കെ.സി. വേണുഗോപാൽ, എ.എം. ആരിഫ്,
ശോഭ സുരേന്ദ്രൻ
ആലപ്പുഴ: ഒരുമാസത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ആകാംക്ഷ മറനീക്കുന്ന സപ്രൈസ് എന്തായിരിക്കുമെന്ന ആശങ്ക മുന്നണികൾക്കും സ്ഥാനാർഥികൾക്കുമുണ്ട്.
ആലപ്പുഴയിൽ എൽ.ഡി.എഫ് സ്ഥാനാർഥി എ.എം. ആരിഫ്, യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ, എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ എന്നിവരും മാവേലിക്കരയിൽ യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ്, എൽ.ഡി.എഫ് സ്ഥാനാർഥി സി.എ. അരുൺകുമാർ, എൻ.ഡി.എ സ്ഥാനാർഥി ബൈജു കലാശാല എന്നിവരാണ് മത്സരിക്കുന്നത്.
എക്സിറ്റ്പോൾ ഫലംകൂടിവന്നതോടെ വിജയിയെ നിർണയിക്കാൻ പ്രവചനവും പന്തയവുമായി പാർട്ടി അണികളും രംഗത്തുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെ ഫലമറിയാനാകും. വിവിപാറ്റുകളും തപാൽവോട്ടുകളും എണ്ണേണ്ടതിനാൽ ഔദ്യോഗിക പ്രഖ്യാപനത്തിന് വൈകുന്നേരംവരെ കാത്തിരിക്കണം.
ജില്ലയിൽ വോട്ടെണ്ണൽ രണ്ട് കേന്ദ്രത്തിൽ നടക്കും. സെന്റ് ജോസഫ്സ് കോളജ് ഫോര്‍ വിമന്‍, എച്ച്.എസ് ആന്‍ഡ് എച്ച്.എസ്.എസാണ് ആലപ്പുഴ ലോക്സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രം. മാവേലിക്കര ബിഷപ് മൂര്‍ കോളജാണ് മാവേലിക്കര മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രം.
അരൂര്‍, കായംകുളം, കരുനാഗപ്പള്ളി നിയോജക മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ സെന്റ് ജോസഫ്സ് കോളജ് ഫോര്‍ വിമനില്‍ നടക്കും. ആലപ്പുഴ, ഹരിപ്പാട്, അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ സെന്റ് ജോസഫ്സ് ഹൈസ്കൂളിലും ചേര്‍ത്തല നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ സെന്റ് ജോസഫ്സ് എച്ച്.എസ്.എസിലും നടക്കും.
ഇലക്ടോണിക്ക് ഗാഡ്ജറ്റുകൾ (മൊബൈൽ ഫോൺ, ടാബ് ലാപ്ടോപ്പ്, സ്മാർട്ട് വാച്ച്, കാമറ തുടങ്ങിയവ) വോട്ടെണ്ണൽ കേന്ദ്രത്തിൽ അനുവദിക്കുകയില്ല. ഇവ സുരക്ഷിതമായി സൂക്ഷിക്കാൻ ഓരോ നിയമസഭ മണ്ഡലതലത്തിലും പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. പൊലീസിന്റെയും സി.എ.പി.എഫിന്റെയും നേതൃത്വത്തിൽ ത്രിതല സുരക്ഷ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
വോട്ടെണ്ണലിന്റെ അവസാനവട്ട ഒരുക്കം കലക്ടറും ഒബ്സര്‍വര്‍മാരും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തി വിലയിരുത്തി. ഓരോ നിയോജക മണ്ഡലാടിസ്ഥാനത്തിൽ കൗണ്ടിങ് ടേബിളുകള്‍, ഏജന്റുമാര്‍ക്കുള്ള ഇരിപ്പിടം, വിവി പാറ്റ് മെഷീന് എണ്ണുന്നതിന് പ്രത്യേകം തിരിച്ച വോട്ടെണ്ണല്‍ മുറി, പോസ്റ്റല്‍ വോട്ടെണ്ണലിനുള്ള കൗണ്ടിങ് ടേബിള്‍ ക്രമീകരണങ്ങള്‍, ഇ.ടി.ബി.പി.എം.എസ് വോട്ടെണ്ണല്‍ ക്രമീകരണം എന്നിവ വിലയിരുത്തി.
ഓരോ റൗണ്ടിലെയും വോട്ടെണ്ണല്‍ വിശദാംശങ്ങള്‍ എന്‍കോറില്‍ എന്റര്‍ ചെയ്യുന്നതിനുള്ള പ്രത്യേക സംവിധാനം ഓരോ നിയമസഭമണ്ഡല അടിസ്ഥാനത്തിലും തയാറാക്കിയിട്ടുണ്ട്. ഇതിനാവശ്യമായ കമ്പ്യൂട്ടറുകളും ജീവനക്കാരെയും പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. ജില്ല തെരഞ്ഞെടുപ്പ് വിഭാഗവും എന്‍.ഐ.സിയും ഐ.ടി. മിഷനും ചേര്‍ന്നാണ് സാങ്കേതിക ക്രമീകരണം ഒരുക്കുന്നതിന് നേതൃത്വം നല്‍കിയത്.
ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളുടെ റിട്ടേണിങ് ഓഫിസര്‍മാരായ ജില്ല കലക്ടർ അലക്സ് വര്‍ഗീസ്, എ.ഡി.എം വിനോദ് രാജ് എന്നിവരുടെ നിയന്ത്രണത്തിലാണ് വോട്ടെണ്ണല്‍ നടക്കുക. ജില്ലയൽ 36,989 തപാൽ വോട്ട് മാവേലിക്കര, ആലപ്പുഴ ലോക്സഭ മണ്ഡലത്തിൽ 36,989 തപാൽ വോട്ടുകളാണുള്ളത്. ആലപ്പുഴ മണ്ഡലത്തിൽ ആകെ പോൾ ചെയ്ത പോസ്റ്റൽ ബാലറ്റ് വോട്ടുകൾ 17,971 ആണ്.
ആബ്സെന്റീസ് വോട്ടുകൾ -11,842, വോട്ടർ ഫെസിലിറ്റേഷൻ സെൻറർ വോട്ടുകൾ -3047, മേയ് 29വരെ ലഭിച്ച ഇ.ടി.പി.ബി.എം.എസ് വോട്ടുകൾ -3082. മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ ആകെ പോൾ ചെയ്ത പോസ്റ്റൽ ബാലറ്റ് വോട്ടുകൾ 19018 ആണ്. ആബ്സെന്റീസ് വോട്ടുകൾ -12,069, വോട്ടർ ഫെസിലിറ്റേഷൻ സെൻറർ വോട്ടുകൾ -3410, മേയ് 25 വരെ ലഭിച്ച ഇ.ടി.പി.ബി.എം.എസ് വോട്ടുകൾ- 3539.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.