റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ആലപ്പുഴ കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ മന്ത്രി എ.പി. അനിൽകുമാർ സംസാരിക്കുന്നു
ദുരന്തപ്രതിരോധം: ആലപ്പുഴക്ക് പ്രത്യേക പാക്കേജ് പരിഗണനയിൽ -മന്ത്രി
ആലപ്പുഴ: കാലവർഷക്കെടുതി ഉൾപ്പെടെ ദുരന്തസാഹചര്യങ്ങൾ കാര്യക്ഷമമായി പ്രതിരോധിക്കാൻ ജില്ലക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി എ.പി. അനിൽകുമാർ. റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയസാഹചര്യം ഒഴിവാക്കാൻ മണ്ണ് നീക്കംചെയ്ത് ജലാശയങ്ങളുടെ ആഴം കൂട്ടും. തോട്ടപ്പള്ളി സ്പിൽവേ നവീകരണം സാധ്യമാക്കും.
100 ദിന കർമപരിപാടിയുടെ ഭാഗമായി പട്ടികജാതി-വർഗ, തീരദേശ-മത്സ്യത്തൊഴിലാളി വിഭാഗങ്ങളിൽ അർഹരായ മുഴുവനാളുകൾക്കും പട്ടയം വിതരണം ചെയ്യും. ജില്ലയിൽനിന്ന് ലഭിച്ച 419 പട്ടയ അപേക്ഷകളും പരിഗണിക്കും. റവന്യൂ ഓഫിസുകൾ കൂടുതൽ ജനസൗഹൃദമാകണം. ഡിജിറ്റൽ സർവേ ഉൾപ്പടെ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിന് കൂടുതൽ സർവേയർമാരെ താൽക്കാലികമായി നിയമിക്കും. 16 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ പൂർത്തിയായി.
14 ഇടങ്ങളിൽ തുടരുന്നു. തരംമാറ്റാനുള്ള അപേക്ഷകൾ അതിവേഗം തീർപ്പാക്കും. 38 സ്മാർട്ട് വില്ലജ് ഓഫിസുകളുടെ നിർമാണം പൂർത്തിയായി. വീയപുരം, ചുനക്കര, മാന്നാർ എന്നിവിടങ്ങളിലെ സ്മാർട്ട് വില്ലജ് ഓഫിസുകളുടെ ഉദ്‌ഘാടനം, 6700 തരംമാറ്റ അപേക്ഷകളുടെ തീർപ്പാക്കൽ, 26 പട്ടയ വിതരണം, അനധികൃത കൈയേറ്റവുമായി ബന്ധപ്പെട്ട 60 കേസുകൾ, ഭൂനികുതിയിലൂടെ നാലുകോടി രൂപയുടെ സമാഹരണം എന്നിവ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കും.
ജില്ലയിൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് 99.9 ശതമാനം ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. അരൂർ-തുറവൂർ ഉയരപ്പാത, തുറവൂർ-പറവൂർ-കൊറ്റുകുളങ്ങര-ഓച്ചിറ മേഖലകളിലെ നിർമാണം വേഗത്തിലാക്കൽ എന്നിവക്ക് നടപടി സ്വീകരിക്കും. തീരദേശ പാത, വികസന ജങ്ഷൻ-സൗത്ത് ചെല്ലാനം, ചെങ്ങന്നൂർ ബൈപാസ് എന്നിവയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്തും. ലാൻഡ് റവന്യൂ കമീഷണർ എച്ച്. ദിനേശൻ, സർവേ-ലാൻഡ് റെക്കോർഡ്‌സ് വകുപ്പ് ഡയറക്ടർ ഡോ. ജെ.ഒ. അരുൺ, ജില്ല കലക്ടർ ഷാജി വി. നായർ, എ.ഡി.എം സി. പ്രേംജി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. തുടർന്ന് ജില്ലയിലെ വില്ലേജ് ഓഫിസർമാരുമായി മന്ത്രി ഓൺലൈൻ യോഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.