ആലപ്പുഴ: കയർ മേഖലയിലെ കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ ചേർത്തല ഷിപ്പേഴ്സ് കൗൺസിൽ ഓഫിസിന് മുന്നിൽ വെള്ളയാഴ്ച രാവിലെ 11ന് സൂചനാപണിമുടക്ക് നടത്തും. കൊട്ടിഘോഷിച്ച് സർക്കാർ നടത്തിയ കയർ കോൺക്ലേവിൽ കൂലിവർധന പ്രഖ്യാപനം നടത്തിയെങ്കിലും ഇനിയും നടപ്പായിട്ടില്ല.
350രൂപ ദിവസകൂലിക്കാണ് തൊഴിലാളികൾ പണിയെടുക്കുന്നത്. 50 രൂപ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. 25രൂപ വീതം സംഘവും സർക്കാറും നൽകാനായിരുന്നു ധാരണ. എന്നാൽ, സർക്കാർ വിഹിതം ഇനിയും നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം.
കഴിഞ്ഞ ജൂലൈ 31ന് അവസാനിച്ച കയർ ഫാക്ടറി തൊഴിലാളികളുടെ ദീർഘകാല കരാർ പുതുക്കി കൂലി വർധിപ്പിക്കുകയെന്നതാണ് മറ്റൊന്ന്. കയറ്റുമതി സ്ഥാപനങ്ങളിലെ തൊഴിലാളികളെയും കരാർ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക, സി.ഐ.ആർ.സി തീരുമാനം അനുസരിച്ച് കൂലിയും മറ്റ് അവകാശങ്ങളും നൽകാത്ത കമ്പനി ഉടമകളെ പ്രോസിക്യൂട്ട് ചെയ്യുക, കയർ മേഖലയെ സംരക്ഷിക്കാൻ 500 കോടി രൂപ അനുവദിക്കുക, കയർതൊഴിലാളികളെ രക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും നടത്തുന്നത്.
എ.ഐ.ടി.യു.സി സംസ്ഥാനപ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. സമരസമിതി ചെയർമാൻ എ.കെ. രാജൻ അധ്യക്ഷത വഹിക്കും. എസ്. ആശാമോൾ (ബി.എം.എസ്), ബി. രാജശേഖരൻ (യു.ടി.യു.സി), ബാബു ജോർജ് (ഐ.എൻ.ടി.യു.സി), വി.കെ. ഉദയഭാനു (ടി.യു.സി.ഐ), ആർ. സുരേഷ്, പി.ഡി. ശ്രീനിവാസൻ, എൻ.പി. കമലാധരൻ, എസ്. പ്രകാശൻ, എൻ.എസ്. ശിവപ്രസാദ്, പി.വി. സന്തോഷ്, കെ.എസ്. വാസൻ എന്നിവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനർ പി.വി. സത്യനേശൻ, ചെയർമാൻ എ.കെ. രാജൻ, ഭാരവാഹികളായ ബിനീഷ് ബോയ്, സലീം ബാബു, സി.എസ്. രമേശൻ, രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.