ആലപ്പുഴയിലെത്തിയ സമരാഗ്നി യാത്രയെ കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചാനയിക്കുന്നു
ആലപ്പുഴ: ജില്ലയിൽ കോൺഗ്രസിന്റെ ശക്തി തെളിയിച്ച് സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രക്ക് വൻ വരവേൽപ്പ്. ആലപ്പുഴ നഗരത്തിലും മാവേലിക്കരയിലും നടന്ന സ്വീകരണ സമ്മേളനങ്ങൾക്ക് എത്തിയത് ആയിരങ്ങളാണ്. കോട്ടയത്ത് നിന്ന് ജില്ലയിലെ തണ്ണീർമുക്കത്തെത്തിയ ജാഥാംഗങ്ങളെ ആലപ്പുഴ നഗരത്തിലെ തോണ്ടംകുളങ്ങരയിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയിൽ കോൺഗ്രസ് പ്രവർത്തകരുടെ വലിയ നിര സ്വീകരിച്ച് ആനയിക്കുകയായിരുന്നു. പൊതുസമ്മേളന സ്ഥലമായ എസ്.ഡി.വി ഹൈസ്കൂൾ മൈതാനത്തെ പന്തൽ വൈകീട്ട് മൂന്നരയോടെ തന്നെ പ്രവർത്തകരെ കൊണ്ട് നിറഞ്ഞ് കവിഞ്ഞു.
ആലപ്പുഴയിലെ സ്വീകരണത്തിൽ മുഖ്യാതിഥിയായെത്തിയ കനയ്യ കുമാറിനെ വൻ കരഘോഷത്തോടെയാണ് സദസ്സ് വരവേറ്റത്. സംസ്ഥാന രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും വിശദീകരിച്ച് ബിന്ദുകൃഷ്ണ നടത്തിയ പ്രസംഗത്തോടെ സദസ്സ് ആവേശത്തിലായി. വൈകീട്ട് മൂന്നരക്ക് ജാഥാംഗങ്ങളെ സ്വീകരിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അവർ എത്തിയപ്പോൾ ആറുമണിയോളമായി. അതിനകം യൂത്തുകോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടം, കനയ്യ കുമാർ തുടങ്ങിയവരുടെ പ്രസംഗങ്ങളും പ്രവർത്തകരെ ആവേശം കൊള്ളിച്ചു. രാഹുൽ മാങ്കൂട്ടത്തെ വൻ കരഘോഷത്തോടെയാണ് സദസ്സ് വേദിയിലേക്ക് വരവേറ്റത്.
സമരാഗ്നി യാത്രക്ക് ആലപ്പുഴ എസ്.ഡി.വി ഹൈസ്കൂൾ മൈതാനത്ത് നൽകിയ സ്വീകരണം
ആറുമണിയോടെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സംയുക്തമായി നയിക്കുന്ന ജാഥ എസ്.ഡി.വി ഹൈസ്കൂൾ മൈതാനത്ത് എത്തി. ഇരുവരും എ.ഐ.സി.സി അംഗം കെ.സി വേണുഗോപാലിനൊപ്പം തുറന്ന വാഹനത്തിൽ മൈതാനത്തേക്ക് എത്തുകയായിരുന്നു. വൻ മുദ്രാവാക്യം വിളിയോടുകൂടിയാണ് മൂന്നുപേരെയും വേദിയിലേക്ക് പ്രവർത്തകർ വരവേറ്റത്. കാസർകോട് സമരാഗ്നി ജാഥ ഉദ്ഘാടനം ചെയ്ത കെ.സി വേണുഗോപാലാണ് ആലപ്പുഴയിലും യോഗം ഉദ്ഘാനം ചെയ്തത്. അരൂർ, ചേർത്തല, കുട്ടനാട്, ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളിലെ പ്രവർത്തകരാണ് ആലപ്പുഴയിലെ സ്വീകരണത്തിന് എത്തിയത്.
മാവേലിക്കരയിൽ വളരെ വൈകി രാത്രി 8.30 ഓടെയാണ് ജാഥ എത്തിയതെങ്കിലും കാത്തിരുന്നത് ആയിരങ്ങളായിരുന്നു. മാവേലിക്കരയിൽ എത്തിയ ജാഥയെ എ.വി.ജെ ജങ്ഷനിൽ സ്വീകരിച്ച് ജോർജ്ജിയൻ ഫൈനാൻസിയേഴ്സ് ഗ്രൗണ്ടിൽ എത്തിച്ചു. കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. ബി. ബാബു പ്രസാദ് അധ്യക്ഷത വഹിച്ചു. ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ പ്രവർത്തകരാണ് മാവേലിക്കരയിലെ സമ്മേളനത്തിൽ പങ്കെടുത്തത്.
