നെഹ്റുട്രോഫി വള്ളംകളിക്ക് മുന്നോടിയായി നടുഭാഗം ചുണ്ടനിൽ പുന്നമട ബോട്ട് ക്ലബിന്റെ പരിശീലന തുഴച്ചിൽ -മനു ബാബു
ആലപ്പുഴ: പുന്നമടയിലെ പൂരത്തിന് തുഴവേഗം തീർക്കുന്നത് 21 ചുണ്ടനുകളാണ്. മികച്ചസമയം കുറിച്ച് വെള്ളിക്കപ്പിൽ മുത്തമിടുകയാണ് ലക്ഷ്യം. അതിനായി അവർ പുറത്തെടുക്കുന്നത് ‘വെടിക്കെട്ട്’ വേഗമാണ്. തുടർച്ചയായി ആറാംതവണ വിജയം നേടാനാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബിന്റെ (പി.ബി.സി) പടപ്പുറപ്പാട്. കാരിരുമ്പിന്റെ കരുത്തിൽ മേൽപാടം ചുണ്ടനിലാണ് അവർ തുഴയെറിയുന്നത്. കൂടുതൽ തവണ നെഹ്റുട്രോഫിയിൽ ജേതാക്കളായ യു.ബി.സി കൈനകരിയെയും എഴുതിത്തള്ളാനാവില്ല. വള്ളംകളിയിൽ ‘തല’ഉയർത്താൻ തലവടി ചുണ്ടനിലാണ് വരവ്.
കഴിഞ്ഞതവണ 00.5 മില്ലിസെക്കൻഡ് വ്യത്യാസത്തിൽ നഷ്ടമായ കിരീടം തിരിച്ചുപിടിക്കാനാണ് കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ തുഴതാളത്തിൽ വീയപുരം ചുണ്ടൻ എത്തുന്നത്. കുമരകം ടൗൺബോട്ട് ക്ലബ് തുഴയെറിയുന്നത് വേഗരാജാവ് പായിപ്പാടനിലാണ്.
സ്വന്തംതട്ടകത്തിൽ വിജയക്കൊടി പാറിക്കാൻ പുന്നമട ബോട്ട്ക്ലബ് നടുഭാഗം ചുണ്ടനിലാണ് പോരിനിറങ്ങുന്നത്. സ്വന്തംടീമുമായി എത്തുന്ന ജലചക്രവർത്തി കാരിച്ചാലും നിരണവും മത്സരം വീറുറ്റതാക്കും. ചമ്പക്കുളം ചുണ്ടൻ ചങ്ങനാശ്ശേരി ബോട്ട് ക്ലബിന്റെ പിൻബലത്തിൽ എത്തുമ്പോൾ ജലഹർ തായങ്കരി, ആനാരി, സെന്റ് ജോർജ്, ചെറുതന, സെന്റ് പയസ് ടെൻത് എന്നിവരും കൂട്ടിനുണ്ട്.
ശരിക്കും നെഹ്റുട്രോഫി വള്ളംകളിയിൽ പോരാളി ആരെന്ന് ചോദിച്ചാൽ ഒറ്റഉത്തരമേയുള്ളൂ. അത് കുട്ടനാട്ടുകാരുടെ സ്വന്തം പള്ളാത്തുരുത്തി ബോട്ട് ക്ലബ് (പി.ബി.സി) തന്നെയാണ്. തുടർച്ചയായ അഞ്ചുതവണയാണ് കപ്പടിച്ചത്. ഇക്കുറി ‘ഡബിൾഹാട്രിക്’ചരിത്രനേട്ടത്തിനായിട്ടാണ് കളത്തിലിറങ്ങുന്നത്.
