ് എം.എൽ.എ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൻ എസ്. ശ്രീകല മുഖ്യപ്രഭാഷണം നടത്തി.
ഹൗസ് ബോട്ട് ഓണേഴ്സ് ഫെഡറേഷൻ ജില്ല സെക്രട്ടറി കുഞ്ഞുമോൻ മാത്യു സ്വാഗതം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളായ പ്രസീത മിനിൽകുമാർ, മധു സി. കൊളങ്ങര, കെ.എ. പ്രമോദ്, നോബിൻ പി. ജോൺ, സബിത മനു, എ.ഡി. ആന്റണി, ഐ.ആർ.ടി.സി സ്റ്റേറ്റ് കോ-ഓഡിനേറ്റർ ജയൻ ചമ്പക്കുളം, സി.ഡി.എസ് ചെയർപേഴ്സൻ തങ്കമണി അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
എം.ബി.ബി.ആർ സാങ്കേതികവിദ്യ
എസ്.ടി.പി.കളിൽ (സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ) ഉപയോഗിക്കുന്ന നൂതന ജൈവ മലിനജല ശുദ്ധീകരണ പ്രക്രിയയാണ് എം.ബി.ബി.ആർ (മൂവിങ് ബെഡ് ബയോഫിലിം റിയാക്ടർ). പോളിയെത്തിലീനിലാണ് ഇവ നിർമിക്കുന്നത്. ഗുണകരമായ സൂക്ഷ്മാണുക്കളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്വതന്ത്രമായി പൊങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് കാരിയറുകൾ ഉപയോഗിക്കുന്നു. ഈ സൂക്ഷ്മാണുക്കൾ കാരിയറുകളിൽ ഒരു സംരക്ഷിത ബയോഫിലിം ഉണ്ടാക്കുന്നു.
ഇത് ജൈവ മലിനീകരണ വസ്തുക്കളായ നൈട്രജൻ, ഫോസ്ഫറസ് എന്നിവയെ വിഘടിപ്പിച്ച് ഇല്ലാതാക്കും. പരമ്പരാഗതരീതികളെ അപേക്ഷിച്ച് വളരെകുറഞ്ഞ സ്ഥലം മാത്രമേ ഈ സാങ്കേതികവിദ്യക്ക് ആവശ്യമുള്ളൂ. മാലിന്യംനീക്കുന്നതിൽ ഉയർന്ന കാര്യക്ഷമത നൽകുന്നു. ഈ സംവിധാനം പ്രവർത്തിപ്പിക്കാൻ താരതമ്യേന എളുപ്പമാണ്. ആവശ്യാനുസരണം ടാങ്കുകളിലെ ബയോകാരിയറുകളുടെ അളവ് വർധിപ്പിച്ച് ശുദ്ധീകരണ ശേഷി എളുപ്പത്തിൽ കൂട്ടാനാകും. അധികചെളി കുറച്ചേ ഉൽപാദിപ്പിക്കുന്നുള്ളൂ.
എം.ബി.ബി.ആർ സാങ്കേതിക വിദ്യ ഉപയോഗിച്ച് മാലിന്യം സംസ്കരിക്കുന്ന പ്ലാന്റിന്റെ മാതൃക
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.