മാവേലിക്കര: കൊലപാതകക്കേസിൽ ഒളിവിൽ പോയി 28 വർഷത്തിനുശേഷം പിടിയിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ചെട്ടികുളങ്ങര കണ്ണമംഗലം പേളചേന്നത്തുവീട്ടിൽ ജയപ്രകാശ് കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതി ചെട്ടികുളങ്ങര മേള മാടശ്ശേരി ചിറയിൽ വീട്ടിൽ ശ്രീകുമാറിനെയാണ് (ചിങ്കു -51) റിമാൻഡ് ചെയ്തത്. കോഴിക്കോട്, ചെറുവണ്ണൂർ, കൊല്ലേരിതാഴം ഭാഗത്ത് വീരാറ്റി തറയിൽ ശ്രീശൈലം വീട്ടിൽനിന്നാണ് കഴിഞ്ഞ ദിവസം മാവേലിക്കര പൊലീസ് പിടികൂടിയത്. 1995 ജനുവരി 12നാണ് കൊലപാതകം.
മിലിട്ടറി ഉദ്യോഗസ്ഥനായ ജയപ്രകാശുമായി കാട്ടുവള്ളി ക്ഷേത്ര ഗ്രൗണ്ടിൽവെച്ച് പ്രമോദ്, ശ്രീകുമാർ, ജയചന്ദ്രൻ എന്നിവർ തർക്കവിഷയത്തെ സംബന്ധിച്ച് സംസാരിക്കുന്നതിനിടെ സംഘട്ടനം ഉണ്ടായി. ഗുരുതര പരിക്കേറ്റ ജയപ്രകാശ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ മരിച്ചു. സംഭവം അറിഞ്ഞ ശ്രീകുമാർ ഒളിവിൽ പോകുകയായിരുന്നു. മാവേലിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മറ്റു പ്രതികളായ പ്രദീപും ജയചന്ദ്രനും കോടതിയിൽ ഹാജരായി വിചാരണ നടപടികൾ നേരിട്ടു. ശ്രീകുമാർ ഒളിവിൽ പോയതിനാൽ മാവേലിക്കര അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ഒന്ന് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മറ്റ് രണ്ടു പേരെയും കോടതി വെറുതെ വിട്ടു.
കോഴിക്കോട് ജില്ലയിൽ ഹോട്ടൽ ജോലിയും കല്പണിയും ചെയ്തു താമസിക്കുന്നുവെന്ന് കിട്ടിയ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശ്രീകുമാറിനെ കണ്ടെത്തുന്നത്.
1995ൽ ജയപ്രകാശ് മരിച്ച വിവരം അറിഞ്ഞപ്പോൾ തന്നെ ശ്രീകുമാർ നാടുവിട്ടിരുന്നു. അവസാനം കോഴിക്കോട് വന്ന് ഹോട്ടൽ ജോലി ചെയ്ത് വരുന്നതിനിടെ വിവാഹം കഴിച്ചു കുടുംബത്തോടൊപ്പം ചെറുവണ്ണൂരിൽ കഴിഞ്ഞു വരുകയായിരുന്നു. ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ. ബിനുകുമാർ, മാവേലിക്കര പൊലീസ് ഇൻസ്പെക്ടർ സി. ശ്രീജിത്, എ.എസ്.ഐ പി.കെ. റിയാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്കർ, സി.പി.ഒ എസ്. സിയാദ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.