ചെങ്ങന്നൂർ: ഹരിപ്പാട് കുടിവെള്ള പദ്ധതിക്കായി പമ്പാ നദിയിൽ മാന്നാറിൽ സ്ഥാപിച്ചിരിക്കുന്ന പമ്പ് ഹൗസിൽനിന്നു പള്ളിപ്പാട്ടെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് ജലം എത്തിക്കാനുള്ള പൈപ്പുകൾ എത്തി. കുരട്ടിശ്ശേരി പാവുക്കര മുല്ലശ്ശേരിക്കടവിലാണ് ജലസംഭരണി. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ പത്ത് പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലും കായംകുളം മണ്ഡലത്തിലെ മൂന്നു പഞ്ചായത്തുകളിലും കുടിവെള്ളം വിതരണം ചെയ്യുന്നതാണ് പദ്ധതി. തദ്ദേശീയമായി ശുദ്ധജല വിതരണ പദ്ധതികൾ ഇല്ലാത്ത അതിവിസ്തൃതമായ പഞ്ചായത്താണ് മാന്നാർ. മാന്നാർ-വീയപുരം, മാന്നാർ തട്ടാരമ്പലം, ഹരിപ്പാട്-ഇലഞ്ഞിമേൽ എന്നീ റോഡുകളിലൂടെയാകും പൈപ്പുകൾ സ്ഥാപിക്കേണ്ടി വരിക.
ആറുവർഷം മുമ്പാണ് മുല്ലശ്ശേരിക്കടവിൽ കൂറ്റൻ ജലസംഭരണി നിർമാണത്തിന് തുടക്കമിട്ടത്. അന്ന് ഏറെ പ്രതിഷേധങ്ങൾ പ്രാദേശികമായി ഉയർന്നിരുന്നു. എന്നാൽ അന്നത്തെ എം.എൽ.എ അഡ്വ കെ.കെ. രാമചന്ദ്രൻ നായർ യോഗം വിളിച്ചിരുന്നെങ്കിലും അത് പൂർണമായി വിജയം കണ്ടിരുന്നില്ല. ഇപ്പോൾ റോഡുകൾ കുത്തിപ്പൊളിച്ച് പൈപ്പുകൾ ഇടാനുള്ള നടപടികൾ ആരംഭിച്ചതോടെയാണ് വീണ്ടും ചർച്ചകളും പ്രതിഷേധങ്ങളും ഉയർന്നത്.
മാന്നാറിന്റെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി കണ്ടിരുന്ന കായംങ്കുളം തട്ടാരമ്പലം-മാന്നാർ-തിരുവല്ല ബൈപാസ് റോഡിനായി പമ്പാ നദിക്ക് കുറുകെ പാലത്തിന് അനുയോജ്യമായ സ്ഥലത്താണ് ജലസംഭരണി ഉയർന്നിരിക്കുന്നത്. ഇതിനാൽ ബൈപാസ് സാധ്യത കൂടിയൊഴിപ്പിക്കൽ എന്നിവ ഒഴിവായി കിട്ടിയതിൽ അനേകം കുടുംബങ്ങളും വസ്തുവകകൾ നഷ്ടപ്പെടാൻ ഇടയുണ്ടായിരുന്നവരും ആശ്വാസത്തിലാണ്. പൊതുജനങ്ങൾക്കും കാർഷികാവശ്യത്തിനും ഉപയോഗിക്കാവുന്ന രീതിയിൽ മുല്ലശ്ശേരിക്കടവ് പുനർ നിർമ്മിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
പമ്പ് ഹൗസുകൾ നിർമിക്കുന്നത് ശാസ്ത്രീയ പഠനങ്ങളില്ലാതെ
ശാസ്ത്രീയമായ പഠനങ്ങളില്ലാതെയാണ് പമ്പാ നദിയിൽ അടുത്തടുത്തായി രണ്ട് പമ്പിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിരിക്കുന്നത്. സൈക്കിൾ മുക്കിലും മുല്ലശ്ശേരികടവിലുമാണവ. സൈക്കിൾ മുക്കിൽനിന്നു ആലപ്പുഴ നഗരസഭക്കും അമ്പലപ്പുഴ നിയമസഭ നിയോജക മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലേക്കുമായി ജലമെടുത്ത് കരുമാടിയിലുള്ള പ്ലാന്റിൽ എത്തിച്ച് ശുചീകരിച്ച് വിതരണം ചെയ്യുന്നു. മാന്നാർ പാവുക്കര മുല്ലശ്ശേരി കടവിൽനിന്നു എടുക്കുന്ന ജലം പള്ളിപ്പാട് സ്ഥാപിച്ചിരിക്കുന്ന പ്ലാന്റിൽ ശുചീകരിച്ച് ഹരിപ്പാട് നിയമസഭ നിയോജക മണ്ഡലത്തിലെ നഗരസഭ പ്രദേശം ഉൾപ്പടെയുള്ള പഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യാനുള്ളതാണ്.
രണ്ട് പമ്പിങും കൂടി ആരംഭിക്കുന്നതോടെ പമ്പാനദിയിലെ ജലനിരപ്പ് ഗണ്യമായി താഴുകയും. പമ്പാതീരത്ത് താമസിക്കുന്ന കുടുംബങ്ങളുടെ കിണറുകളിലെ വെള്ളം വറ്റുകയും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനിടയാക്കി തീർക്കുകയും ചെയ്യും. ജലനിരപ്പു ക്രമാതീതമായി താഴുന്നതോടെ, പടിഞ്ഞാറ് നിന്നും ഉപ്പുവെള്ളം കിഴക്കോട്ട് കയറി വരുവാനും ഇടയാക്കുമെന്ന ആശങ്കയുമുണ്ട്. ഇത്തരം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമോ എന്ന സംശങ്ങൾ ദുരീകരിക്കാൻ സർക്കാറുമായി ബന്ധപ്പെട്ട ഒരു വകുപ്പുകളും ഇതുവരെ തയ്യാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.