ആലപ്പുഴ: വിനോദസഞ്ചാരികളുടെ ഡയമണ്ട് മോതിരവും പണവും മോഷ്ടിച്ച പ്രതിയെ ഡോഗ്സ്ക്വാഡിന്റെ സഹായത്തോടെ പിടികൂടി. കൈനകരി പഞ്ചായത്ത് പതിമൂന്നാം വാർഡിൽ മംഗലത്ത് വീട്ടിൽ അജീവ് (49)നെയാണ് അറസ്റ്റ് ചെയ്തത്.
ഹരിയാന സ്വദേശിയായ സഞ്ജയ് കുമാർ ശർമ ബോട്ട് ജെട്ടിയിൽ മറന്നുവെച്ച ബാഗിൽനിന്നാണ് രണ്ടു ലക്ഷത്തിലേറെ രൂപ വിലവരുന്ന വജ്ര മോതിരവും 60,000 രൂപയും നഷ്ടപ്പെട്ടത്. ബുധനാഴ്ച കൈനകരി ഇ.എം.എസ് ജെട്ടിയിലാണ് ബാഗ് മറന്നുവെച്ചത്.
സഞ്ജയ് കുമാർ ശർമയും സംഘവും മീനപ്പള്ളി കായലിൽ കനോയിങ് വള്ളത്തിൽ സവാരി ചെയ്തശേഷം രാവിലെ സർവിസ് ബോട്ടിൽ ആലപ്പുഴയിലെത്തി. ആലപ്പുഴ മാതാ ജെട്ടിയിൽ എത്തിയപ്പോഴാണ് ബാഗ് മറന്ന കാര്യം അറിയുന്നത്. ഉടൻ തുഴച്ചിലിന് ഏർപ്പാടാക്കിയ ഏജന്റ് സജീവനെ വിവരം അറിയിച്ചു. ഏജന്റ് ഇ.എം.എസ് ജെട്ടിയിൽ അന്വേഷിച്ച് എത്തി ബാഗ് 11 മണിയോടെ ആലപ്പുഴയിൽ എത്തിച്ചു. ഉടമസ്ഥർ ബാഗ് തുറന്നു നോക്കിയപ്പോഴാണ് മോതിരവും പണവും നഷ്ടപ്പെട്ടതായി മനസിലാക്കുന്നത്.
പുളിങ്കുന്ന് സബ് ഇൻസ്പെക്ടർ സി.ജി. സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കൈനകരി കേന്ദ്രീകരിച്ച് പ്രദേശവാസികളെ ചോദ്യം ചെയ്യുകയും റെയ്ഡുകൾ നടത്തുകയും ചെയ്തു. ശനിയാഴ്ച രാവിലെ കൈനകരി മൂലശ്ശേരി പാലത്തിന് സമീപം കെട്ടിയിരുന്ന സജീവന്റെ കനോയിങ് വള്ളം പരിശോധിച്ചപ്പോഴാണ് മോതിരവും 45,000 രൂപയും പ്ലാസ്റ്റിക് കൂടിനുള്ളിലാക്കിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിരലടയാളവിദഗ്ധരും ഡ്വാഗ് സ്ക്വാഡും സ്ഥലത്തെത്തി. ഇവരുടെ പരിശോധനയിലാണ് അജീവാണ് വള്ളത്തിൽ മോഷണവസ്തുക്കൾ വെച്ചതെന്ന് തിരിച്ചറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.