ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ ഹരിപ്പാടും കുട്ടനാടും കൂടുതൽ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേർന്ന ജില്ല സെക്രട്ടേറിയറ്റ്, മണ്ഡലം സെക്രട്ടറി എന്നിവരുടെ യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. ജില്ലയിലെ എല്ലാ സീറ്റും ജയിക്കണം. അതിനായി മണ്ഡലങ്ങളിൽ കേന്ദ്രീകരിക്കാൻ എം.എൽ.എമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം. സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കണം. സി.പി.എമ്മിന്റെ ഭവന സന്ദർശനത്തിലൂടെ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങൾ നേടണമെന്നും പിണറായി വിജയൻ നിർദേശം നൽകി.
നിലവിലെ സി.പി.എം എം.എൽ.എമാർ വീണ്ടും മത്സരിക്കുമെന്നാണ് സൂചന. അതിനാൽ എം.എൽ.എമാർ അതത് മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനും നിർദേശിച്ചിട്ടുണ്ട്. തോമസ് ഐസക്കിനെയും ജി. സുധാകരനെയും വീണ്ടും രംഗത്തിറക്കുമോയെന്ന് ഉറ്റുനോക്കുന്നവരുമുണ്ട്. ജില്ലയുടെ തെരഞ്ഞെടുപ്പു തന്ത്രം രൂപപ്പെടുത്തുന്ന ജില്ല സെന്ററിലേക്ക് സംസ്ഥാന കമ്മിറ്റിയംഗങ്ങളെ കൂടാതെ ജി. സുധാകരനെയും ഇക്കുറി നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കും ജില്ല സെന്ററിലുണ്ട്. കായംകുളത്ത് യു. പ്രതിഭ വീണ്ടും മത്സരിക്കണമെങ്കിൽ മാനദണ്ഡത്തിൽ പാർട്ടി ഇളവ് നൽകണം.
ജില്ല സെക്രട്ടറി ആർ. നാസർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാൻ, എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, ദലീമ ജോജോ, യു. പ്രതിഭ, എം.എസ്. അരുൺകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.ബി. ചന്ദ്രബാബു, കെ. പ്രസാദ്, കൺട്രോൾ കമീഷൻ ചെയർമാൻ കെ.എച്ച്. ബാഹുജാൻ, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.എം. ആരിഫ്, എ. മഹേന്ദ്രൻ, കെ.ടി. ഭഗീരഥൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.