നഷ്ടം സഹിച്ച്​ മടുത്തു; കുട്ടനാട്ടിൽ രണ്ടാംകൃഷി പകുതിയായി കുറഞ്ഞു

ആലപ്പുഴ: കുട്ടനാട്ടിൽ മുൻ വർഷത്തെ അപേക്ഷിച്ച് രണ്ടാംകൃഷി പകുതിയായി കുറഞ്ഞു. കഴിഞ്ഞ സീസണിൽ വിരിപ്പ്, മുണ്ടകൻ ഉൾപ്പെടെ 15,280 ഹെക്ടറിൽ കൃഷി ഇറക്കിയിരുന്നെങ്കിൽ ഈ വർഷം ഇതുവരെ 7225 ഹെക്ടറിൽ മാത്രമാണ് കൃഷിയിറക്കിയത്.

അഞ്ചു വർഷത്തിനിടെ ഏറ്റവും കുറവ് രണ്ടാം കൃഷി ഇറക്കിയിരിക്കുന്നത് ഈ വർഷമാണ്. അധികൃതരുടെ അവഗണനയും പ്രകൃതിക്ഷോഭവും ഉൾപ്പെടെ കാരണങ്ങളാൽ കുട്ടനാട്ടിൽ കൃഷിയിറക്കുന്നതിൽനിന്ന് കർഷകർ പിന്നോട്ടു പോകുന്നതി‍െൻറ സൂചനയുമാണിത്. എന്നാൽ, കൃഷിയുടെ വ്യാപ്തി കുറഞ്ഞോ എന്ന് ഈ ഘട്ടത്തിൽ പറയാൻ കഴിയില്ലെന്നാണ് കൃഷി വകുപ്പ് അധികൃതരുടെ പക്ഷം.

ഫലപ്രദമാകാത്ത കുട്ടനാട് പാക്കേജ് അടക്കം കാരണങ്ങളാലാണ് കർഷകർക്ക് പ്രതീക്ഷ നശിച്ചത്. നടപ്പാകാത്ത ഒന്നാം കുട്ടനാട് പാക്കേജും അനന്തമായി നീളുന്ന രണ്ടാം പാക്കേജും സഹായകമാകുമെന്ന പ്രതീക്ഷ തീർത്തും ഇല്ലാതായി.

ഒന്നാം പാക്കേജിന്റെ ആരംഭത്തിൽ 1840 കോടി അനുവദിക്കുകയും പിന്നീട് 3600 കോടി വരെയായി ഉയർത്തുകയും ചെയ്തെങ്കിലും പാക്കേജ് തന്നെ പാതി വഴിയിൽ ഉപേക്ഷിച്ചു. രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചെങ്കിലും നദി ആഴം കൂട്ടലിന്റെ മറവിൽ മണൽ ഖനനം മാത്രമാണ് നടക്കുന്നതെന്നാണ് കർഷകരുടെ ആരോപണം.

പാക്കേജിലെ പ്രധാന പദ്ധതി പാടശേഖരങ്ങളുടെ പുറംബണ്ട് സംരക്ഷണവും നീരൊഴുക്ക് സുഗമമാക്കുന്നതിനായി ജലാശയങ്ങൾ ശുചീകരിച്ച് ആഴം കൂട്ടുന്നതുമായിരുന്നു. എന്നാൽ, നോർത്ത് കുട്ടനാട്ടിലെ ചില കായൽ നിലങ്ങളിൽ പയൽ ആൻഡ് സ്ലാബ് സംവിധാനത്തിൽ ബണ്ട് നിർമിച്ചത് ഫലപ്രദമാണെന്ന് ഉറപ്പിക്കാൻ ഇനിയുമായിട്ടില്ല. ബണ്ട് ബലപ്പെടുത്തൽ പദ്ധതി ഫലപ്രദമായി നടത്തിയിരുന്നെങ്കിൽ ജില്ലയിലെ 54000 ഹെക്ടർ നെൽപാടങ്ങൾ സുരക്ഷിതമാകുമായിരുന്നു.

ജലാശയങ്ങൾ ആഴം കൂട്ടാൻ കഴിയാതിരുന്നതും പുറംബണ്ടുകൾ ബലപ്പെടുത്താത്തതും കാരണം 20000 ഹെക്ടറോളം പുഞ്ച കൃഷിയിൽ കുറവു വന്നിട്ടുണ്ട്. വിളവെടുപ്പ് അടുക്കുമ്പോൾ മടവീണ് കൃഷിനാശം സംഭവിക്കുന്നതാണ് അടുത്ത കാലത്ത് കണ്ടുവരുന്നത്. വീയപുരം, ചെറുതന, തലവടി തുടങ്ങിയ കൃഷിഭവൻ പരിധിയിൽ രണ്ടാം കൃഷി പേരിന് പോലുമില്ല.

തകഴി കൃഷിഭവൻ പരിധിയിൽ ഭൂരിപക്ഷം പാടശേഖരങ്ങളിലും കഴിഞ്ഞ സീസണിൽ രണ്ടാം കൃഷിയിറക്കിയെങ്കിലും വിളവെടുപ്പ് വേളയിൽ തകർന്നടിഞ്ഞതോടെ പല പാടശേഖരങ്ങളും ഈ വർഷം പിന്മാറി.തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകൾ അറ്റകുറ്റപ്പണികൾ കാലാകാലങ്ങളിൽ നടത്താറുണ്ടെങ്കിലും ഉപ്പുവെള്ളം പ്രതിരോധിക്കാൻ കഴിയുന്നില്ല. രണ്ടാം കൃഷി നെല്ല് ഉൽപാദിപ്പിക്കുന്നവർക്ക് വിള ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുന്നില്ല.

Tags:    
News Summary - This year, the second crop was the lowest in five years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.