അപകടഭീതിയുയർത്തുന്ന റോഡിൽ ജനപ്രതിനിധികൾ പ്രതിഷേധിക്കുന്നു
ഉയരപ്പാത നിർമാണസ്ഥലത്ത് സംഘർഷം; അപകടഭീതി ഉയർത്തുന്ന പുതിയ റോഡ് ജനപ്രതിനിധികൾ അടപ്പിച്ചു
അരൂർ: ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി കുമ്പളം പാലത്തിന്റെ അരൂർ ഭാഗത്തേക്കുള്ള ഇറക്കത്തിൽ വാഹനങ്ങൾ കടത്തിവിടാൻ പുതുതായി തുറന്ന റോഡിൽ അപകട ഭീതി. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ജനപ്രതിനിധികൾ ഇടപെട്ട് താൽക്കാലാകമായി അടപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പഞ്ചായത്ത് പ്രസിഡന്റ സി.കെ. പുഷ്പൻ, ബ്ലോക്ക് പഞ്ചായത്തംഗം എം.എൻ. സിമിൽ എന്നിവർ സ്ഥലത്തെത്തിയാണ് റോഡിലെ ഗതാഗതം നിർത്തിയത്.
റോഡ് അപാകതകൾ നീക്കി പുനർനിർമിക്കുന്നു
റോഡിന്റെ വീതിക്കുറവും സമീപത്തുതന്നെയുള്ള മൂടിയില്ലാത്ത കാനയുമാണ് അപകടഭീഷണി ഉയർത്തുന്നത്. ഓടക്കരുകിൽ വെള്ളം നിറച്ച വീപ്പകൾ നിരത്തിയാണ് കരാൻ കമ്പനിക്കാർ പുതിയ റോഡ് തുറന്നത്. പ്രദേശവാസികൾക്ക് അരൂർ പള്ളിക്കവലയിലേക്ക് സഞ്ചരിക്കാനുള്ള സൗകര്യങ്ങൾ നിഷേധിച്ചാണ് പുതിയ ഗതാഗതസംവിധാനം നടപ്പാക്കിയത്. ഇതിനെ പ്രദേശവാസികൾ എതിർത്തതോടെയാണ് ജനപ്രതിനിധികൾ സ്ഥലത്തെത്തിയത്. അരൂർ പൊലീസും എത്തിയിരുന്നു. ജനങ്ങൾക്ക് സുരക്ഷിത യാത്രാസൗകര്യം ഉറപ്പുവരുത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. പുഷ്പൻ ആവശ്യപ്പെട്ടു.
പുതുതായി തുറന്ന റോഡ് അടച്ചു. തുടർന്ന് റോഡിന്റെ വീതി കൂട്ടി ടാറിങ് തുടങ്ങി. 200 മീറ്ററോളം ദൈർഘ്യമുള്ള റോഡാണിത്. റോഡിന്റെ ഒരു ഭാഗത്ത് തുറന്നുകിടക്കുന്ന ഓടയുണ്ട്. ഓടക്കുമേൽ കോൺക്രീറ്റ് മൂടിയിട്ടശേഷമേ ഗതാഗതം പുനഃസ്ഥാപിക്കൂവെന്ന് അധികൃതർ ഉറപ്പുനൽകി.
രണ്ടുദിവസത്തിനുള്ളിൽ ടാറിങ് പൂർത്തിയാക്കി റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കും. അരൂർ മനോരമ ഓഫിസിന്റെ മുൻഭാഗം മുതൽ പള്ളിബൈപാസ് കവലവരെ എത്തുന്നതാണ് റോഡ്. കുമ്പളം പാലത്തിന്റെ അരൂർ കരമുതൽ പള്ളിക്കവല വരെ ഉയരപ്പാതയുടെ ഭാഗമായുള്ള പണികൾ പുരോഗമിക്കുകയാണ്. അരുർ-കുമ്പളം ഇരട്ടപ്പാലത്തിൽ വാഹനത്തിരക്ക് ഒഴിവാക്കാനാണ് അധികാരികൾ പുതിയ ഗതാഗതസാധ്യത തേടുന്നത്. പള്ളിക്കവലയിൽ പാലത്തിലേക്ക് വാഹനങ്ങൾ പോകുന്നതും വരുന്നതുമായ ഭാഗത്ത് കുപ്പിക്കഴുത്തു പോലെയാണ്. ഈ ഭാഗത്ത് രാവിലെയും വൈകിട്ടും വലിയ ഗതാഗതകുരുക്ക് അനുഭവപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.