സമരാഗ്നി ജാഥയോടെ ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർഥിയാരെന്ന സൂചന ലഭിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല. എ.ഐ.സി.സി അംഗം കെ.സി വേണുഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയത് അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തിന്റെ സൂചനയായി പലരും അഭിപ്രായപെട്ടെങ്കിലും നേതാക്കളാരും അതെ കുറിച്ച് ഒന്നും പറഞ്ഞില്ല.
സ്വാഗതം ചെയ്ത ഡി.സി.സി പ്രസിഡന്റ് ബാബു പ്രസാദും സ്വാഗത പ്രസംഗകനും ആലപ്പുഴയുടെ മണ്ണിൽ നിന്ന് വളർന്ന് കോൺഗ്രസിന്റെ അമരത്ത് എത്തിയ കെ.സി വേണുഗോപാലിനെ ഒട്ടേറെ വിശേഷണങ്ങളോടെയാണ് അഭിസംബോധന ചെയ്തത്. കാസർകോട് ജാഥ ഉദ്ഘാടനം ചെയ്ത അേദ്ദഹം ഇവിടെയും ഉദ്ഘാടകനായെത്തിയത് ആലപ്പുഴയോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തിന്റെ വലിയ തെളിവാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
ജാഥാ നേതാക്കൾ എത്തും മുമ്പ് പൊതു സമ്മേളനം നടക്കവേ വേദിയിലേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ വലിയ ഹർഷാരവത്തോടെയും മുദ്രാവാക്യം വിളിയോടെയുമാണ് പ്രവർത്തകർ വരവേറ്റത്. രാഹുലിന് പ്രവർത്തകർക്കിടയിലെ സ്വീകാര്യതക്ക് അത് തെളിവായി. ജില്ലയിൽ പുതുമുഖമാകും സ്ഥാനാർഥിയെന്ന നേതൃത്വത്തിന്റെ പ്രഖ്യാപനത്തോടെ ആരാവും അത് എന്നറിയാൻ കോൺഗ്രസ് പ്രവർത്തകരും വോട്ടർമാരും കാത്തിരിക്കുകയാണ്.
ആലപ്പുഴ: കേരളത്തിൽ ജാതി, മത സ്പർധ വളർത്തി സംഘർഷമുണ്ടാക്കി വോട്ടുപിടിക്കാമെന്ന് കരുതേണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ആലപ്പുഴയിൽ സമരാഗ്നി ജാഥക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് പോരാടുന്നത് ബി.ജെ.പിയോടല്ല, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളോടാണ്. ഇ.ഡി ബി.ജെ.പിയുടെ ഇലക്ഷൻ ഡിപ്പാർട്ട്മെന്റായി മാറി. ഇതുപോലൊരു കെട്ടകാലം നാട്ടിലില്ല. ജാതിയുടെയും മതത്തിന്റെ സ്പർധ വളർത്തി ജീവിക്കാൻ അവരം ഉണ്ടാകാതിരിക്കാനുള്ള നിരന്തര പരിശ്രമങ്ങൾ ഒന്നിനു പിറകെ ഒന്നായി വരികയാണ്.
കേരളത്തിൽ രണ്ട് തരം കമ്മ്യുണിസ്റ്റ്കളുണ്ട്. ഭരണവും പണവും സൗകര്യവും കണ്ട് ആർത്തിമൂത്ത കമ്മ്യൂണിസ്റ്റുകളും യഥാർഥ കമ്മ്യൂണിസ്റ്റ്കളും. യഥാർഥ കമ്മ്യൂണിസ്റ്റ്കളുടെ ഇടയിൽ റഫറണ്ടം നടത്തി പാർട്ടിയിൽ ഭൂരിപക്ഷം തെളിയിക്കാൻ പിണറായി വിജയനെ വെല്ലുവിളിക്കുകയാണ്. കമ്മ്യൂണിസത്തിന്റെ അന്തകനാണ് കേരളം ഭരിക്കുന്നതെന്ന് യഥാർഥ കമ്മ്യൂണിസ്റ്റ്കൾ ഒറ്റകെട്ടായി പറയുമെന്നും വേണുഗോപാൽ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ബാബു പ്രസാദ് അധ്യക്ഷത വഹിച്ചു. ജാഥ നയിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എ.ഐ.സി.സി അംഗം കനയ്യകുമാർ, ജെബി മേത്തർ എം.പി, കെ.പി.സിസി അംഗം എ.എ ഷുക്കൂർ, മാത്യു കുഴൽ നാടൻ എം.എൽ.എ, അജയ് തറയിൽ, എം. ലിജു, ഷാനിമോൾ ഉസ്മാൻ, ഡി. സുഗതൻ, ബിന്ദു കൃഷ്ണ, ജോൺ ഫിലിപ്പ്, വി.ടി ബലറാം, രാഹുൽ മാങ്കൂട്ടത്തിൽ, എം.ജെ ജോൺ, എം.എം നസീർ, പഴകുളം മധു, നിയാസ്, ദീപ്തി മേരി വർഗീസ്, ആറ്റിങ്ങൾ സനൽ, നെടുമുടി ഹരികുമാർ, നരിയാപുരം ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.