പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ
പഞ്ചായത്ത് കെട്ടിടം വാടകക്ക് നൽകാനുള്ള നീക്കം; എൽ.ഡി.എഫ് അംഗങ്ങൾ കമ്മിറ്റി ബഹിഷ്കരിച്ചു
അരൂർ: അക്ഷയ സെന്ററിന്റെ മറവിൽ ചട്ടങ്ങൾ ലംഘിച്ച് കെട്ടിടം വാടകക്ക് നൽകാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് കമ്മറ്റി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. നടപടിക്രമങ്ങളും ചട്ടങ്ങളും കാറ്റിൽപറത്തി അരൂർ പഞ്ചായത്ത് കെട്ടിടം സ്വകാര്യ വ്യക്തിക്ക് വാടകയ്ക്ക് നൽകാനുള്ള ഭരണസമിതി തീരുമാനത്തിൽ പ്രതിഷേധിച്ചാണ് എൽ.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മറ്റി ബഹിഷ്കരിച്ച് ചൊവ്വാഴ്ച ഇറങ്ങിപ്പോയത്. മുൻ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ജനപ്രതിനിധികൾക്ക് ഇരിപ്പിടമൊരുക്കാനായി അരൂർ പഞ്ചായത്ത് കോമ്പൗണ്ടിൽ നിർമാണം പൂർത്തിയാക്കിയ 240 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് ചട്ടങ്ങൾ പാലിക്കാതെ സ്വകാര്യ വ്യക്തിക്ക് കൈമാറാൻ നീക്കം നടത്തുന്നതെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു.
അക്ഷയ സെന്റർ ആരംഭിക്കാനെന്ന വ്യാജേന, കൃത്യമായ സർക്കാർ നടപടിക്രമങ്ങളോ ലേല നടപടികളോ കൂടാതെ പുതിയ നമ്പറിട്ട് പ്രതിമാസം 5,168 രൂപ വാടക നിശ്ചയിച്ച് കെട്ടിടം നൽകാനാണ് ഏകപക്ഷീയമായി തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മെയ് 23ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി അജണ്ടയിൽ ഇത് സംബന്ധിച്ച വിഷയം വന്നപ്പോൾ എൽ.ഡി.എഫ് അംഗങ്ങൾ വിയോജനക്കുറിപ്പ് അറിയിച്ചിരുന്നതാണ്.
എന്നാൽ സർക്കാർ നിർദേശിച്ച യാതൊരു നടപടിക്രമങ്ങളും നിയമങ്ങളും പാലിക്കാതെ ഭരണസമിതി മുന്നോട്ട് പോയ പശ്ചാത്തലത്തിലാണ് പ്രതിഷേധവുമായി അംഗങ്ങൾ കമ്മിറ്റിയിൽ നിന്നും ഇറങ്ങിപ്പോയതെന്ന് പ്രതിപക്ഷ നേതാവ് ടി.ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.