ക​ല​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന നെ​ഹ്‌​റു ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ന്‍റെ ജ​ന​റ​ല്‍ ബോ​ഡി യോ​ഗം

ഓളപ്പരപ്പിലെ ഒളിമ്പിക്സിന് ഒരുമാസം; ആവേശത്തേരിൽ ആലപ്പുഴക്കാർ

ആലപ്പുഴ: വള്ളംകളി പ്രേമികൾ കാത്തിരിക്കുന്ന ഓളപ്പരപ്പിലെ ആവേശത്തിന് ഒരുമാസം മാത്രം ശേഷിക്കുമ്പോൾ ആവേശത്തിമിർപ്പിലാണ് ആലപ്പുഴക്കാർ. പുന്നമടക്കായലിൽ ഇത്തവണത്തെ നെഹ്റു ട്രോഫി സെപ്റ്റംബർ നാലിനാണ് നടക്കുക. 16 ചുണ്ടൻവള്ളങ്ങൾ മത്സരിക്കും. ഹീറ്റ്സിൽ മികച്ച സമയത്തിൽ ഫിനീഷ് ചെയ്യുന്ന നാല് ചുണ്ടൻവള്ളങ്ങൾ നെഹ്റു ട്രോഫി ഫൈനലിലെത്തും. ഇരുട്ടുകുത്തി എ ഗ്രേഡ്, ബി ഗ്രേഡ്, വെപ്പ് എന്നീ ചെറുവള്ളങ്ങളുടെ മത്സരവുമുണ്ടാകും.

ചുണ്ടൻവള്ളങ്ങളുടെ പരിശീലനത്തിന് കനത്തമഴയും വെള്ളപ്പൊക്കവും നേരിയ തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനൊപ്പം ജാഗ്രതപുലർത്തണമെന്ന ജില്ല ഭരണകൂടത്തിന്‍റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പ് കണക്കിലെടുത്ത് ചുണ്ടൻ അടക്കമുള്ള കളിവള്ളങ്ങളുടെ തുഴച്ചിൽ പരിശീലനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞമാസം നടന്ന ചമ്പക്കുളം മൂലം വള്ളംകളിയിൽ പ്രമുഖ ചുണ്ടനുകൾ മാറ്റുരച്ചിരുന്നു. നെഹ്റു ട്രോഫി വള്ളംകളിയുടെ പരിശീലനമെന്ന നിലയിലാണ് ചുണ്ടനുകൾ പങ്കെടുത്തത്.

കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ കോർത്തിണക്കി നടത്തുന്ന രണ്ടാമത് ചാമ്പ്യൻസ് ബോട്ട് ലീഗിനും (സി.ബി.എൽ) നെഹ്റു ട്രോഫി വള്ളംകളിയോടെ തുടക്കമാകും. ജവഹർ തായങ്കരി, നടുഭാഗം, ദേവസ്, ചമ്പക്കുളം, കാരിച്ചാൽ, പായിപ്പാടൻ, മഹാദേവികാട് കാട്ടിൽ തെക്കേതിൽ, ആയാപറമ്പ് പാണ്ടി, ഗബ്രിയേൽ, വീയപുരം തുടങ്ങിയ ചുണ്ടനുകളാണ് ചാമ്പ്യൻസ് ബോട്ട് ലീഗിൽ മത്സരിക്കുന്നത്.

നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിക്കാണ് ഇക്കുറി ടിക്കറ്റ് വിൽപനയുടെ ചുമതല. ബുക്ക് മൈ ഷോ, ടിക്കറ്റ് ജീൻ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും അല്ലാതെയും ടിക്കറ്റ് വിൽപനക്ക് ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

തെരഞ്ഞെടുത്ത സർക്കാർ ഓഫിസുകൾ വഴിയും ടിക്കറ്റ് വിറ്റഴിക്കും. 2.4 കോടി രൂപയാണ് നടത്തിപ്പിന് വേണ്ടിവരുകയെന്നാണ് കണക്ക്. ഒരുകോടി രൂപ സർക്കാറിൽനിന്ന് ലഭിക്കും. 50 ലക്ഷം സ്പോൺസർഷിപ്പിൽനിന്നും ബാക്കി തുക ടിക്കറ്റിൽനിന്നും കണ്ടെത്താനാണ് അധികൃതരുടെ നീക്കം. 2019ൽ നെഹ്റു ട്രോഫി വള്ളംകളി നടത്തിപ്പ് സി.ബി.എൽ കമ്പനിക്കായിരുന്നു. അന്ന് സ്പോൺസർമാരെ കണ്ടെത്താതെയും വേണ്ടത്ര ടിക്കറ്റ് വിൽപന നടത്താൻ കഴിയാതെയും വന്നതോടെ 45 ലക്ഷം രൂപയാണ് നഷ്ടമുണ്ടായത്. തുടർന്നാണ് ഇക്കുറി പൂർണമായും എൻ.ടി.ബി.ആറിന് ചുമതല കൈമാറിയത്.

നെഹ്‌റു ട്രോഫിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച കലക്ടറേറ്റിൽ ചേർന്ന ജനറല്‍ ബോഡി യോഗത്തിൽ എം.എല്‍.എ മാരായ എച്ച്. സലാം, തോമസ് കെ. തോമസ്, എന്‍.ടി.ബി.ആര്‍ സൊസൈറ്റി ചെയര്‍മാനായ ജില്ല കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ, സെക്രട്ടറിയായ സബ് കലക്ടര്‍ സൂരജ് ഷാജി, എ.ഡി.എം എസ്. സന്തോഷ്, വിവിധ സബ് കമ്മിറ്റികളുടെ കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - nehru trophy boat race; Alappuzha residents are excited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.