ആലപ്പുഴ: മഴക്കാലപൂർവ പ്രവർത്തനം വിപുലപ്പെടുത്താൻ നഗരസഭ ആരോഗ്യ വിഭാഗത്തിൽ എംപ്ലോയ്മെന്റ് മുഖേന 46 ശുചീകരണ തൊഴിലാളികളെ നിയമിക്കും. ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം. നിലവിലുള്ള ഒഴിവുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തരം നിയമനം നടത്തും. ശുചീകരണ വിഭാഗത്തില്‍ നിലവില്‍ ഒഴിവുള്ള 39 തസ്തികകളും മേയ് 31ന് വിരമിക്കുന്ന ഏഴ് ഒഴിവും ചേര്‍ത്ത് 46 ഒഴിവുകളിലേക്കും ഉദ്യോഗാർഥികളുടെ ലിസ്റ്റ് ലഭ്യമാക്കാൻ എംപ്ലോയ്മെന്റ് ഓഫിസിൽ അറിയിപ്പ് നൽകും. ഇതിന് പിന്നാലെ ഇന്റർവ്യൂ നടത്തും.
നഗരസഭയുടെ അടിയന്തര പ്രാധാന്യമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലെ 158 തൊഴിലാളികള്‍ മതിയാകാത്ത സാഹചര്യത്തിലാണ് അടിയന്തരമായി ഒഴിവുകള്‍ നികത്തുന്നത്. ഇതിനൊപ്പം ജനസംഖ്യാനുപാതികമായി ശുചീകരണ തൊഴിലാളികളുടെ തസ്തിക വര്‍ധിപ്പിക്കാൻ സർക്കാറിലേക്ക് ശിപാർശ ചെയ്യും. അയ്യൻകാളി തൊഴിലുറപ്പ് 2024-25 വര്‍ഷത്തെ 13.85 കോടിയുടെ മാലിന്യ സംസ്കരണം, തോടുകളുടെയും കനാലുകളുടെയും ഓടകളുടെയും ശുചീകരണം അടക്കമുള്ള ലേബര്‍ ബജ്റ്റ് സ്പില്‍ ഓവര്‍ ആക്കി തുടരാനും കൗണ്‍സില്‍ തീരുമാനിച്ചു. നഗരസഭ ചെയര്പേഴ്സൻ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, സ്ഥിരംസമിതി അധ്യക്ഷരായ എം.ആര്. പ്രേം, എ.എസ്. കവിത, കൗൺസിലർമാരായ അഡ്വ. റീഗോരാജു, ഡി.പി. മധു, ബി. നസീര്‍, ബിന്ദു തോമസ്, കൊച്ചുത്രേസ്യാമ്മ ജോസഫ്, മനു ഉപേന്ദ്രന്, കെ.എസ്. ജയന്, ഡെപ്യൂട്ടി സെക്രട്ടറി എ. സുരേഷ്, ഹെല്‍ത്ത് ഓഫിസര്‍ കെ.പി. വർഗീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.