അരൂർ മേഖലയിലെ പണി ഇല്ലാതാകുന്ന പീലിങ് ഷെഡുകളിൽ ഒന്ന്
അരൂർ: ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ അരൂരിലെ ചെമ്മീൻ വ്യവസായ മേഖല സ്തംഭനത്തിലേക്ക്. നിലവിൽ ഫ്രീസറുകളിലുള്ള സ്റ്റോക് തീരുന്നതോടെ ഈ മേഖലയിലെ തൊഴിലാളികൾ തൊഴിൽരഹിതരാകും. സംസ്ഥാനത്ത് ഏറ്റവുമധികം മത്സ്യ സംസ്കരണ-കയറ്റുമതി സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത് അരൂർ മണ്ഡലത്തിലാണ്. മത്സ്യ ഉൽപന്നങ്ങളുടെ കയറ്റുമതിയുടെ അടിസ്ഥാനത്തിൽ ‘മികവിന്റെ പട്ടണമായി’ അരൂർ മേഖലയെ കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നു.
ജൂലൈ 31വരെ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം ഏർപ്പെടുത്തുമ്പോൾ സംസ്ഥാനത്ത് ഏറ്റവുമധികം വ്യവസായ തൊഴിലാളികളെ ബാധിക്കുന്നത് അരൂർ മേഖലയിലാണ്.
കോവിഡ് ബാധയും പ്രളയവും കയറ്റുമതി മേഖലയിൽ ഉണ്ടായ സ്തംഭനാവസ്ഥയും ചെമ്മീൻ വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിട്ട് വർഷങ്ങളായി. പ്രതിസന്ധികളിൽനിന്ന് തെല്ലൊന്നുകുതറി ഉണർവിലേക്ക് ഉയരുന്നതിനിടയാണ് ട്രോളിങ് നിരോധനത്തിന്റെ ആഘാതം.
കുറച്ചു വർഷങ്ങൾക്കു മുമ്പ് കേരളത്തിലെ ട്രോളിങ് നിരോധനം ചെമ്മീൻ കയറ്റുമതി വ്യവസായത്തെ ബാധിക്കില്ലായിരുന്നു. കാരണം തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെ ചെമ്മീൻ പാടങ്ങളിൽനിന്ന് കൃഷി ചെയ്യുന്ന വെനാമി ചെമ്മീൻ ഇവിടേക്ക് യഥേഷ്ടം എത്തിയിരുന്നു.
കേരളത്തിലെ തീരങ്ങളിൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തിയാലും ആന്ധ്രയിൽനിന്നെത്തുന്ന വെനാമി ചെമ്മീനുകൾ അരൂർ മേഖലയിലെ പീലിങ് ഷെഡുകളെ സജീവമാക്കിയിരുന്നു. ഇപ്പോൾ പുറത്തുനിന്നുള്ള ചെമ്മീനുകളുടെ വരവ് നിലച്ചിരിക്കുകയാണെന്ന് വ്യവസായികൾ പറയുന്നു. കേരളത്തിലെ പല വ്യവസായികളും ആന്ധ്രയിൽ ചെമ്മീൻ സംസ്കരണ കയറ്റുമതി ശാലകൾ തുടങ്ങിയതോടെ കേരളത്തിലേക്കുള്ള ചെമ്മീനിന്റെ വരവ് നിലച്ചു. കൂടാതെ മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ കയറ്റുമതി ശാലകളിലേക്ക് ആന്ധ്രയിൽനിന്ന് വെനാമി ചെമ്മീനുകൾ കയറ്റി അയക്കുന്നുണ്ട്.
കേരളത്തിലെ കൊല്ലം, മുനമ്പം, കൊച്ചി ഹാർബർ, ബേപ്പൂർ എന്നിവിടങ്ങളിൽനിന്നാണ് വ്യവസായികൾ പൂവാലൻ, കരിക്കാടി എന്നീ ചെമ്മീൻ ഇനങ്ങൾ ശേഖരിച്ചിരുന്നത്. ട്രോളിങ് നിരോധനം നിലവിൽ വരുന്നതോടെ കേരളത്തിലെ തീരങ്ങളിൽനിന്ന് ചെമ്മീൻ ലഭിക്കില്ല. പുറത്തുനിന്ന് ചെമ്മീൻ വരവും നിലച്ചതോടെ പൂർണമായും മത്സ്യസംസ്കരണ മേഖല സ്തംഭിക്കും.
വ്യവസായം പിടിച്ചുനിർത്താനും അഭിവൃദ്ധിപ്പെടുത്താനും സർക്കാർ ശ്രദ്ധവെക്കണമെന്നാണ് ഇക്കാര്യം വിരൽ ചൂണ്ടുന്നത്. വെനാമി ചെമ്മീനിന്റെ കൃഷി വ്യാപിപ്പിക്കാൻ ഊർജിത നടപടികൾ കേരളത്തിൽ ആരംഭിക്കണം. ആന്ധ്രയിലും മറ്റും കർഷകരെ ഒട്ടനവധി സഹായങ്ങൾ നൽകിയാണ് ഈ രംഗത്ത് സജീവമാക്കുന്നത്. കേരളത്തിലെ ചെമ്മീൻ കർഷകരെയും സബ്സിഡി നൽകിയും സൗജന്യമായി വൈദ്യുതി നൽകിയും ചെമ്മീൻ കൃഷിയിലേക്ക് ആകർഷിക്കണമെന്ന് വ്യവസായികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.