കായൽ ജീവിതത്തിന്റെ കരുത്തിൽ ജീവൻ തിരിച്ചുപിടിച്ച് 75കാരൻ
അരൂക്കുറ്റി: കുടപുറം കായലിൽ മത്സ്യബന്ധനത്തിന് പോയ വയോധികൻ ഏഴു മണിക്കൂറുകൾ ഇരുട്ടിലും പോളപ്പായലിലും കുരുങ്ങിക്കിടന്ന് ജീവൻ തിരിച്ചുപിടിച്ചു. അരൂക്കുറ്റി പഞ്ചായത്ത് 10ാം വാർഡിൽ വടക്കേ പീടികപറമ്പിൽ 75കാരനായ രാജപ്പൻ വ്യാഴാഴ്ച വൈകിട്ട് എട്ടുമണിയോടെയാണ് കൈതപ്പുഴ കായലിലെ വെട്ടുകടവ് ഊന്നിപാടിൽ വലയഴിക്കാൻ പോയത്.
ചെറുവള്ളത്തിൽ 15 വയസ്സു മുതൽ മത്സ്യബന്ധനത്തിന് ഒറ്റക്ക് പോയ ശീലമുണ്ട് രാജപ്പന്. കുത്തൊഴുക്കും തിങ്ങിനിറഞ്ഞ പോളപ്പായാലും വലയഴിച്ച് മടങ്ങാനുള്ള ശ്രമം വിഫലമാക്കി. ഒഴുക്കിലും പായൽ കുരുക്കിലും ചെറുവള്ളം അരൂർ ഭാഗത്തേക്ക് ഒഴുകി.
രാത്രി 10 മണിയായിട്ടും മീൻ പിടിക്കാൻ പോയ അച്ഛനെ കാണാതെ വീട്ടിലുള്ളവർ വിവരം പൊലീസിലും അരൂർ ഫയർഫോഴ്സിലും അറിയിച്ചു. നാട്ടുകാർ ഇരുകരകളിലും കായലിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഒഴുക്കിൽ ഏറെദൂരം കായലിൽ ഒഴുകിയ ചെറുവള്ളത്തിൽ കായലോരത്തെ കണ്ടൽചെടിയിൽ മുറുകെപ്പിടിച്ചു തളർന്നെങ്കിലും ആത്മധൈര്യം കൈവിട്ടില്ല.
എത്ര മണിക്കൂർ എന്ന് ഓർമയില്ലാതെ രാവ് വെളുക്കുന്നത് കായലിൽ ഇരുന്ന് കണ്ടു. ഒടുവിൽ വെള്ളിയാഴ്ച പുലർച്ച മൂന്നു മണിയോടെ സാവധാനം തുഴഞ്ഞ് വീട്ടിലെത്തി. കല്യാണം കഴിച്ചുകൊടുത്ത സ്ഥലങ്ങളിൽനിന്ന് മക്കൾ സുജാത, ജയന്തി എന്നിവർ വീട്ടിലെത്തിയിരുന്നു. രാജപ്പന്റെ കൂടെ താമസിക്കുന്ന മകൾ രഞ്ജിനിയും ഭർത്താവും പേരക്കിടാവും വീട്ടിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.