‘കേരള ചിക്കൻ’പദ്ധതി പാതിവഴിയിൽ
ആലപ്പുഴ: കുടുംബശ്രീയുടെ ‘കേരള ചിക്കൻ പദ്ധതി’യിൽ തുടങ്ങിയത് ഏഴ് ഫാമുകൾ മാത്രം. ജില്ല കുടുംബശ്രീ മിഷൻ നേതൃത്വത്തിൽ സുരക്ഷിതവും സംശുദ്ധവുമായ കോഴിയിറച്ചി ലഭ്യമാക്കാൻ 80 കേരള ചിക്കൻ ഔട്ട്ലറ്റുകൾ തുറക്കുകയായിരുന്നു ലക്ഷ്യം.
ഔട്ട്ലറ്റുകളും ഫാമുകളും തുറക്കുന്ന രീതിയിലാണ് പ്രവർത്തനം. ജില്ലയിൽ പദ്ധതി തുടങ്ങിയെങ്കിലും ഏഴു ഫാമുകളാണുള്ളത്. കഞ്ഞിക്കുഴി -നാല്, ഹരിപ്പാട് -ഒന്ന്, ഭരണിക്കാവ് -രണ്ട് എന്നിങ്ങനെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ഇതുവരെ ഔട്ട്ലറ്റുകൾ തുടങ്ങാനായിട്ടില്ല.
നിലവിൽ 20,000 കോഴികളെ മാത്രമാണ് ഉൽപാദിപ്പിക്കുന്നത്. 80,000 കോഴികളാക്കി ഉൽപാദനം വർധിപ്പിച്ചാൽ മാത്രമേ കൃത്യമായ വിപണനം സാധ്യമാകൂ. ഇതിനൊപ്പമാണ് ഔട്ട്ലറ്റുകൾ തുറക്കേണ്ടത്. കൂടുതൽ ഫാമുകൾ ഇല്ലാത്തതാണ് ഇതിന് തടസ്സം. കൂടുതൽ ഫാമുകൾ തുറക്കാനുള്ള അപേക്ഷയും കുടുംബശ്രീ ക്ഷണിച്ചിട്ടുണ്ട്.
കുടുംബശ്രീ അംഗങ്ങളായ വനിതകൾക്കാണ് മുൻഗണന. കുറഞ്ഞത് 1000 കോഴികളെ വളർത്താവുന്ന റോഡുകളോട് ചേർന്ന ഫാമുകളാണ് വേണ്ടത്. അടിസ്ഥാനസൗകര്യമൊരുക്കുന്നതിന് 1200 ചതുരശ്രയടി വിസ്തീർണം വേണം.നിലവിലുള്ളത് മികച്ച രീതിയിൽ പ്രവർത്തിപ്പിക്കാനും പദ്ധതി ലക്ഷ്യത്തിലെത്തിക്കാനും കൂടുതൽ ഫാമുകൾ വേണം. ഇതിനുള്ള പ്രവർത്തനം കുടുംബശ്രീ ജില്ല മിഷൻ ആരംഭിച്ചിട്ടുണ്ട്. രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി ഏറെ വൈകിയാണ് ആലപ്പുഴയിൽ കേരള ചിക്കൻ തുടങ്ങിയത്.
24 ഫാമുകൾ, ഒമ്പത് ഔട്ട്ലറ്റുകൾ എന്നിവ ആദ്യഘട്ടത്തിൽ തുറക്കാനായിരുന്നു തീരുമാനം. പൊതുവിപണിയിൽ കോഴിയിറച്ചി വിലക്കയറ്റം നിയന്ത്രിക്കാനും ഗുണമേന്മയുള്ള ഇറച്ചി ലഭ്യമാക്കാനും ലക്ഷ്യമിട്ട് 2017ലാണ് കേരള ചിക്കൻ പദ്ധതി ആരംഭിച്ചത്.കുടുംബശ്രീ അംഗങ്ങളായ കോഴി കർഷകർക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തുന്ന പദ്ധതി മൃഗസംരക്ഷണ വകുപ്പ്, കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെന്റ് കോർപറേഷൻ എന്നിവയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയാണ് പ്രവർത്തനം ഏകോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.