ആലപ്പുഴ: കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾ മുഖേന കൃഷി ചെയ്ത ഓണപ്പൂക്കൾ മൂല്യവർധിത ഉൽപന്നമാക്കാൻ ജില്ലതല യൂനിറ്റുകൾ വരുന്നു. പൂക്കളിൽനിന്ന് അഗർബത്തിയും നിറങ്ങളും നിർമിക്കും. ഈ നിറങ്ങൾ ഉപയോഗിച്ച് ഇക്കോ പ്രിന്റ് ചെയ്ത തുണിത്തരങ്ങളും വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ. ‘
നിറപ്പൊലിമ’ എന്ന പേരിൽ ഓണവിപണിയിലേക്ക് നടത്തിയ പുഷ്പകൃഷിയിൽ മിച്ചം വന്ന പൂക്കളാണ് മൂല്യവർധിത ഉൽപന്നങ്ങളാക്കുന്നത്. വിളവെടുപ്പ് കഴിഞ്ഞ് അധികമായി നിൽക്കുന്ന ചെണ്ടുമല്ലി പൂക്കൾ ഉണക്കി അഗർബത്തി നിർമിക്കും.ഓരോ ജില്ലയിലെയും പൂക്കളുടെ ലഭ്യതക്കും മൂല്യവർധനവിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളും കണക്കാക്കിയാണ് യൂനിറ്റുകൾ സ്ഥാപിക്കുക. ബാക്കിയുള്ള ചെണ്ടുമല്ലി പൂക്കളിൽനിന്ന് പ്രകൃതിദത്തമായ നിറങ്ങൾ നിർമിക്കും.
ഇതുപയോഗിച്ചാണ് ഇക്കോ പ്രിന്റിങ് ചെയ്ത തുണിത്തരങ്ങൾ വിപണിയിലെത്തിക്കുക. പദ്ധതിയുടെ ഭാഗമായി ജില്ലകളിൽനിന്ന് തെരഞ്ഞെടുത്ത കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകിയിരുന്നു. നിലവിൽ തൃശൂരിൽ ചെണ്ടുമല്ലി പൂവിൽനിന്ന് അഗർബത്തി തയാറാക്കുന്ന യൂനിറ്റുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കുറഞ്ഞകാലയളവിൽ (45ദിവസം) ഉയർന്ന വിളവ് നൽകുന്ന ഹൈബ്രിഡ് ഇനങ്ങളാണ് കൃഷിക്കായി തെരഞ്ഞെടുത്തത്.
ജില്ലയിൽ ‘നിറപ്പൊലിമ’ എന്ന പേരിൽ പൂകൃഷിയും ‘ഓണക്കനി’ എന്ന പേരിൽ പച്ചക്കറികൃഷിയും ചെയ്തിരുന്നു. ജില്ലയിലാകെ 136.2 ഏക്കറിലാണ് കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ പൂവ് കൃഷി ചെയ്തത്. മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ജമന്തി പൂക്കളാണിത്. വിഷമില്ലാത്ത പച്ചക്കറികളും പൂക്കളും സ്വന്തംനാട്ടിൽതന്നെ ഉൽപാദിപ്പിക്കുന്നതിലൂടെ കുടുംബശ്രീയുടെ കീഴിലുള്ള കർഷകവനിതകൾക്ക് കൂടുതൽ തൊഴിലവസരംകൂടിയാണ് സൃഷ്ടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.