പോരിനിറങ്ങുമ്പോൾ റെക്കോഡ് വേഗത്തിൽ കുതിച്ച് കായൽകരയെ ത്രസിപ്പിച്ചാണ് തുടർച്ചയായി അഞ്ചു തവണ കപ്പിൽ മുത്തമിട്ടത്. ഇക്കുറി കന്നിക്കപ്പ് ലക്ഷ്യമിട്ടിറങ്ങുന്ന മേൽപാടം ചുണ്ടനിലാണ് തുഴയെറിയുന്നത്. കഴിഞ്ഞവർഷം മില്ലി സെക്കൻഡ് വ്യത്യാസത്തിൽ വീയപുരം ചുണ്ടനെ തോൽപിച്ചാണ് നെഹ്റുട്രോഫി ആർക്കും വിട്ടുകൊടുക്കാതിരുന്നത്. 2024ൽ നീറ്റിലിറക്കിയ മേൽപാടം ചുണ്ടന്റെ രണ്ടാമത്തെ നെഹ്റു ട്രോഫിയാണിത്. പി.ബി.സി നേട്ടം: വിജയം ഏഴ്, തുടർച്ചയായി അഞ്ച് വർഷം: 1988,1998, 2018, 2019, 2022, 2023, 2024
കുട്ടനാട്ടുകാരുടെ സ്വകാര്യഅഹങ്കാരമായ യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി) കൈനകരി ഇക്കുറി നെഹ്റുട്രോഫി കരയിലെത്തിക്കുമെന്ന വാശിയിലാണ് പോരാട്ടം. ഹാട്രിക് ഉൾപ്പെടെയുള്ള 12 തവണയാണ് കിരീടം നേടിയത്. അപൂർവ അവസരങ്ങളിൽ മാത്രമാണ് നെഹ്റുട്രോഫി ഫൈനലുകളിൽ യു.ബി.സി എത്താതെ പോയത്.
അതുറപ്പിച്ച് കിരീടം നേടുകയാണ് ഇത്തവത്തെ ലക്ഷ്യം. മൂന്നാംതവണ തലവടിച്ചുണ്ടൻ തലയുയർത്തി ഓളങ്ങളോട് ഏറ്റുമുട്ടാനാണ് നിയോഗം. 2023 ജനുവരിയിൽ നീരണഞ്ഞ തലവടിച്ചുണ്ടൻ ആദ്യവർഷം തന്നെ നെഹ്റുട്രോഫിയിൽ കരുത്തുകാട്ടി. യു.ബി.സി നേട്ടം: ഹാട്രിക് ഉൾപ്പെടെ 12 തവണ വിജയം. വർഷം: 1963, 1964, 1965, 1968, 1970, 1976, 1979, 1989, 1990, 1991, 1993, 2014
ഒരുവള്ളത്തിനും എത്തിപ്പിടിക്കാത്ത നേട്ടമാണ് ജലരാജാവ് കാരിച്ചാൽ ചുണ്ടന്റേത്. 1970ൽ നീറ്റിലിറങ്ങിയ കാരിച്ചാൽ ഇതുവരെ രണ്ട് ഹാട്രിക് അടക്കം 16 തവണയാണ് നെഹ്റുട്രോഫിയിൽ മുത്തമിട്ടത്. സമൂഹമാധ്യമങ്ങളിൽ ആക്ഷേപിക്കലിനും വിദ്വേഷ പ്രചാരണത്തിനും ഏറ്റവുമധികം ഇരയാക്കപ്പെടുന്ന വള്ളവും മറ്റൊന്നല്ല. കഴിഞ്ഞവർഷം ഇതിനെയെല്ലാം അതിജീവിച്ച് കാരിച്ചാൽ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കരുത്തിൽ വിജയക്കൊടി പാറിച്ചു.
കാരിച്ചാലിന്റെ നേട്ടങ്ങൾക്ക് പിന്നിൽ അപ്പർകുട്ടനാട്ടിലെ വീയപുരം പഞ്ചായത്തിലെ നാലുവാർഡുകൾ മാത്രമടങ്ങുന്ന ഒരു കൊച്ചുഗ്രാമത്തിന്റെ ആത്മസമർപ്പണമാണ്. ഇത്തവണ പോരിനിറങ്ങുന്നത് കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ് (കെ.സി.ബി.സി) ടീം രൂപവത്കരിച്ചാണ്. ഗോളം, ഖൽബ് സിനിമയിലെ നായകൻ രഞ്ജിത് സജീവാണ് ക്യാപ്റ്റൻ. കാരിച്ചാൽ ചുണ്ടൻ: രണ്ടുതവണ ഹാട്രിക് ഉൾപ്പെടെ 16 കിരീടം. വർഷം: 1974,1975,1976,1980,1982,1983,1984,1986,1987,2000, 2001, 2003, 2008,2011,2016, 2024
നാട്ടുകാരും ആരാധകരും സ്നേഹത്തോടെ വീരു എന്നുവിളിക്കുന്ന വീയപുരം ചുണ്ടൻ കിരീടം കാക്കാനാണ് ഇത്തവണയെത്തുന്നത്. വീയപുരം പഞ്ചായത്തിലെ മൂന്ന് വാർഡുകളാണ് വീയപുരം ചുണ്ടന്റെ കര. 2019ൽ നീറ്റിലിറങ്ങിയ വീയപുരം ചുണ്ടൻ ആദ്യനെഹ്റു ട്രോഫിയിൽ തന്നെ സി.ബി.എൽ യോഗ്യത നേടി. 2022ലെ പായിപ്പാട് ജലോത്സവത്തിൽ ആദ്യ ട്രോഫി കരയിലെത്തിച്ചു.
