നിർമാണം പുരോഗമിക്കുന്ന നാൽപാലം
ആലപ്പുഴ: ബീച്ചിന് സമീപത്തെ മുപ്പാലം പൊളിച്ച് നാൽപാലമാക്കുന്നതിനുള്ള പ്രവൃത്തികൾ അവസാനഘട്ടത്തിൽ. നാൽപാലത്തിന്റെ നിർമാണം 90 ശതമാനം പൂർത്തിയായി. ഡിസംബറിൽ പാലം തുറന്നുനൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയിലും പാറ ക്ഷാമത്തിലും കുരുങ്ങിയാണ് നിർമാണം നീണ്ടത്. നിർമാണം നടത്തിയതിന്റെ ബില്ലുകൾ പാസാക്കി തുക നൽകുന്നതിൽ വലിയ കാലതാമസമാണ് ഉണ്ടായത്. അതിനുപിന്നാലെയാണ് പാറ കിട്ടാനില്ലാതായത്. പാലങ്ങളുടെ കോൺക്രീറ്റിങ് അടക്കം പ്രധാന നിർമാണങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്.
മിനുക്കുപണികളാണ് അവശേഷിക്കുന്നത്. കൈവരികൾ സ്ഥാപിക്കൽ, അപ്രോച്ച് സ്ലാബിന്റെ ടാറിങ്, അപ്രോച്ച് റോഡുകളുടെ നിർമാണം, അവയുടെ ടാറിങ്, നടപ്പാതയിൽ ടൈൽ ഇടൽ, പെയിന്റിങ്, വൈദ്യുതീകരണം എന്നിവയാണ് ശേഷിക്കുന്നത്. പണി തീരുമ്പോൾ നാലുഭാഗത്തേക്കും കനാലിൽ ജലഗതാഗതവും കനാലിന്റെ എട്ടു കരകളിലൂടെ വാഹനഗതാഗതവും സുഗമമാകും. കാലപ്പഴക്കം ചൂണ്ടിക്കാട്ടിയാണ് മുപ്പാലം പൊളിച്ചത്. നിർമാണം പൂർത്തിയാകുന്നതോടെ നാൽപാലം കേന്ദ്രീകരിച്ച് വിനോദക്കാഴ്ചകൾ ഉറപ്പാക്കാനും പദ്ധതിയുണ്ട്.
2020 ആഗസ്റ്റിലാണ് മുപ്പാലം പൊളിച്ച് നാൽപാലം നിർമിക്കുന്നതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്ന ഉറപ്പിലാണ് നിർമാണം ആരംഭിച്ചത്. എന്നാൽ, സർക്കാർ ബിൽ മാറി നൽകാതിരുന്നതും നിർമാണ വസ്തുക്കളുടെ ക്ഷാമവും നിമിത്തം നിർമാണം ഇഴയുകയായിരുന്നു. 17.44 കോടി രൂപയാണ് പാലങ്ങളുടെ നിർമാണചെലവ്.
നിലവിലെ മുപ്പാലത്തിന് അഞ്ചുമീറ്റർ വീതിയും 22 മീറ്റർ നീളവുമായിരുന്നുണ്ടായിരുന്നത്. 23 മീറ്റർ നീളവും 7.50 മീറ്റർ കാര്യേജ് വിസ്തൃതിയുള്ള മൂന്നു പാലങ്ങളും 26 മീറ്റർ നീളവും 7.50 മീറ്റർ കാര്യേജ് വിസ്തൃതിയുള്ള ഒരുപാലവും ഇരുവശത്തും വീതിയുള്ള നടപ്പാതയും ഉൾപ്പെടുന്നതാണു നാൽപ്പാലത്തിന്റെ നിർമാണം.
പാലത്തിൽ വെളിച്ചംകിട്ടാൻ സൗരോർജ വിളക്കുകളും സ്ഥാപിക്കും. വിളക്കുകൾ സ്ഥാപിക്കുന്ന ചുമതല കെ.എസ്.ഇ.ബിക്കാണ്. 2018ലെ റേറ്റ് അനുസരിച്ചാണ് നിർമാണ കമ്പനി വർക്ക് കരാറെടുത്തത്. ജോലി തുടങ്ങാൻ കാലതാമസമുണ്ടായി. നിർമാണ സാമഗ്രികൾക്ക് വലിയ വിലവർധന ഉണ്ടായത് കമ്പനിയെ ബാധിച്ചതും നിർമാണം നീളാൻ കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.