പൊക്കാളിപ്പാടങ്ങൾ മത്സ്യമാഫിയ കൈയേറുന്നു
അരൂർ: മണ്ഡലത്തിലെ പൊക്കാളി നെൽവയലുകൾ മത്സ്യമാഫിയ ഗുണ്ടകൾ കൈയടക്കുന്നതായി പരാതി. കഴിഞ്ഞ 14ന് രാത്രി എഴുപുന്ന പഞ്ചായത്ത് 15ാം വാർഡിൽ പുത്തൻ കരിപ്പാടത്താണ് കർഷക തൊഴിലാളികളുടെ വലകൾ ഗുണ്ടകൾ നശിപ്പിച്ചത്.
ഒക്ടോബർ 31ന് നെൽകൃഷി അവസാനിപ്പിച്ചതിനു ശേഷമാണ് മത്സ്യകൃഷിക്ക് ഫിഷറീസ് വകുപ്പ് ലൈസൻസ് നല്കുന്നത്. നവംബർ ഒന്നിനാണ് മത്സ്യകൃഷി നെൽപാടങ്ങളിൽ ആരംഭിക്കുന്നത്. അതുവരെയുള്ള സമയത്ത് പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും കർഷക തൊഴിലാളികളും പാടങ്ങളിൽ വലവിരിച്ച് മത്സ്യബന്ധനം നടത്തിവരുന്നതാണ് കീഴ്വഴക്കം.
പതിവായി മാർച്ച് 31നുശേഷം പാടങ്ങളിൽ ഇങ്ങനെയാണ് നടന്നിരുന്നത്. ഹൈകോടതി നിർദേശവും ‘ഒരു നെല്ലും ഒരു മീനും’ എന്ന സർക്കാർ നയവും കലക്ടറുടെ ഉത്തരവും മറികടന്നാണ് ഒരു മാസം മുമ്പേതന്നേ പാടങ്ങളിൽ മത്സ്യമാഫിയ തൊഴിലാളികളുമായി സംഘർഷമുണ്ടാക്കുന്നത്. ഇതിനെതിരെ അരൂർ പൊലീസ് സ്റ്റേഷനിലും തുറവൂർ മത്സ്യഭവനിലും ചേർത്തല ഡിവൈ.എസ്.പിക്കും ജില്ല കലക്ടർക്കും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്കും പരാതി സമർപ്പിച്ചിട്ടുണ്ട്.
മണിയങ്ങനാട്ടുകരിയിലും പാണ്ടോത്തുകരിയിലും ഇതുതന്നെയാണ് സ്ഥിതി. ഇതിനെതിരെ നിയമപരമായും രാഷ്ട്രീയമായും ശക്തമായ നടപടികളെടുക്കുമെന്ന് കേരള മത്സ്യബന്ധന തൊഴിലാളി യൂനിയൻ അരൂർ മേഖല കമ്മറ്റി അറിയിച്ചു. യോഗത്തിൽ എൻ.കെ ശശികുമാർ, പ്രതാപൻ, കെ.കെ. അനിൽകുമാർ, വിക്രമൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.