ആലപ്പുഴ: നെല്ല് സംഭരണത്തിൽ മില്ലുകാരും കർഷകരും തമ്മിലെ തർക്കം പരിഹരിക്കാൻ നിർദേശങ്ങളുമായി പാടശേഖര സമിതികൾ. സമഗ്രമായ നിർദേശം പാടശേഖര സമിതികൾ മുന്നോട്ട് വെക്കുമ്പോഴും അത് ചെവിക്കൊള്ളാൻ സർക്കാർ തയാറാകുന്നില്ല. നെല്ല് കൊയ്തുകഴിഞ്ഞാൽ മില്ലുകാർക്ക് കൊടുക്കുകയല്ലാതെ കർഷകർക്ക് വേറെ മാർഗമില്ല.
കൊയ്ത്ത്, നെല്ല് ശേഖരിക്കൽ, മില്ലുകാരുടെ അലോട്ട്മെന്റ്, വിലനിർണയം എന്നിവയിൽ സമഗ്ര പരിഷ്കാരമാണ് പാടശേഖര സമിതികൾ മുന്നോട്ട് വെക്കുന്നത്. അതിൽ സംഭരണവും ശേഖരണവും സർക്കാർ നേരിട്ട് നടത്തണമെന്നതൊഴികെയുള്ള നിർദേശങ്ങൾ ഉടൻ നടപ്പാക്കാൻ കഴിയുന്നവയാണ്.
എന്നാൽ, സംഭരണ ശാലകൾ സജ്ജീകരിക്കുന്നതിന് മാത്രമാണ് സമയം ആവശ്യമായിട്ടുള്ളത്. റാണി-ചിത്തിര പാടശേഖര സമിതിയാണ് പ്രധാന നിർദേശങ്ങൾ മുന്നോട്ട് വെച്ചിരിക്കുന്നത്. വെള്ളിയാഴ്ച നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിലിന്റെ നേതൃത്വത്തിൽ വിളിച്ച വിഡിയോ കോൺഫറൻസിലും കർഷകരുടെ നിർദേശങ്ങൾ പരിഗണിച്ചില്ല. നെൽവില വിതരണം വൈകുന്ന കാര്യവും ചർച്ചയായില്ല.
സർക്കാർ നേരിട്ട് നെല്ല് സംഭരിച്ച് സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ, സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ, സഹകരണ സംഘങ്ങൾ, ബ്ലോക്ക് ഓഫിസുകൾ എന്നിവയുടെ സഹായത്തോടെ സൂക്ഷിക്കണം. ഇപ്രകാരം ശേഖരിച്ചാൽ സർക്കാർ നിശ്ചയിക്കുന്ന തുകക്ക് അത് എടുക്കാൻ മില്ലുകാർ തയാറാകും. നെല്ലെടുക്കാതെ മില്ലുകാർക്ക് നിലനിൽക്കാനാവില്ല. വലിയ മില്ലുകാർ തർക്കമില്ലാതെ നെല്ലെടുത്തിരുന്നു. ഒരു കിലോപോലും കിഴിവ് കൊടുക്കേണ്ടി വന്നില്ല.
കൊയ്ത്തിനുമുമ്പ് തന്നെ മില്ലുകാർക്കുള്ള അലോട്ട്മെന്റ് നൽകണം. പാഡി മാർക്കറ്റിങ് ഓഫിസുകൾ വഴി സപ്ലൈകോയാണ് അലോട്ട്മെന്റ് നൽകുന്നത്. നെല്ല് കൊയ്തിട്ട ശേഷം മില്ലുകാർ നെല്ല് ഏറ്റെടുക്കാൻ വരുമ്പോഴാണ് കിഴിവും തർക്കവുമുണ്ടാകുന്നത്. നെല്ല് മില്ലുകാർ പറയുന്ന വിലയ്ക്ക് കൊടുക്കാൻ ഒടുവിൽ കർഷകർ നിർബന്ധിതരാകും.
കൊയ്ത്തിന് ഒരുമാസം മുമ്പ് മില്ലുകാർ ഓരോരുത്തർക്കും പാടങ്ങൾ നിശ്ചയിച്ച് അലോട്ട്മെന്റ് നൽകിയാൽ വിളയുടെ നിലവാരം വിലയിരുത്തി കൊയ്യേണ്ട ദിവസവും തീരുമാനിച്ച് കർഷകരുമായി ധാരണയോടെ സംഭരണം നടത്താനാകും. അപ്പോൾ കൊയ്തിട്ട നെല്ല് ഏറ്റെടുക്കുന്നില്ല, വിലപേശുന്ന എന്നിങ്ങനെയുള്ള പരാതികൾ ഒഴിവാക്കാനാകും. അലോട്ട്മെന്റ് നൽകിയ മില്ലുകാർ വിലപേശുന്നു എന്ന പരാതി ഉയർന്നാൽ പകരം വേറെ മില്ലുകാർക്ക് അലോട്ട്മെന്റ് നൽകാനും കഴിയും.
