ചെങ്ങന്നൂർ: തെരഞ്ഞെടുപ്പിൽ ഇക്കുറിയും തിളക്കമാർന്ന വിജയം നേടി വ്യത്യസ്ത പഞ്ചായത്തുകളിൽ ഉപാധ്യക്ഷരായ സഹോദരിമാരുടെ ചുമലിൽ ഗ്രാമ ഭരണവും ഭദ്രമെന്ന് വീണ്ടും തെളിയിക്കുകയാണ്. പുലിയൂർ, ചെറിയനാട് പഞ്ചായത്തുകളുടെ വൈസ് പ്രസിഡൻറുമാരായി തെരഞ്ഞെടുക്കപ്പെട്ട ടി.ടി. ഷൈലജയും (50) ഷാളിനിയുമാണ് (48) വ്യത്യസ്തരായി മാറിയ ഈ സഹോദരിമാർ. പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി 2015-20 കാലയളിൽ ഷൈലജ പ്രവർത്തിച്ചപ്പോൾ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു ഷാളിനി. ഭരണപരിചയത്തിൽ മികവു തെളിയിച്ച ഇരുവരും സി.പി.എം പ്രതിനിധികളാണ്.
ഷൈലജ പുലിയൂർ പഞ്ചായത്ത് 13ാം വാർഡിൽനിന്നും ഷാളിനി ചെറിയനാട് 12ാം വാർഡിൽനിന്നുമാണ് ഇക്കുറി വിജയിച്ചത്. കഴിഞ്ഞ തവണയും ഇവർ ഒന്നിച്ച് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഷൈലജ മൂന്നാം തവണയാണ് പഞ്ചായത്ത് അംഗമാവുന്നത്.
ആദ്യ തവണതന്നെ പഞ്ചായത്ത് വൈസ് പ്രസിഡൻറായി. രണ്ടാം തവണ പ്രസിഡൻറായിരുന്നു. ഇപ്പോൾ വീണ്ടും വൈസ് പ്രസിഡൻറാവുകയാണ്. ഷാളിനി 2015-20ൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു.
ദീർഘകാലം സി.പി.എം ചെറിയനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന കൊല്ലകടവ് താഴത്തെ വീട്ടിൽ പീടികയിൽ പരേതനായ എൻ.ജി. തങ്കപ്പെൻറയും പി.എൻ. ഓമനയുടെയും മക്കളാണ് ഇവർ.
പിതാവിെൻറ പാത പിന്തുടർന്ന് പൊതുരംഗത്ത് എത്തുകയായിരുന്നു. അഖിലേന്ത്യ മഹിള അസോസിയേഷൻ മാന്നാർ ഏരിയ ജോയൻറ് സെക്രട്ടറികൂടിയായ ഷൈലജ ജില്ല സ്പോർട്സ് കൗൺസിൽ, ലൈബ്രറി കൗൺസിൽ ജില്ല കമ്മിറ്റി തുടങ്ങി ഒട്ടേറെ സംഘടനകളുടെ ഭാരവാഹിയുമാണ്. പുലിയൂർ ഇലഞ്ഞിമേൽ പള്ളത്ത് കിഴക്കേതിൽ പരേതനായ സുധികുമാറാണ് ഭർത്താവ്. 18 വർഷം മുമ്പായിരുന്നു അദ്ദേഹത്തിെൻറ മരണം. മകൻ: അശ്വിൻ.
രണ്ടാം വട്ടവും ചെറിയനാട് സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഷാളിനിയും നിരവധി സംഘടനകളുടെ സജീവ പ്രവർത്തകയാണ്.
പിതാവിെൻറ മരണശേഷം ചെറിയനാട്ടെ കുടുംബവീട്ടിലാണ് താമസം. ബിസിനസുകാരനായ രാജനാണ് ഭർത്താവ്. മകൾ: അശ്വനിരാജ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.