മാന്നാർ സ്റ്റോർ ജങ്ഷനിലെ ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാൻഡ്
മാന്നാർ പഞ്ചായത്ത് ബസ് സ്റ്റാൻഡ്: നവീകരണത്തിന് രണ്ടു കോടിയുടെ പദ്ധതി
ചെങ്ങന്നൂർ: പതിറ്റാണ്ടായി അവഗണനയുടെ ബാക്കി പത്രമായി അനാഥമായി മാറിയ മാന്നാർ സ്റ്റോർ ജങ്ഷനു സമീപമുള്ള ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാൻഡ് നവീകരണത്തിന് രണ്ടു കോടിയുടെ പദ്ധതി പ്രാവർത്തികമാകുന്നു. യാത്രാ തിരക്കും വാഹനങ്ങളുടെ ബാഹുല്യവും കൊണ്ട് വീർപ്പുമുട്ടുന്ന 20 കിലോമീറ്റർ ദൈർഘ്യമുള്ള തിരുവല്ല- കായംങ്കുളം സംസ്ഥാന പാതയിൽ മാവേലിക്കരക്കും - തിരുവല്ലക്കും മധ്യേയുള്ള ഏക സ്റ്റാന്റാണിത്. ജനകീയാസൂത്രണ പദ്ധതിയാരംഭിച്ചപ്പോൾ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം. ദേവരാജൻ നായറിന്റെ കാലത്താണ് സ്ഥലം ഏറ്റെടുത്ത് ബസ് സ്റ്റാന്റ് യാഥാർഥ്യമാക്കിയത്.
രാജ്യസഭാംഗമായിരുന്ന എസ്. രാമചന്ദ്രൻ പിള്ളയുടെ ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ച് കെട്ടിട നിർമാണോദ്ഘാടനം അന്നത്തെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.എസ് സുജാതയാണ് 2000 ഏപ്രിൽ 19നു നിർവഹിച്ചത്. യുദ്ധ കാലാടിസ്ഥാനത്തിൽ 100 ദിവസത്തിനുള്ളിൽ പണി പൂർത്തീകരിച്ച് ആഗസ്റ്റ് ഒന്നിന് പ്രവർത്തനമാരംഭിക്കുകയും പെയ്തു.
എന്നാൽ, തുടർന്നു മാറി വരുന്ന ഇടതു-വലതു ഭരണ സമിതികളുടെ ഭാഗത്തു നിന്നും കാര്യമായ ഇടപെടലുകൾ ഇല്ലാതായതോടെയാണ് സ്റ്റാൻഡിൽ ബസുകൾ കയറാതാവുകയും മദ്യപരുടെ സങ്കേതമായി മാറുകയും ചെയ്തു. തുടർന്ന് ജനങ്ങളുടെ ഭാഗത്തു നിന്നുള്ള ഇടപെടലുകളെ തുടർന്ന് സജി ചെറിയാൻ മന്ത്രിയായിരിക്കെയാണ് രണ്ടു കോടി അനുവദിച്ചത്.
ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും നിർമാണ പ്രവർത്തനങ്ങളെ കുറിച്ച് ആലോചിക്കുന്നതിനായി ഇദ്ദേഹം സ്ഥലം സന്ദർശിക്കുകയും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തുകയും ചെയ്തു. യാത്രക്കാർക്കും ബസ് ജീവനക്കാർക്കും കൂടുതൽ സൗകര്യപ്രദമായ അന്തരീക്ഷമൊരുക്കി നിലവാരം ഉയർത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ബി.കെ പ്രസാദ്, ജില്ല പഞ്ചായത്തംഗം ജി. കൃഷ്ണകുമാർ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പഴവൂർ, മുതിർന്ന കോൺഗ്രസ് മാന്നാർ അബ്ദുൽ ലത്തീഫ്, സി.പി.എം ഏരിയാ സെക്രട്ടറി പി.എൻ ശെൽവരാജൻ, പ്രൊഫ. പി.ഡി ശശിധരൻ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.