കലവൂർ: ദേശീയപാതയോരത്ത് പുലർച്ചെ ടാങ്കർ ലോറിയിൽ നിന്ന് ശുചിമുറി മാലിന്യം തള്ളുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ ഇരു ചക്രവാഹന യാത്രികരെ ലോറി ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡ് എട്ടുകണ്ടത്തിൽ എസ്.അജിത് (23), എസ്.സോജു (25) എന്നിവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. കഴിഞ്ഞ 29ന് പുലർച്ചെ പാതിരപ്പള്ളിക്ക് സമീപമായിരുന്നു സംഭവം.
സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാരായ അയൽവാസികളായ സുഹൃത്തുക്കൾ ബൈക്കിൽ ആലപ്പുഴ ഭാഗത്തേക്ക് പോകുമ്പോഴാണ് വലിയ കലവൂർ ക്ഷേത്രത്തിന് തെക്ക് റോഡരുകിൽ ടാങ്കർ ലോറി നിർത്തിയിട്ട് മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇവർ ഇത് മൊബൈൽ ഫോണിൽ പകർത്തി. ലോറിയുടെ പിന്നിലെ നമ്പർ പ്ലേറ്റ് മറച്ചിരുന്നതിനാൽ മുൻഭാഗത്തെ ദൃശ്യം എടുക്കാൻ ശ്രമിച്ചതോടെയാണ് ആക്രമണമുണ്ടായത്. ലോറി അതിവേഗം ഇവർക്ക് നേരെ വന്നു. ഇവരും വേഗത്തിൽ മുന്നോട്ട് പോയി രക്ഷപ്പെടുകയായിരുന്നു. എന്നാൽ പാതിരപ്പള്ളി തെക്ക് പെട്രോൾ പമ്പിന് സമീപം പിന്നാലെ വന്ന ടാങ്കർ ലോറി ഇവർ സഞ്ചരിച്ച ഇരു ചക്രവാഹനത്തിൽ ഇടിച്ചശേഷം നിർത്താതെ പോവുകയായിരുന്നു. അപകടം കണ്ട് പിന്നാലെ വാഹനങ്ങളിൽ വന്നവർ ചേർന്നാണ് ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. അജിത്തിന്റെ നെറ്റിയിലും ഇരുകൈകളിലും ഇരുകാൽമുട്ടിലും കാലിന്റെ ഉപ്പൂറ്റിയിലും പരിക്കേറ്റു. സോജുവിനും കൈയ്ക്കും കാലിനും പരിക്കുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഇവരെ ഇടിച്ച വാഹനം കണ്ടെത്തുന്നതിനും പ്രതികൾക്കുമായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.