2023ൽ നെഹ്റുട്രോഫിയും സി.ബി.എല്ലിലും ചാമ്പ്യരായി. കഴിഞ്ഞവർഷം നെഹ്റുട്രോഫിയിൽ 00.5 മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടാമതായി. അതിന് പ്രാപ്തരാക്കിയ വില്ലേജ് ബോട്ട് ക്ലബ് കൈനകരിയാണ് ഇക്കുറിയും തുഴയെറിയുന്നത്. വീയപുരം ചുണ്ടൻ: 2023 നെഹ്റുട്രോഫി, സി.ബി.എൽ ചാമ്പ്യന്മാർ. വി.ബി.സി നേട്ടം: 1986, 1987 നെഹ്റു ട്രോഫി, കഴിഞ്ഞവർഷം രണ്ടാംസ്ഥാനം
വള്ളംകളിയിൽ കോട്ടയത്തിന്റെ പ്രതീക്ഷയാണ് പായിപ്പാടൻ ചുണ്ടൻ. അത് തുഴയുന്നതാകട്ടെ നെഹ്റു ട്രോഫിയിൽ ട്രാക്ക് റെക്കോഡുള്ള കുമരകം ടൗൺ ബോട്ട് ക്ലബും. ഈകൂട്ടുകെട്ട് കപ്പുമായി കരയിലേക്ക് എത്തുമെന്നാണ് നാട്ടുകാരുടെ വിശ്വാസം. 2005 മുതൽ 2007വരെ ഹാട്രിക് ഉൾപ്പെടെ നാലുതവണ നെഹ്റു ട്രോഫി സ്വന്തമാക്കിയ ചുണ്ടനാണ് പായിപ്പാടൻ.
2017ൽ ഹീറ്റ്സിൽ ഏവരെയും ഞെട്ടിച്ച് റെക്കോഡ് സമയത്ത് ഫിനിഷ് ചെയ്ത് വേഗരാജാവായി. പായിപ്പാടൻ ഹാട്രിക് മുത്തമിട്ടപ്പോൾ തുഴഞ്ഞത് കുമരകം ടൗൺ ബോട്ട് ക്ലബായിരുന്നു (കെ.ടി.ബി.സി). പായിപ്പാട് ചുണ്ടൻ: ഹാട്രിക് ഉൾപ്പെടെ നാല് വിജയം. കെ.ടി.ബി.സി നേട്ടം: 1999, 2004, 2005, 2006, 2007, 2010
നെഹ്റുവിനെ സ്വീകരിക്കാൻ കുട്ടനാട്ടിൽ നടത്തിയ ആദ്യ ജലോത്സവത്തിൽ വിജയിയായ ‘നടുഭാഗം ചുണ്ടൻ പോരിനിറങ്ങുന്നത് പാരമ്പര്യത്തിന്റെ കരുത്തിൽ. ആദ്യവിജയത്തിനുശേഷം കപ്പടിക്കാൻ 66 വർഷം കാത്തിരിക്കേണ്ടി വന്നു. 2019ൽ പി.ബി.സിയുടെ കരുത്തിലാണ് നെഹ്റു ട്രോഫിയിൽ മുത്തമിട്ടത്.
അക്കൊല്ലം സി.ബി.എൽ കിരീടവും സ്വന്തമാക്കി. 12 കളികളിൽ 11ഉം ജയിച്ചായിരുന്നു സി.ബി.എൽ നേട്ടം. 2015ൽ പുതുക്കിപ്പണിത വള്ളത്തിൽ ഇക്കുറി തുഴയെറിയുന്നത് പുന്നമട ബോട്ട് ക്ലബാണ്. അവരുടെ സ്വന്തം തട്ടകമാണെന്ന സവിശേഷതയുണ്ട്. നടുഭാഗം ചുണ്ടൻ: 1952ലെ വള്ളംകളി ആദ്യവിജയി, 2019ൽ നെഹ്റുട്രോഫി, പ്രഥമ സി.ബി.എൽ ചാമ്പ്യന്മാർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.