മില്ലുകാരും കർഷകരും തമ്മിൽ വിലയെച്ചൊല്ലി തർക്കമുണ്ടായാൽ ഇടപെടുന്നതിനും തീരുമാനമെടുക്കുന്നതിനും മില്ലുകാരുടെ പ്രതിനിധികളും കൃഷി, സപ്ലൈകോ വകുപ്പ് പ്രതിനിധികളും പാടശേഖര സമിതി പ്രതിനിധികളും ചേർന്ന സ്റ്റാറ്റ്യൂട്ടറി ബോഡികളെ നിയോഗിക്കണം. കൊയ്യുന്നതിന് മുമ്പ് തന്നെ അവർ തീരുമാനമെടുക്കണം. അത് എല്ലാവരും അനുസരിക്കണം. അതോടെ പ്രശ്നം മുക്കാൽ പങ്കും പരിഹരിക്കപ്പെടും.
സർക്കാർ സംഭരണശാലകളിലുള്ള നെല്ല് മില്ലുകാർ ഏറ്റെടുക്കാൻ തയാറാകാതെ വന്നാൽ സർക്കാർ ഉടമസ്ഥതയിൽ മില്ലുകൾ ഉണ്ടാകണം. കുട്ടനാടിനടുത്ത് തകഴി, വെച്ചൂർ എന്നിവിടങ്ങളിലാണ് ഇപ്പോൾ പൊതുമേഖലയിൽ മില്ലുകളുള്ളത്. ചെങ്ങന്നൂരിൽ പൊതുമേഖലയിൽ മില്ല് സ്ഥാപിക്കുന്നതിനുള്ള ശ്രമം വേഗത്തിലാക്കണം. കൂടുതൽ മില്ലുകൾ സ്ഥാപിക്കണം, കർഷകർക്ക് തന്നെ അവരുടെ നെല്ല് കുത്തി അരിയാക്കാൻ കഴിയുന്ന ചെറുമില്ലുകൾ സ്ഥാപിക്കണം. അതിനായി പാടശേഖര സമിതികൾക്ക് പ്രോത്സാഹനം നൽകണം.
പുഞ്ചകൃഷി നെല്ല് സംഭരണം അവസാന ഘട്ടത്തിലാണ്. എന്നാൽ, രണ്ട് മാസം മുമ്പ് സംഭരിച്ച നെല്ലിന്റെ പണം ഇതുവരെ ലഭിച്ചിട്ടില്ല. രണ്ടാംകൃഷിക്കുള്ള പമ്പിങ്ങിന്റെ ലേല നടപടി ആരംഭിച്ചിട്ടുമുണ്ട്. അടുത്ത കൃഷിക്ക് കളമൊരുക്കാൻ മാർഗമില്ലാതെ ദുരിതത്തിലാണ് കർഷകർ.
മാർച്ച് 15വരെ പുഞ്ചകൃഷിയിലെ നെല്ല് സപ്ലൈകോക്ക് കൈമാറിയ കർഷകരുടെ പേയ്മെന്റാണ് സപ്ലൈകോ അംഗീകരിച്ചിട്ടുള്ളത്. എന്നിട്ടും അതിൽ ഉൾപെട്ട പലർക്കും പണം അക്കൗണ്ടിലെത്തിയിട്ടില്ല. സർക്കാറിൽനിന്ന് നെല്ല് സംഭരണത്തിനുള്ള തുക അനുവദിക്കാത്തതിനാൽ മാർച്ച് 15ന് ശേഷമുള്ള പാഡി പേയ്മെന്റ് രസീതുകൾ സപ്ലൈകോയിൽ പാസാക്കാതെ കെട്ടിക്കിടക്കുകയാണ്.
ഇതാണ് കർഷകർക്ക് പണം ലഭിക്കുന്നതിലെ കാലതാമസത്തിന് കാരണം. സപ്ലൈകോയുടെ കണക്കുപ്രകാരം പുഞ്ച കൃഷി വിളവെടുപ്പ് 91.08 ശതമാനം പൂർത്തിയായിട്ടുണ്ട്. ഇതിൽ 11.42 കോടി മാത്രമാണ് നെൽവിലയായി നൽകാൻ സപ്ലൈകോ ബാങ്കുകൾക്ക് കൈമാറിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.